നിയമങ്ങള്‍ക്ക് ഒരാമുഖം-16
Imageഫ്യൂഡലിസത്തിന്റെ ഉയര്‍ച്ചയും പതനവും
ഡി. സുഗതന്‍
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതി പുരാതന സമൂഹങ്ങളിലും ഇന്നും മനുഷ്യന്റെ മുഖ്യതൊഴിലും ജീവനോപാധിയും കൃഷിയാണെന്നതില്‍ രണ്ടുപക്ഷമില്ല. കൃഷി ചെയ്യുന്നത് ഭൂമിയിലും. ചരിത്രാതീത കാലംമുതല്‍ മനുഷ്യനും ഭൂമിയുമായി ഉണ്ടായിരുന്ന ഈ ആത്മബന്ധം, നമ്മുടെ മഹത്തായ സംസ്‌കാരത്തേയും, പാരമ്പര്യത്തേയും, ആചാരങ്ങളേയും വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഈ സാംസ്‌കാരിക വളര്‍ച്ചയും, പുത്തന്‍ വികസനവും ഭൂമിസംബന്ധമായ നിയമനിര്‍മ്മാണം അനിവാര്യമാക്കി. അങ്ങനെ ഭൂനിയമങ്ങള്‍ ഉണ്ടായി.
 
മനുഷ്യന്‍ ആദികാലത്ത് സംഘങ്ങളായി ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഗോത്രങ്ങളുണ്ടായി. അത് വളര്‍ന്ന് രാജ്യങ്ങളും രാജാധികാരവും ഉണ്ടായി. ഈ കാലഘട്ടങ്ങളിലെല്ലാം ഭൂമിയില്‍ അധികാരാവകാശങ്ങള്‍ നിശ്ചയിച്ചിരുന്നത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലായിരുന്നു. കൈക്കരുത്തും ആള്‍ബലവും ഉള്ളവന്‍ ഭൂമി കയ്യടക്കിവെച്ചു. രാജാക്കന്മാര്‍ അവരെ പ്രോത്സാഹിപ്പിച്ചു. പിന്നീട് എല്ലാ ഭൂമിയുടേയും അവകാശി രാജാവായി തീര്‍ന്നു. രാജാവ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടംപോലെ ഭൂമി കരംഒഴിവായും അല്ലാതെയും പതിച്ച് നല്‍കി. വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും ഇപ്രകാരം ഭൂമി ലഭിച്ചു. അങ്ങനെ വന്‍കിട ജന്മിമാരും ദേവസ്വങ്ങളും ബ്രഹ്മസ്വങ്ങളും രാജ്യത്തെ ഭൂമിയുടെ അധിപന്മാരായി. ആയിരക്കണക്കിനും പതിനായിരക്കണക്കിനും ഏക്കര്‍ഭൂമി വന്‍കിട ജന്മിമാരുടെ അധീനതയില്‍ വന്നുചേര്‍ന്നു. ധര്‍മ്മശാസ്ത്രങ്ങളുടേയും സ്മൃതികളുടേയും ശ്രുതികളുടേയും പേരുപറഞ്ഞുകൊണ്ട് ഇവര്‍ മനുഷ്യനെ തരംതിരിച്ച് നിര്‍ത്തി. വേദശാസ്ത്രങ്ങളുടെ മറവില്‍ഒരു ചെറിയ വിഭാഗം ആളുകള്‍ എല്ലാ അധികാരങ്ങളും കയ്യടക്കി. ബഹുഭൂരിപക്ഷം മനുഷ്യര്‍ ഭൂമിയില്‍ യാതൊരവകാശവും ഇല്ലാത്തവരും ഭൂമിയില്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായി. ഭൂമിയുടെ ഉടമകളായ ജന്മിമാര്‍ ഒരു ജോലിയും ചെയ്യാതെ സുഖമായി ജീവിച്ചു.
 
വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തപ്പെട്ട പാവപ്പെട്ടവര്‍ ഭൂമിയില്‍ പണിക്കാരായി. ജന്മിയുടെ പുരയിടത്തില്‍ കൂരകെട്ടി അവിടെ താമസിച്ചു. അരഏക്കറോ മുക്കാല്‍ ഏക്കറോ വരുന്ന പുരയിടത്തിലെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ കുടില്‍ കെട്ടി താമസിച്ച ഇവരെ കുടികിടപ്പുകാര്‍ എന്നുവിളിച്ചു. ഇവര്‍ക്ക് ഭൂമിയില്‍ യാതൊരവകാശവുമില്ല. കൃത്യമായി ജന്മിയും ആള്‍ക്കാരും വന്ന് വസ്തുവിലെ ആദായം എടുത്തുകൊണ്ടുപോകും. തെങ്ങ് കൃഷിയാണ് പുരയിടങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നത്. ഇപ്പോഴും അങ്ങനെതന്നെ. തേങ്ങയിടാന്‍ ജന്മിയുടെ ആള്‍ക്കാര്‍ വരുമ്പോള്‍ കുലയില്‍ കുറവ് കണ്ടാല്‍ കുടികിടപ്പുകാരന്‍ ഒന്നിന് രണ്ടുവീതം പിഴയായി നല്‍കണം. ഒരു പ്രാവശ്യം തേങ്ങയിടുമ്പോള്‍ പത്തുതേങ്ങ കുടികിടപ്പുകാരന് നല്‍കും. വേറെ യാതൊരു ആനുകൂല്യവും ഇല്ല.
ആണ്ടിലൊരിക്കല്‍ പുരമേയാന്‍ ആ പുരയിടത്തില്‍ നിന്നുള്ള ഓലയും നല്‍കും. നെല്‍പ്പാടങ്ങളില്‍ മിക്കവാറും ദളിതരാണ് ജോലിക്കാര്‍. അവര്‍ കഠിനാധ്വാനം ചെയ്ത് നെല്ല് വിളവിക്കും. പാകമാകുമ്പോള്‍ ജന്മി അതെല്ലാം കൊയ്‌തെടുത്ത് അയാളുടെ അറപ്പുരയും പത്തായപ്പുരയും നിറയ്ക്കും. പാടത്തെ കൃഷി ചെയ്യുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് കഷ്ടിച്ച് കഞ്ഞികുടിക്കാന്‍ മാത്രം അല്പം നെല്ല് കൊടുത്താല്‍ ഭാഗ്യം. കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ വീണുകിടക്കുന്ന നെല്ല് ഈ പാവപ്പെട്ടവര്‍ പെറുക്കിയെടുത്ത് അരിയാക്കി ഉപയോഗിക്കും. ഇതിനെ കാലാപെറുക്ക്’എന്നാണ് പറഞ്ഞുപോന്നത്.
 
ഇപ്രകാരം ജന്മിമാര്‍ ധാരാളം ഭൂമി കൈവശം വെച്ചനുഭവിച്ച് പോന്നതിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തുന്നത് കൗതുകകരമായിരിക്കും. ഈ ലേഖകന്‍ ജനിച്ച് വളര്‍ന്നത് ഒരു കായലോരഗ്രാമത്തിലാണ്. ലേഖകന്റെ ഓര്‍മ്മയില്‍ ആപ്രദേശത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഒരു ജന്മിയുടെ കുടികിടപ്പുകാരായിരുന്നു. ആപ്രദേശത്തെ പുരയിടങ്ങള്‍ക്കെല്ലാം പേരുണ്ട്. അവിടെ താമസിക്കുന്നവരുടെ വീട്ടുപേരും അതായിരിക്കും. ഒരു പുരയിടത്തിന്റെ പേര് കുടകുത്തുംപറമ്പ് എന്നാണ്. ജന്മി തേങ്ങയിടാന്‍ വരുമ്പോള്‍ അയാളുടെ കുടകുത്തി നിര്‍ത്തി ഈ പുരയിടത്തിലാണ് വിശ്രമിച്ചിരുന്നത്. മറ്റൊരു പുരയിടത്തിന്റെ പേര് തേങ്ങാക്കൂട് എന്നാണ്. തേങ്ങ ശേഖരിച്ച് സൂക്ഷിക്കുന്ന സ്ഥലം എന്നത് വ്യക്തം. വേറൊരു പുരയിടത്തിന്റെ പേര് കന്നിട്ടയില്‍ എന്നാണ്. ഇവിടെ കൊപ്ര ശേഖരിക്കുന്ന സ്ഥലം ആയിരുന്നിരിക്കണം. ദളിതരായ തൊഴിലാളികള്‍ താമസിച്ചിരുന്ന വീടുകള്‍ക്ക് തറ എന്നുവിളിച്ചിരുന്നു. ലേഖകന്റെ നാട്ടിലെ ചില വീട്ടുപേരുകള്‍ ഇങ്ങനെയാണ്. ചീരന്‍തറ, കണ്ണച്ചിത്തറ, വള്ളുവന്‍തറ, ചെറുപെണ്ണതറ, ചാത്തന്‍തറ, കണ്ടനാട്ടുതറ, കോടാന്തറ തുടങ്ങിയ വീട്ടുപേരുകൊണ്ട് വ്യക്തമാകുന്നത് ആ പേരുള്ള ദളിത് തൊഴിലാളി അവിടെ താമസിച്ചിരിക്കണം എന്നാണ്.
 
കേരളത്തില്‍ സ്ഥിതി ഇതായിരുന്നെങ്കില്‍ വടക്കേ ഇന്ത്യയില്‍ സെമിന്താരി സമ്പ്രദായം നിലനിന്നിരുന്നു. അവിടെ ശരിക്കും ഭൂമിയില്‍ പണിയെടുത്തിരുന്നവര്‍ അടിമകളായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ഇതിനെല്ലാം മാറ്റമുണ്ടായി. സെമിന്താരി സമ്പ്രദായം അവസാനിച്ചു. അടിമപ്പണി ഭരണഘടനാ വ്യവസ്ഥകളിലൂടെ ഇല്ലാതാക്കി. തൊട്ടുകൂടായ്മ നിരോധിച്ചു. പൗരാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതായി വ്യവസ്ഥചെയ്യപ്പെട്ടു. മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമായി. ഭൂമിയുടെ അവകാശം യഥാര്‍ത്ഥ കര്‍ഷകന് നല്‍കാനുള്ള നിയമനിര്‍മ്മാണങ്ങളുണ്ടായി. എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ ആരംഭിക്കുകയും ചെയ്തു. 1950 ല്‍ നിലവില്‍വന്ന ഇന്ത്യന്‍ ഭരണഘടന നിരവധി ഭരണഘടനാ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചു. അതിലൊന്നാണ് കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍. പ്ലാനിംഗ് കമ്മീഷനാണ് എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കാര നിയമങ്ങളുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചത്. അതിനുള്ള മനദണ്ഡങ്ങളും കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കയച്ചുകൊടുക്കുകയുണ്ടായി. കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം ആദ്യമായി അധികാരത്തില്‍ വന്ന ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ആദ്യത്തെ ഭൂനിയമം നിര്‍മ്മിച്ചത്.
 
കാര്‍ഷികബന്ധനിയമം (Kerala Agrarian Relations Act) എന്നായിരുന്നു നിയമത്തിന്റെ പേര്. പ്രസ്തുത നിയമത്തില്‍ ഭരണഘടനാ വിരുദ്ധമായ പല വ്യവസ്ഥകളും ഉള്ളതായി പരാതികളുണ്ടായതിനെ തുടര്‍ന്ന് 05.12.1961 ല്‍ സുപ്രീംകോടതി പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും അസാധുവാക്കുകയും ചെയ്തു. കോടതി ചൂണ്ടിക്കാണിച്ച കുറവുകളെല്ലാം പരിഹരിച്ചുകൊണ്ട് കേരള ഭൂപരിഷ്‌കരണ നിയമം(Kerala Land Reforms Act-1963) 1963ല്‍ കേരള നിയമസഭ പാസ്സാക്കുകയുണ്ടായി. 1964 ലെ ഒന്നാം ആക്ട് എന്നാണ് ഈ നിയമത്തെ വിളിക്കുന്നത്. ഭൂനിയമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യമായി പരിശോധിക്കേണ്ടത് കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളാണ്. മറ്റ് പ്രധാനപ്പെട്ട ഭൂനിയമങ്ങളും നമ്മുടെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടവയാണ്.
 
ഭൂമിഏറ്റെടുക്കല്‍ നിയമം (Land Acquisition Act, 1894) കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (Kerala Government Land Assignment Act, 1960) കേരള ഭൂമി സംരക്ഷണ നിയമം (Kerala Land Conservancy  Act, 1957) ഭൂവികസന നിയമം (Kerala Land Development Act, 1964) ഭൂവിടുതല്‍ നിയമം (Kerala Land Relinquishment Act, 1958) കേരള വനനിയമം (Kerala Forest Act, 2003) റവന്യൂ ഈടാക്കല്‍ നിയമം (Kerala Revenue Recovery Act, 1968) അളവും അതിരുനിര്‍ണ്ണയവും നിയമം (Kerala Survey and Boundaries Act, 1961) ദുരന്ത നിവാരണ നിയമം (Disaster Management Act, 2005) തുടങ്ങിയവയാണ് ഈ ഗണത്തില്‍ പ്രധാനപ്പെട്ടവ. ഓരോ നിയമങ്ങളുടേയും നടപ്പാക്കലിന് വേണ്ടി അനേകം ചട്ടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് ഇനിയും ചട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതുപോലെ തന്നെ ഈ നിയമങ്ങള്‍ അധികാരപ്പെടുത്തിയതനുസരിച്ച് നിരവധി നോട്ടിഫിക്കേഷനുകളും ഉത്തരവുകളും ഉണ്ട്. ഇവയെല്ലാം കൂടിച്ചേരുന്നതാണ് നമ്മുടെ ഭൂനിയമങ്ങള്‍.
 
ആദ്യമായി ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് പരിശോധിക്കാം. 1964-ലെ ഒന്നാം ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം സമഗ്രമായ പരിഷ്‌കരണത്തിന് വഴിയൊരുക്കി. 1971 ജനുവരി ഒന്നിന് നടപ്പില്‍ വന്ന പ്രസ്തുത നിയമം ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട് കേരളത്തെ ഒരു പുതിയ യുഗത്തിലേക്കാണ് നയിച്ചത്. കുടികിടപ്പുകാര്‍ക്ക് അവരുടെ താമസസ്ഥലം സ്വന്തമായി. കുടിയാന്മാര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം ലഭിച്ചു. സ്വന്തമായി ഭൂമി ലഭിച്ചവര്‍ക്ക് അത് സ്വന്തമെന്ന വികാരം ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ടവര്‍ സ്വന്തം ഭൂമിയെ അധികമധികം സ്‌നേഹിച്ചു. കൂടുതല്‍ ശ്രദ്ധിച്ചു. അവിടെ കൂടുതല്‍ കൃഷി ചെയ്തു. കൂടുതല്‍ വിളവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. വൈവിധ്യമാര്‍ന്ന വിളകള്‍ നട്ടുനനച്ചു. കൃഷി സംരക്ഷിക്കുകയും, ആദായം വര്‍ദ്ധിപ്പിക്കുകയും, ഉറപ്പുള്ള വീടുകള്‍ വെയ്ക്കുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥ ഭൂപരിഷ്‌കരണം നടപ്പായി. ഭൂമിപരിഷ്‌കരിക്കുക എന്ന് നിയമം ഉദ്ദേശിച്ചത് ഇതായിരുന്നു. ഇത്തരം ഒരു ഭൂനിയമം ഇന്ത്യയിലാദ്യമായി നിലവില്‍ വന്നത് കേരളത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഈ നിയമത്തിന് ഭരണഘടനാ പരമായ സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.
 
ഇന്ത്യന്‍ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഏതെങ്കിലും ഒരു നിയമം ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ആ നിയമം അതോടെ ഭരണഘടനയുടെ ഭാഗമായിതീരും. പിന്നീട് ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി പ്രത്യേക താല്‍പ്പര്യ മെടുത്തുകൊണ്ട് കേരള ഭൂപരിഷ്‌കരണ നിയത്തെ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍പ്പെടുത്തുകയുണ്ടായി. അതിനാല്‍ നേരത്തെ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമത്തിന്റെ ഗതി ഈ നിയമത്തിന് ഉണ്ടായില്ല. ഉണ്ടാവുകയുമില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കലുകളും റദ്ദാക്കലും ഉണ്ടായിട്ടുണ്ട്. അത്തരം ഭേദഗതി നിയമങ്ങളും അപ്പപ്പോള്‍ തന്നെ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഒരു നിയമമോ ഭേദഗതി നിയമമോ നിര്‍മ്മിക്കണമെങ്കില്‍ ആദ്യം അത് ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കും. മൂന്ന് പ്രാവശ്യം ഇപ്രകാരം അവതരിപ്പിക്കും.
 
അതിനെ ഒന്നാംവായന, രണ്ടാംവായന, മൂന്നാംവായന എന്നിങ്ങനെ വിളിക്കും. പിന്നീട് വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകളാണ്. ആദ്യം പേരുംവ്യാപ്തിയും അടങ്ങുന്ന വകുപ്പായിരിക്കും ചര്‍ച്ചയ്ക്ക് വരിക. ഓരോ വകുപ്പിനും അംഗങ്ങള്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. അതിനാല്‍ ഓരോവകുപ്പും പ്രത്യേകം തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഓരോവകുപ്പിലും കൊണ്ടുവരുന്ന ഭേദഗതികള്‍ അംഗീകരിക്കുകയോ, വോട്ടിനിട്ട് തള്ളുകയോ ചെയ്ത ശേഷം വകുപ്പുകള്‍ ഓരോന്നോരോന്നായി പാസ്സാക്കും. ബില്‍ പാസ്സായിക്കഴിയുമ്പോള്‍ അത് നിയമമായി തീരുന്നു. പ്രഗത്ഭ നിയമജ്ഞന്മാരായ അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള നിയമസഭയാണ് സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് കാണുന്ന ഭൂപരിഷ്‌കാര നിയമം അംഗീകരിച്ചത്. കേരള ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച കേരള ജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച, നാം വിളിച്ച മുദ്രാവാക്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ, സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഭൂനിയമങ്ങളുടെ രാജനായ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ വിശദാംശങ്ങള്‍ വഴിയേ ചര്‍ച്ചചെയ്യാം.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls