നിയമങ്ങള്‍ക്ക് ഒരാമുഖം-32
Imageതൊഴില്‍ രംഗത്തെ അധാര്‍മ്മിക പ്രവണതകള്‍
ഡി.സുഗതന്‍
തൊഴില്‍തര്‍ക്ക നിയമവും ഇതര തൊഴില്‍ നിയമങ്ങളും പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതോടെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും എളുപ്പമായി. സര്‍ക്കാരുകളില്‍ തൊഴില്‍ വകുപ്പും, വകുപ്പിന് പ്രത്യേകം മന്ത്രിമാരും ഉണ്ടായി. ലേബര്‍കോടതികളും ട്രൈബ്യൂണലുകളും സജീവമായി. ട്രേഡ് യൂണയനുകള്‍ നാടെങ്ങും കൂണുപോലെ മുളച്ചു. പലസ്ഥാപനങ്ങളിലും ട്രേഡ് യൂണിയനുകളുടെ ബാഹുല്യം ഉണ്ടായി. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഈ യൂണിയനുകളുടെ വര്‍ദ്ധനവ് പലപ്പോഴും തടസ്സം സൃഷ്ടിച്ചു. നിയമത്തിന്റെ പഴുതുകള്‍ തൊഴിലാളികളും തൊഴിലുടമകളും അവരുടെ സംഘടനകളും അവരവരുടെ കാര്യസാധ്യത്തിനായി ഉപയോഗിച്ച് തുടങ്ങി. തൊഴിലാളികളെയും അവരുടെ യൂണിയനുകളെയും നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ തൊഴിലുടമകള്‍ കണ്ടുപിടിച്ചു. അതുപോലെ തന്നെ തൊഴിലുടമകളെ വരുതിയിലാക്കുന്ന തന്ത്രങ്ങള്‍ തൊഴിലാളികളും അവരുടെ യൂണിയനുകളും കണ്ടുപിടിക്കാന്‍ തുടങ്ങി. ഇതോടെ തൊഴില്‍ രംഗത്ത് അനഭിലഷണീയമായ ചില പ്രവണതകള്‍ കണ്ട് തുടങ്ങി.
 
തികച്ചും അധാര്‍മ്മികമെന്ന് തന്നെ പറയാവുന്ന ഈ പ്രവണതകള്‍ സര്‍ക്കാരിന്റേയും നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരുടെയും ശ്രദ്ധയില്‍പ്പെട്ടു. ന്യായാസനങ്ങളും നിയമനിര്‍മ്മാണസഭകളും ഇതേക്കുറിച്ച് ഗൗരവതരമായി ആലോചനകള്‍ നടത്തി. തൊഴില്‍ രംഗത്തെ ഇത്തരം അധാര്‍മ്മിക പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും അവ കുറ്റകരവും ശിക്ഷാര്‍ഹവുമാക്കുന്നതിനും തീരുമാനമുണ്ടായി. അങ്ങനെയാണ് 1982ലെ ഒരു ഭേദഗതി പ്രകാരം തൊഴില്‍ തര്‍ക്കനിയമത്തില്‍ ഇതിനായി അഞ്ച്-സി എന്ന ഒരു അദ്ധ്യായം പുതിയതായി ചേര്‍ത്തത്. ഈ അദ്ധ്യായത്തില്‍ 25-റ്റി , 25-യു  എന്ന രണ്ടു വകുപ്പുകളാണുള്ളത്. തൊഴില്‍ രംഗത്തെ അധാര്‍മ്മികമായ പ്രവണതകള്‍ എന്നാല്‍ ഏതൊക്കെയാണെന്ന് പ്രസ്തുത ഭേദഗതിപ്രകാരം കൂട്ടിച്ചേര്‍ത്ത അഞ്ചാംപട്ടികയില്‍ വിവരിച്ചിരിക്കുന്നു. ഇത്തരം അധാര്‍മ്മികമായ നടപടികള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവരുടെ യൂണിയനുകളുടെയും ഭാഗത്തുനിന്നും ഉണ്ടാകാവുന്നവ തരംതിരിച്ച് പട്ടികയില്‍ വെവ്വേറെ പറഞ്ഞിട്ടുണ്ട്.
 
തൊഴിലുടമകളുടെയും അവരുടെ ട്രേഡ് യൂണിയനുകളുടെയും ഭാഗത്തുനിന്നും ഉണ്ടാകാവുന്ന 16 ഇനം അധാര്‍മ്മിക നടപടികള്‍ പട്ടികയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
തൊഴിലാളികളെ അവരുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും കൂട്ടായ വിലപേശലില്‍ നിന്ന് തടയുകയും സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ച് അവരുടെ സംഘടിക്കാനുള്ള അവകാശത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് അധാര്‍മ്മിക പ്രവര്‍ത്തിയുടെ ഗണത്തില്‍ വരും. ഏതെങ്കിലും ട്രേഡ് യൂണിയനില്‍ ചേര്‍ന്നാല്‍ ജോലിയില്‍ നിന്ന്  പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുക, തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിച്ചാല്‍ സ്ഥാപനം അടച്ചിടുമെന്നും, പൂട്ടിയിടുമെന്നും ഭീഷണിപ്പെടുത്തുക, ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളി ചോദിക്കാതെ കൂലികൂട്ടുക തുടങ്ങിയ നടപടികളാണ് ഈ ഒന്നാമത്തെയിനത്തില്‍ വരുന്നത്.
 
അടുത്തത് ട്രേഡ് യൂണിയനെ അമിതമായി പ്രീണിപ്പിക്കലാണ്. ട്രേഡ് യൂണിയന് സാമ്പത്തിക സഹായം നല്‍കുകയും, പരസ്യമായി പിന്തുണയ്ക്കുകയും, യൂണിയന്‍ കാര്യങ്ങളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്തിക്കൊണ്ട് ട്രേഡ് യൂണിയനുമേല്‍ തൊഴിലുടമ ആധിപത്യം സ്ഥാപിക്കുക. ഉദാഹരണമായി സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികളുടെ യൂണിയന്‍ തൊഴിലുടമ താല്പ്പര്യമെടുത്തു സംഘടിപ്പിക്കുക, പല യൂണിയനുകളുള്ള സ്ഥാപനത്തില്‍ തൊഴിലുടമ പ്രത്യേക യൂണിയനോട് താല്പ്പര്യം കാണിക്കുകയും, അവര്‍ക്കുമാത്രം ആനുകൂല്യം കൊടുക്കുകയും ചെയ്യുകയും, അംഗീകാരമില്ലാത്ത യൂണിയനെ സഹായിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls