| നിയമങ്ങള്‍ക്ക് ഒരാമുഖം-34 |
നിയമമുണ്ട് നാരിക്ക് കൂട്ട്ഡി.സുഗതന്‍ നിയമം മഹാസമുദ്രം പോലെയാണ്. ഒരു പുരുഷായുസ്സ് മുഴുവന്‍ പഠിച്ചാലും എഴുതിയാലും എങ്ങും എത്തുകയില്ല. ആ മഹാസമുദ്രത്തിന്റെ കരയില്‍ നിന്നുകൊണ്ട് ഒരു കൈക്കുമ്പിളില്‍ അല്പം കോരിയെടുക്കാനുള്ള ഒരുശ്രമം മാത്രമാണ് ലേഖകന്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. നിയമത്തിന്റെ പൊതുവായ ഒരു ചരിത്രവും ഇന്ത്യന്‍ ഭരണഘടന, പ്രധാനപ്പെട്ട വലുതും ചെറുതുമായ ശിക്ഷാ നിയമങ്ങള്‍, ഭൂനിയമങ്ങള്‍, പ്രധാനപ്പെട്ട തൊഴില്‍ നിയമങ്ങള്‍ എന്നീ ക്രമത്തിലാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. നിയമങ്ങള്‍ക്ക് ഒരു ആമുഖം കുറിക്കാന്‍ മാത്രമേ ഈ പരിശോധനയില്‍ കഴിഞ്ഞിട്ടുള്ളൂ. ദൈനംദിന ജീവിതത്തില്‍ ആവശ്യം വരുന്ന നിയമങ്ങളെക്കുറിച്ച് ഏകദേശ ധാരണ വായനക്കാര്‍ക്ക് ഉണ്ടായിക്കാണുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഈ ശ്രമത്തില്‍ ലേഖകന്‍ ധന്യനായി. ഇനി പരിശോധിക്കുവാനുള്ളത് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നിയമ പരിരക്ഷകളെക്കുറിച്ചാണ്. ആദ്യമായി ഭാരതസത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള നിയമ പരിരക്ഷകള്‍ പരിശോധിക്കാം. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഭാരത്തില്‍ എല്ലാ കാലത്തും സ്ത്രീകള്‍ക്ക് ഉന്നത പദവിയും സംരക്ഷണവും നല്‍കിപോന്നിട്ടുണ്ട്. സ്വര്‍ഗ്ഗത്തേക്കാളും വലുതായി നാം കാണുന്ന ജന്മഭൂമിയെ മാതാവായിട്ടാണ് കല്‍പിക്കുന്നത്. ഭാരതമാതാവ് എന്നാണ് പിറന്ന നാടിനെ നാം വിളിച്ചുപോരുന്നത്. സ്ത്രീത്വത്തിനും മാതൃത്വത്തിനും ഭാരതീയ ജനത നല്‍കുന്ന അങ്ങേയറ്റത്തെ ആദരവും ബഹുമാനവുമാണ് ഇത് കാണിക്കുന്നത്. ഈ പരമ്പരയുടെ ആദ്യം ചര്‍ച്ച ചെയ്തതുപോലെ, ഇന്നത്തെ നിയമങ്ങളുടെയെല്ലാം പൂര്‍വ്വസൂരികളായിരുന്ന മനുസ്മൃതിയുടേയും അര്‍ത്ഥ ശാസ്ത്രത്തിന്റേയും കാലഘട്ടത്തില്‍ ഭാരതസ്ത്രീകള്‍ക്ക് വലിയ ബഹുമാനവും അംഗീകാരവും സംരക്ഷണവും നല്‍കി വന്നിരുന്നു. മനുസ്മൃതിയില്‍ നിന്നും സൗകര്യപൂര്‍വ്വം അടര്‍ത്തിയെടുത്ത ചില വരികളുടെ ബലത്തില്‍ മനു സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണെന്ന് പ്രചരിപ്പിച്ച് ചില സംഘടനകള്‍ അടുത്തകാലത്ത് മനുസ്മൃതിയുടെ കോപ്പികള്‍ പരസ്യമായി തീയിട്ട് പ്രതിഷേധിക്കുകയും ചെയ്തു കാണുകയുണ്ടായി. ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”എന്ന് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നു എന്നാണ് പരാതി. പക്ഷേ അതിന് മുമ്പ് മൂന്നുവരി ശ്ലോകം കൂടിയുള്ളത് അവര്‍ വിട്ടുകളഞ്ഞു. അതുകൂടി ചേര്‍ത്തുവേണം ഈ സ്മൃതിഭാഗം വായിക്കുവാന്‍. അതിപ്രകാരമാണ്. 'പിതാരക്ഷതികൗമാരേ ഭര്‍ത്താ രക്ഷതി യൗവ്വനേ പുത്രോരക്ഷതി വാര്‍ദ്ധക്യേ ന:സ്ത്രീസ്വാതന്ത്ര്യമര്‍ഹതി'” ജനനം മുതല്‍ കൗമാരപ്രായം കടക്കുന്നതുവരെ സ്ത്രീയെ പിതാവ് സംരക്ഷിക്കും. യൗവ്വനകാലത്ത് ഭര്‍ത്താവ് സംരക്ഷിക്കും. വാര്‍ദ്ധക്യത്തിലെത്തുന്ന സ്ത്രീയെ പുത്രന്‍ സംരക്ഷിക്കും. അതായത് ജീവിതകാലം മുഴുവന്‍ സ്ത്രീക്ക് സംരക്ഷണം നല്‍കാന്‍ സ്മൃതി ആവശ്യപ്പെടുന്നു. അങ്ങനെ പരിപൂര്‍ണ്ണ സംരക്ഷണയില്‍ കഴിയുന്ന സ്ത്രീക്ക് പിന്നെന്തുവേണം. ഇത് അന്നത്തെ നിയമം ആയിരുന്നു. കാലാന്തരത്തില്‍ ഉണ്ടായ നിയമങ്ങളും ഈ സ്മൃതി വാക്യങ്ങള്‍ക്കനുസരിച്ചുള്ളവയാണ്. കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടെന്നുമാത്രം. “പിതാരക്ഷതി കൗമാരേ” ഇല്ലെങ്കില്‍ പിതാവിനോട് ചെലവ് ആവശ്യപ്പെടാന്‍ ഇപ്പോള്‍ നിയമം ഉണ്ട്. അതാണ് ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പ്. നേരത്തെ ഈ വകുപ്പിനെക്കുറിച്ച് ശിക്ഷാനിയമങ്ങള്‍ ചര്‍ച്ച ചെയ്ത അവസരത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിവാഹശേഷം ഭര്‍ത്താരക്ഷതി യൗവ്വനേ ഇല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ചെലവിന് കിട്ടാന്‍ സ്ത്രീക്ക് നിയമസംരക്ഷണം ഉണ്ട്. വാര്‍ദ്ധക്യ കാലത്ത് പുത്രന്‍ അന്വേഷിക്കാതെ അവഗണിച്ചാല്‍ അതിനും നിയമസംരക്ഷണം ഉണ്ട്. ഈ അവസരങ്ങളിലെല്ലാം മുകളില്‍ പറഞ്ഞ 125-ാം വകുപ്പനുസരിച്ചാണ് സ്ത്രീകള്‍ക്ക് പരിരക്ഷ നേടാന്‍ കഴിയുന്നത്. അതായത് പഴയ മനുസ്മൃതിയുടെ സ്ഥാനത്ത് ഇപ്പോള്‍ നിയമങ്ങളുടെ സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കും എന്നര്‍ത്ഥം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ത്രീയുടെ ഉപജീവനം സംബന്ധിച്ചാണ്. ഇനി സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തുവാന്‍ എന്തെല്ലാം നിയമവ്യവസ്ഥകള്‍ ഉണ്ടെന്ന് പരിശോധിക്കാം. ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകള്‍ സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നുമാത്രമല്ല അവരുടെ സംരക്ഷണത്തിനാവശ്യമായ നിയമ നിര്‍മ്മാണം രാഷ്ട്രം നടത്തണമെന്നും ഭരണഘടന നിര്‍ദ്ദേശിക്കുന്നുണ്ട്. ഭരണഘടന നിലവില്‍ വരുന്നതിന് വളരെ മുമ്പ് തന്നെ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ സ്ത്രീകളുടെ മാനം രക്ഷിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1860ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകള്‍ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് നല്‍കുന്നു. 354-ാം വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേര്‍ക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. 509-ാം വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ മാനത്തിന് ഭംഗംവരുന്ന തരത്തില്‍ എന്തെങ്കിലും വിളിച്ചുപറയുകയോ, എന്തെങ്കിലും ശബ്ദം ഉണ്ടാക്കുകയോ, ആഗ്യം കാണിക്കുകയോ എന്തെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ മന:പൂര്‍വ്വമായി ചെയ്താല്‍ ഒരുവര്‍ഷം വരെ വെറും തടവും അല്ലെങ്കില്‍ പിഴയോ രണ്ടും കൂടെയോ ശിക്ഷയാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിന് മുമ്പ് തന്നെ ഭാരത സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഈ നിയമ വ്യവസ്ഥകള്‍ നമ്മുടെ രാജ്യം സ്ത്രീകളുടെ കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നു എന്നതിന് തെളിവാണ്.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പുതിയ രൂപത്തില്‍ ആധുനിക സമൂഹത്തില്‍ കണ്ടു തുടങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതിയ ചില വകുപ്പുകള്‍ സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 1983 ല്‍ 498 എ എന്ന വകുപ്പും 1986ല്‍ 304 ബി എന്ന വകുപ്പും ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേര്‍ത്തതാണ്. 304 ബി വകുപ്പ് സ്ത്രീധന മരണം നിര്‍വചിക്കുകയും അതിനുള്ള ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ വകുപ്പനുസരിച്ച് വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ അസാധാരണ സാഹചര്യത്തില്‍ പൊള്ളലേറ്റോ, മറ്റ് പരിക്കേറ്റോ ഒരു സ്ത്രീ മരിക്കാനിടയായാല്‍ പ്രസ്തുത മരണത്തിന് തൊട്ട് മുന്‍പ് അവരുടെ ഭര്‍ത്താവില്‍ നിന്നോ, ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ ക്രൂരമായ പെരുമാറ്റവും പീഡനവും ഉണ്ടാവുകയോ, സ്ത്രീധനം ചോദിച്ചുകൊണ്ടുള്ള പീഡനം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അപ്രകാരമുള്ള മരണത്തെ സ്ത്രീധനമരണം എന്ന് വിളിക്കാവുന്നതും ഭര്‍ത്താവോ ബന്ധുക്കളോ മരണത്തിന് ഉത്തരവാദികളാകുന്നതുമാണ്. ഈ കുറ്റത്തിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത കഠിന തടവ് ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഈ ശിക്ഷ ജീവപര്യന്തം കഠിനതടവ് വരെയും നീളാം. 498 എ വകുപ്പ് പ്രകാരം ഭര്‍ത്താവോ ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുക്കളോ ഭാര്യയായ സ്ത്രീയോട് ക്രൂരതകാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇത്തരം കേസുകളില്‍ സാധാരണ ഭര്‍ത്താവും അയാളുടെ അമ്മയും സഹോദരിമാരും ഒക്കെ പ്രതികളാകാറുണ്ട്. നവവധുവിനോട് സ്ത്രീധനത്തിന്റെ പേരിലും മറ്റും പീഡനങ്ങള്‍ സര്‍വ്വ സാധാരണമായതിനെ തുടര്‍ന്നാണ് ഈ വകുപ്പ് നിയമത്തില്‍ ചേര്‍ത്തത്. ഈ വകുപ്പ് വന്നതിനുശേഷം ഇത്തരം പീഡന സംഭവങ്ങള്‍ കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. ശിക്ഷ ഭയന്ന് നിയമത്തെ അനുസരിക്കാന്‍ തുടങ്ങിയതായി കണക്കാക്കാം. സമൂഹത്തില്‍ വ്യാപകമായ രീതിയില്‍ സ്ത്രീകളോടുള്ള പീഡനങ്ങള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സ്ത്രീധനനിരോധന നിയമം നടപ്പാക്കിയത്. 1961ല്‍ നടപ്പാക്കിയ ഈ കേന്ദ്ര നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. കേവലം പത്ത് വകുപ്പുകള്‍ മാത്രമുള്ള ഒരു ചെറിയ നിയമമാണിത്. പ്രസ്തുത നിയമത്തിലെ രണ്ടാം വകുപ്പ് സ്ത്രീധനം നിര്‍വചിച്ചിട്ടുണ്ട്. ഒരു വിവാഹത്തിലെ കക്ഷികളോ അവരുടെ രക്ഷിതാക്കളോ മറ്റാരെങ്കിലുമോ വിവാഹസമയത്തോ അതിന് മുമ്പോ അതിന് ശേഷമോ വിവാഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സ്വത്തോ, മൂല്യമുള്ള ഈടോ അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുകയോ കൊടുക്കാന്‍ സന്ധിചെയ്യുകയോ ചെയ്യുന്നതിനെയാണ് സ്ത്രീധനം എന്ന് നിര്‍വചിച്ചിരിക്കുന്നത്. ഈ വകുപ്പ് സ്ത്രീക്കും പുരുഷനും ബാധകമാണ്. എന്നാല്‍ മുസ്ലീം ഷാരിയത്ത് നിയമപ്രകാരം വിവാഹ സമയത്ത് കൊടുക്കുന്ന മഹര്‍ ഈ ഗണത്തില്‍ വരുന്നില്ലെന്നും വകുപ്പ് പറയുന്നുണ്ട്. മഹര്‍ സ്ത്രീധനമല്ല എന്ന് സാരം.എന്നാല്‍ വിവാഹസമയത്ത് വധുവിനോ വരനോ രക്ഷിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമായി കണക്കാക്കുകയില്ലാ എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങുന്നതാകാന്‍ പാടില്ല. സ്വമേധയാ കൊടുക്കുന്നതായിരിക്കുകയും വേണം. പ്രസ്തുത നിയമത്തില്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ഇത്തരം സമ്മാനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണമെന്ന് വ്യവസ്ഥയുണ്ട്. നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിന് പ്രേരണ നല്‍കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സമ്മാനങ്ങള്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികളുടെ കഴിവിനനുസരിച്ചായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കഴിവുള്ളവര്‍ക്ക് മകള്‍ക്ക് എത്ര വിലയുള്ള സമ്മാനങ്ങളും നല്‍കാമെന്ന് പുരാണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. സീതാദേവിക്ക് വളര്‍ത്തച്ഛനായ ജനകമഹാരാജാവ് സ്വയംവരാനന്തരം കൊടുത്ത സമ്മാനങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ. അതുകേട്ടാല്‍ ഞടുങ്ങിപ്പോകും. അദ്ധ്യാത്മ രാമായണം ബാലകാണ്ഡം അവസാനം സീതാസ്വയംവരം വര്‍ണ്ണിക്കുന്ന ഭാഗത്ത് തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതുന്നത് നോക്കാം. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

നിയമമുണ്ട് നാരിക്ക് കൂട്ട്
-°C 