നിയമങ്ങള്‍ക്ക് ഒരാമുഖം-35
Imageസ്ത്രീധനമരുത്, സമ്മാനങ്ങളാവാം, ചോദിച്ചുവാങ്ങരുത്
ഡി.സുഗതന്‍
മിഥിലാപുരി രാജാവായിരുന്ന ജനകന് ഭൂമിയില്‍ നിന്നും കിട്ടിയ കുഞ്ഞിനെ പൊന്നുപോലെ വളര്‍ത്തി വലുതാക്കി രാജകുമാരിയാക്കി. അതാണ് സീതാദേവി. വളര്‍ത്തുമകളായിരുന്നെങ്കിലും സ്വന്തം മകളെപ്പോലെ തന്നെയായിരുന്ന ജനകന് സീതാദേവി. വിവാഹപ്രായമായതോടെ സീതാദേവിക്ക് സ്വയംവരം തീരുമാനിച്ച് വിളംബരം ചെയ്തു. സ്വയംവരത്തിനെത്തുന്ന രാജകുമാരന്മാര്‍ക്ക് ഒരു മത്സരത്തെ അതിജീവിക്കേണ്ടതുണ്ടായിരുന്നു. ശൈവചാപമായ ത്രൈയംബകം ജനകന് സ്വന്തമായിരുന്നു. ആ വില്ലെടുത്ത് കുലക്കുന്ന രാജകുമാരന് സീതാദേവി സ്വന്തം. പക്ഷേ ഇതൊരു കടുത്ത പരീക്ഷണം തന്നെയായിരുന്നു. അയ്യായിരം പേര്‍ ചേര്‍ന്നാണ് വില്ല് വലിച്ച് രാജസന്നിധിയില്‍ കൊണ്ടുവന്നത്. അങ്ങനെയുള്ള വില്ല് ആര്‍ക്ക് കുലയ്ക്കാന്‍ കഴിയും. അതാണ് പ്രശ്‌നം. സ്വയംവര പന്തലില്‍ മഹര്‍ഷി വിശ്വാമിത്രനോടൊപ്പം എത്തിയ അയോദ്ധ്യാപതി ദശരഥ മഹാരാജാവിന്റെ പുത്രന്‍ ശ്രീരാമചന്ദ്രന്‍ ത്രൈയംബകം വില്ല് എടുത്ത് കുലയ്ക്കുക മാത്രമല്ല അത് ഒടിക്കുകയും ചെയ്തു.
 
ഇടിവെട്ടും വണ്ണം വില്‍ മുറിഞ്ഞൊച്ച കേട്ട്
നടുങ്ങി രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ
മൈഥിലിമയില്‍ പേടപോലെ നൃത്തം ചെയ്താള്‍
അതാണ് സംഭവിച്ചത്. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. സാക്ഷാല്‍ സീതാദേവി ശ്രീരാമചന്ദ്രന്റെ കഴുത്തില്‍ വരണമാല്യം അര്‍പ്പിച്ചു. അവര്‍ വിവാഹിതരായി. ഇനിയാണ് കൗതുകകരമായ സംഭവം. വളര്‍ത്തുമകള്‍ സീതാദേവിക്ക് അച്ഛന്‍ ജനക മഹാരാജാവ് നല്‍കിയ വിവാഹ സമ്മാനങ്ങള്‍ എന്തൊക്കെയാണെന്നറിയേണ്ടേ...?
അറുന്നൂറ് ആനകള്‍, പതിനായിരം തേരുകള്‍, ഒരുലക്ഷം കുതിരകള്‍, ഒരുലക്ഷം ഭടന്മാര്‍, മുന്നൂറ് ദാസികള്‍, മുത്തുമാലകള്‍, വൈരാഭരണങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ ഇതിനെല്ലാം പുറമേ പ്രത്യേകം നൂറുകോടി സ്വര്‍ണ്ണാഭരണങ്ങളും. എങ്ങനെയുണ്ട്. നടുങ്ങിപ്പോയോ. നൂറുപവന്‍ സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങള്‍ ഒരു പെണ്‍കുട്ടിയെ അണിയിച്ചാല്‍ നാല്‍പ്പത് അഭരണങ്ങള്‍ കാണും. രണ്ടുകയ്യിലും പത്ത് വളകള്‍ വീതം, രണ്ടുകയ്യിലേയും എട്ടുവിരലുകളില്‍ എട്ടുമോതിരങ്ങള്‍, വിവിധ വലിപ്പത്തില്‍ ആറുമാലകള്‍, രണ്ട് പാദസരങ്ങള്‍, രണ്ട് കമ്മലുകള്‍, അരപ്പട്ട, നെറ്റിയില്‍ ചുട്ടി, ഇതാണ് നാല്‍പ്പത് ആഭരണങ്ങള്‍. സാമാന്യമായി ഒരുപെണ്‍കുട്ടി ഇത്രയുംകൊണ്ട് സര്‍വ്വാഭരണ വിഭൂഷിതയായെന്ന് പറയാം. നൂറുപവന്‍ നാല്‍പ്പത് ആഭരണങ്ങളാണെങ്കില്‍ നൂറുകോടി സ്വര്‍ണ്ണാഭരണങ്ങള്‍ എത്രടണ്‍ കാണും എന്നുകൂട്ടി നോക്കുക. ഇത്രയുമാണ് സീതാദേവിക്ക് കിട്ടിയ വിവാഹ സമ്മാനം. തുഞ്ചത്ത് എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണത്തില്‍ ഇക്കാര്യം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
 
കരികളറുന്നൂറം പതിനായിരം തേരും
തുരഗങ്ങളെയും നല്‍കിടിനാന്‍ നൂറായിരം
പത്തിയുമൊരുലക്ഷം, മുന്നൂറ് ദാസികളും
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം
മുത്തുമാലകള്‍ ദിവ്യരത്‌നങ്ങള്‍ പലതരം
പ്രത്യേകം നൂറുകോടി കാഞ്ചനാഭരണങ്ങളും
സീതാദേവിക്ക് കൊടുത്തീടിനാന്‍ ജനകനും
പുരാണത്തിലെ സീതാദേവിക്ക് ഇത്രയും കൊടുക്കാന്‍ അച്ഛന്‍ ജനക മഹാരാജാവിന് കഴിയുമായിരുന്നു. ശ്രീരാമന്‍ ചോദിച്ചിട്ടല്ല ഇത്രയും കൊടുത്തതും. എന്നാല്‍ ഇന്ന് ഇതെല്ലാം ചോദിച്ച് മേടിക്കുന്ന സ്ഥിതിവന്നു. കഴിവിനപ്പുറമുള്ള ആവശ്യങ്ങളുണ്ടായി. അപ്പോള്‍ സ്ത്രീധനം ഒരു മാരണമായി തീര്‍ന്നു. അങ്ങനെ നിയമങ്ങളുടെ ആവശ്യം ഉണ്ടായി. ഭരണഘടനയില്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും ശിക്ഷാ നിയമങ്ങളില്‍ ശക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും പ്രത്യേകം സ്ത്രീധന നിരോധന നിയമം ഉണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ സ്ത്രീക്ക് മതിയായ സംരക്ഷണം കിട്ടിയോ എന്നകാര്യം സംശയമാണ്. 2005-06 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ അനുസരിച്ച് ഇന്ത്യയിലെ 37.17% സ്ത്രീകളും പീഡനം അനുഭവിക്കുന്നവരാണ്. ഇതൊരു സര്‍വ്വേ ഫലം മാത്രം. യാഥാര്‍ത്ഥ്യം ഇതായിരിക്കുകയില്ല. കാരണം സ്ത്രീകള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് വീട്ടില്‍ വെച്ചാണ്. അത്തരം സംഭവങ്ങള്‍ പലരും പുറത്ത് പറയാറില്ല. പറഞ്ഞാല്‍ പ്രയോജനമില്ല എന്നതുകൊണ്ടാകാം പുറത്ത് പറയാന്‍ മടിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ ഇരുപത് മിനിട്ടിലും ഒരു സ്ത്രീയെങ്കിലും ഗാര്‍ഹീക പീഡനത്തിനിരയാകു ന്നുണ്ട്. ഇതെല്ലാം കണക്കുകള്‍ മാത്രം. എന്നാല്‍ പത്രമാധ്യമങ്ങളുടെ കണ്ണില്‍പ്പെടാത്ത പുറംലോകം അറിയാത്ത എത്രയോ പീഡനങ്ങള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അതെല്ലാം ആരോരുമറിയാതെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ വ്യസ്ഥകളോടെ 2005 ല്‍ ഒരു പുതിയ നിയമം കൊണ്ടുവരികയുണ്ടായി. നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് പുറമേയാണീ നിയമം. സ്ത്രീകള്‍ക്ക് സമാനതകളില്ലാത്ത അവകാശങ്ങള്‍ (unique) ഈ നിയമത്തില്‍ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഗാര്‍ഹീക പീഢനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം 2005 (The Protection of Woman from Domestic Violence Act, 2005) ശരിക്കും സ്ത്രീകളുടെ മാഗ്നാക്കാര്‍ട്ട തന്നെയാണ്. 2006 ഒക്ടോബര്‍ 26 ന് ഈ നിയമം പ്രാബല്യത്തില്‍ വന്നു.
 
37 വകുപ്പുകളാണ് ഈ നിയമത്തിലുള്ളത്. അഞ്ച് അദ്ധ്യായങ്ങളിലായി നിയമം വിശദ വിവരങ്ങള്‍ അവതരിപ്പിക്കുന്നു. ഗാര്‍ഹീക പീഡനത്തിന് വളരെ വിശാലമായ ഒരു നിര്‍വചനമാണ് ഈ നിയമത്തിന്റെ മൂന്നാം വകുപ്പില്‍ നല്‍കിയിരിക്കുന്നത്. ശാരീരിക പീഡനം, ലൈംഗീക പീഡനം, വാക്കാലും വൈകാരികവുമായുള്ള പീഡനം, സാമ്പത്തിക പീഡനം എന്നിങ്ങനെ ഗാര്‍ഹീക പീഡനത്തെ തരംതിരിച്ച് വിശദമായി ഉദാഹരണ സഹിതം പറഞ്ഞിരിക്കുന്നു. ഭാര്യയ്ക്ക് മാത്രമല്ല, മകള്‍ക്കും, സഹോദരിക്കും, അമ്മയ്ക്കും ഈ നിയമപ്രകാരം പരാതിനല്‍കാവുന്നതാണ്. ഇന്നേ വരെ കേട്ടുകേഴ്‌വിയില്ലാത്ത അസാധാരണമായ ചില ഉത്തരവുകള്‍ പുരുഷനെതിരെ പുറപ്പെടുവിക്കാനുള്ള അധികാരം ഈ നിയമം കോടതിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഉത്തരവ് ഏതെങ്കിലും സ്ത്രീക്കെതിരെ പാസ്സാക്കാന്‍ പാടില്ല എന്നും നിയമം പറയുന്നുണ്ട്. സ്ത്രീ വാദിയാണെങ്കിലും പ്രതിയാണെങ്കിലും അവളെ വഴിയാധാരമാക്കരുതെന്ന ഒരു പ്രത്യേക സമീപനമാണ് ഈ നിയമത്തിലുടനീളം കാണാന്‍ കഴിയുന്നത്.
 
പക്ഷേ സ്ത്രീകള്‍ക്ക് ഇത്രയും പ്രയോജനകരമായ ഈ നിയമത്തെക്കുറിച്ച് അവരറിയേണ്ടേ...? അവരതറിഞ്ഞില്ലെങ്കില്‍ നിയമം ഉണ്ടായിട്ടെന്ത് പ്രയോജനം. ഇക്കാര്യത്തില്‍ വ്യാപകമായ  പ്രചരണങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ നടത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ ഫലപ്രദമായ നടപ്പാക്കലിനായി കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ചട്ടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.  ഈ ചട്ടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് പരാതി ബോധിപ്പിക്കുവാനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിര്‍വചനങ്ങള്‍ക്ക് ഉദാഹരണസഹിതമുള്ള വിശദീകരണവും ചട്ടങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ അനുഭവിച്ചുവരുന്ന എല്ലാവിധമായ ഗാര്‍ഹിക പീഡനങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന ഈ നിയമത്തെക്കുറിച്ച് വിശദമായി അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

(തുടരും....)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls