| നിയമങ്ങള്‍ക്ക് ഒരാമുഖം-15 |
കള്ളുചെത്താന്‍ ലൈസന്‍സ് വേണ്ടഡി.സുഗതന്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിന് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അനുവാദം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അധികാര സ്ഥാനത്തെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും പതിനാലാം വകുപ്പ് വിശദീകരിക്കുന്നു. പതിനഞ്ചാം വകുപ്പ് പ്രകാരം മദ്യമോ ലഹരിമരുന്നോ നിയമാനുസൃതം ലൈസന്‍സില്ലാതെ വില്‍ക്കാന്‍ പാടില്ല എന്ന് വിലക്കിയിരിക്കുന്നു. എന്നാല്‍ ചെത്തിയെടുക്കുന്ന കള്ള് ലൈസന്‍സുള്ള ഒരു ഉല്‍പ്പാദകനോ വ്യാപാരിക്കോ വില്‍ക്കുന്നതിന് ലൈസന്‍സ് വേണ്ട. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു ചെത്തുകാരന് താന്‍ ചെത്തിയെടുത്ത കള്ള് ഒരു ലൈസന്‍സിക്ക് വില്‍ക്കാം. ഇങ്ങനെ വില്‍ക്കുന്നതിന് ചെത്തുകാരന് ലൈസന്‍സ് വേണ്ട. എന്നാല്‍ അയാള്‍ക്ക് പുറത്ത് വില്‍ക്കാന്‍ അവകാശമില്ല. ഈ കാര്യങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ക്കും മാറ്റം വരുത്തലുകള്‍ക്കും ഉള്ള അധികാരം സര്‍ക്കാരിനുണ്ട്. 15 (എ) വകുപ്പ് പ്രകാരം 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ മദ്യം കഴിക്കാന്‍ പാടില്ല. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മദ്യം കൊടുക്കരുതെന്ന് ലൈസന്‍സുള്ള വില്‍പ്പനക്കാരേയും അവരുടെ ജീവനക്കാരേയും 15(ബി) വകുപ്പ് പ്രകാരം വിലക്കിയിട്ടുണ്ട്. അനുവാദമില്ലാതെ പൊതുസ്ഥലത്തിരുന്ന് മദ്യം കഴിക്കുന്നത് 15(സി) വകുപ്പ് പ്രകാരം വിലക്കിയിട്ടുണ്ട്.ഈ വകുപ്പില്‍ പൊതുസ്ഥലം എന്നാല്‍ തെരുവ്, കോടതി, പോലീസ് സ്റ്റേഷന്‍, ക്ലബ്ബുകള്‍, വിനോദത്തിനുള്ള സ്ഥലങ്ങള്‍, റിസോര്‍ട്ട്, യാത്രാബോട്ട്, വള്ളം, പൊതുയാത്രാ വാഹനം, റെസ്റ്റോറന്ററിലെ ഭക്ഷണശാല, ഹോട്ടല്‍, റെസ്റ്റ് ഹൗസ്, റ്റി.ബി, പൊതുഭക്ഷണ സ്ഥലം എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ സ്വകാര്യ ഭവനത്തിലെ മുറി ഇതില്‍പ്പെടുന്നില്ല. പതിനാറാം വകുപ്പ് എടുത്ത് കളഞ്ഞിരിക്കുന്നു. ഈ വകുപ്പ് രാജഭരണകാലത്ത് ദിവാന് ധാരാളം അധികാരങ്ങള്‍ നല്‍കിയിരുന്ന വകുപ്പായിരുന്നു. 17 മുതല്‍ 23 വരെയുള്ള വകുപ്പുകളില്‍ നികുതികളും ഡ്യൂട്ടികളും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ്. അവ സര്‍ക്കാരിലേക്ക് ഈടാക്കിയെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഇവിടെ ചേര്‍ത്തിട്ടുണ്ട്. 24 മുതല്‍ 29 വരെയുള്ള വകുപ്പുകള്‍ ലൈസന്‍സ് മുതലായവ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളാണ്. 29-ാം വകുപ്പ് ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. 30 മുതല്‍ 54 വരെയുള്ള വകുപ്പുകളില്‍ ഈ നിയമപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാരുടെ അധികാരങ്ങളും ചുമതലകളും വിശദീകരിച്ചിരിക്കുന്നു. കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യല്‍, കോടതിയില്‍ ഹാജരാക്കല്‍, തെളിവെടുക്കല്‍ മുതലായ കാര്യങ്ങളാണ് ഈ ഭാഗത്ത് പറഞ്ഞിട്ടുള്ളത്. ഈ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളാണ് 55 മുതല്‍ 67(ഡി) വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിക്കുന്നത്. അബ്കാരി നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മദ്യമോ, ലഹരി പദാര്‍ത്ഥങ്ങളോ കൈവശം വെയ്ക്കുകയോ, കൊണ്ട് നടക്കുകയോ, ഉല്പ്പാദിപ്പിക്കുകയോ, കള്ളുചെത്തുകയോ, മദ്യം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ നടത്തുകയോ, കള്ളൊഴികെയുള്ള മദ്യം ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൈവശം വെയ്ക്കുകയോ, ഉപയോഗിക്കുകയോ, വില്‍പ്പനയ്ക്കായി മദ്യം കുപ്പിയില്‍ നിറയ്ക്കുകയോ, അവ വില്‍ക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് 55-ാം വകുപ്പില്‍ പറയുന്നു. കള്ളൊഴികെയുള്ള മദ്യം മേല്‍സൂചിപ്പിച്ചതുപോലെ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷത്തെ തടവും ഒരുലക്ഷത്തില്‍ കുറയാത്ത പിഴയും ശിക്ഷയായി പറഞ്ഞിട്ടുണ്ട്. കള്ളിന്റെ കാര്യത്തിലാണെങ്കില്‍ ഒരുവര്‍ഷം വരെയുള്ള തടവോ അല്ലെങ്കില്‍ പതിനായിരം രൂപ വരെയുള്ള പിഴയോ ശിക്ഷയായി പറഞ്ഞിരിക്കുന്നു. ലഹരിപദാര്‍ത്ഥം എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് മയക്ക്മരുന്നുകള്‍ സംബന്ധിച്ചുള്ള കേന്ദ്ര നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത ലഹരി പദാര്‍ത്ഥങ്ങളെയാണ്. മനുഷ്യന് ഉപയോഗ യോഗ്യമല്ലാത്ത സ്പിരിറ്റ് കൈവശം വെയ്ക്കുന്നതും അതിന് ശ്രമിക്കുന്നതും 55 (ബി) വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അഞ്ച് വര്‍ഷം വരെ തടവും ഇരുപത്തയ്യായിരം രൂപയില്‍ കുറയാത്ത പിഴയുമാണ് ഈ കുറ്റത്തിന് പറഞ്ഞിരിക്കുന്നത്. ലൈസന്‍സില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് 56-ാം വകുപ്പനുസരിച്ച് ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടെയോ ശിക്ഷയായി പറഞ്ഞിരിക്കുന്നു. വൈദ്യശാലകളിലും ഡിസ്പന്‍സറികളിലും മരുന്ന് കടകളിലും മദ്യമോ ലഹരി പദാര്‍ത്ഥങ്ങളോ ചേര്‍ന്ന ചില കൂട്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ 56(എ) വകുപ്പില്‍ പറയുന്നു. ഇത് തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷയായി പറഞ്ഞിരിക്കുന്നു. ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രസ്തുത വകുപ്പിന്റെ ഉപവകുപ്പ് പ്രകാരം അഞ്ഞൂരൂപ പിഴശിക്ഷയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഫോര്‍മുല പ്രകാരം നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് മുകളില്‍ പറഞ്ഞ വകുപ്പ് ബാധകമല്ല. നിയമപ്രകാരം ലൈസന്‍സുള്ള ഉല്‍പ്പാദകനോ, കച്ചവടക്കാരനോ മദ്യത്തിലോ ലഹരി പദാര്‍ത്ഥത്തിലോ മായം ചേര്‍ത്താല്‍ 57-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവോ അല്ലെങ്കില്‍ അമ്പതിനായിരം രൂപ വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മദ്യത്തിന് വീര്യം കൂട്ടാനായി മനുഷ്യജീവന് ഹാനിസംഭവിക്കത്തക്കവിധമുള്ള വസ്തുക്കള്‍ മായം ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ 57(എ) വകുപ്പില്‍ പറയുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ വരെ ഇതില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളില്‍ മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ 57(ബി) വകുപ്പില്‍ പറഞ്ഞിരിക്കുന്നു. മദ്യദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ ഈ വകുപ്പനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുക. ഇപ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. പക്ഷേ ഇപ്രകാരം അപ്പീല്‍ നല്‍കണമെന്നുണ്ടെങ്കില്‍ കോടതി വിധിച്ച തുക ആ കോടതിയില്‍ പ്രതി കെട്ടിവെയ്ക്കണം. അപ്പീല്‍ നല്‍കാന്‍ 90 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. വ്യാജമദ്യം കൈവശം വെയ്ക്കുന്നത് 58-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഈ കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കും. മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും പകരമായി വീര്യമുള്ള ഏതെങ്കിലും കൂട്ടുകള്‍ വില്‍ക്കുന്നവര്‍ക്ക് 58(എ) വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവോ, അന്‍പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടെയോ ശിക്ഷയാണ്. നിയമത്തിന് വിരുദ്ധമായി അനുവദനീയമല്ലാത്ത ചിലതരം പദാര്‍ത്ഥങ്ങളുണ്ടാക്കി വില്‍ക്കുന്നത് 58(ബി) വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാക്കിയിട്ടുണ്ട്. അബ്കാരി ഉദ്യോഗസ്ഥര്‍ പരിധിവിട്ട് പെരുമാറുന്നതും, നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നതും അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നതും, പ്രതിക്ക് രക്ഷപെടാന്‍ കൂട്ടുനില്‍ക്കുന്നതും മറ്റും 59 മുതല്‍ 63 വരെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വസ്തുക്കളും വാഹനങ്ങള്‍ കണ്ടുകെട്ടുന്നതും തുടര്‍നടപടികളും 65 മുതല്‍ 67(ഡി) വരെയുള്ള വകുപ്പുകളില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കണ്ടുകെട്ടലിനായി 67(ഇ) വകുപ്പ് പ്രകാരം അപ്പീല്‍ കൊടുക്കുവാനും 67(എഫ്) വകുപ്പ് പ്രകാരം റിവിഷന്‍ നല്‍കുവാനും പ്രതിക്ക് അവകാശമുണ്ട്. ഇപ്രകാരം കണ്ടുകെട്ടുന്ന വസ്തുക്കള്‍ നിയമാനുസരണം നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാകുമെന്ന് 67(എച്ച്) വകുപ്പ് പറയുന്നു. ഈ നിയമത്തിന്റെ നടത്തിപ്പില്‍ ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 67, 68, 69 വകുപ്പുകള്‍ ബാധകമാണ്.ഈ നിയമം നടപ്പാക്കുന്നതിന് എക്‌സൈസ് കമ്മീഷണറെ ഉപദേശിക്കാനും മറ്റും ഒരു വിദഗ്ദ്ധകമ്മറ്റിയെ നിയമിക്കാന്‍ 68 (എ) വകുപ്പ് പ്രകാരം ഗവണ്‍മെന്റിന് അധികാരം നല്‍കിയിരിക്കുന്നു. ഈ നിയമത്തില്‍ അധികാരപ്പെടുത്തിയിട്ടുള്ള പ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളും നോട്ടിഫിക്കേഷനുകളും പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് 69-ാം വകുപ്പില്‍ ഗവണ്‍മെന്റിന് 71-ാം വകുപ്പ് പ്രകാരം ഏതെങ്കിലും തരം മദ്യത്തേയോ ലഹരി മരുന്നിനേയോ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഗവണ്‍മെന്റോ അബ്കാരി ഉദ്യോഗസ്ഥരോ ഉത്തമവിശ്വാസത്തോടെ എടുക്കുന്ന നടപടികള്‍ക്കെതിരെ നഷ്ടപരിഹാരം ചോദിച്ച് സിവില്‍ കോടതിയില്‍ പോകുന്നതിനെ 72-ാം വകുപ്പനുസരിച്ച് തടഞ്ഞിട്ടുണ്ട്. ഇതുവരെ വിശദീകരിച്ച അബ്കാരി നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് സഹായകരമായി ഇതിനോടകം ഏതാണ്ട് 50 ചട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കള്ളുഷാപ്പുകള്‍ വില്‍ക്കല്‍, വിദേശ മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഡിസ്റ്റിലറി സ്ഥാപനങ്ങള്‍, തൊഴിലാളിക്ഷേമഫണ്ട് ബോര്‍ഡുകള്‍, ബാര്‍ ലൈസന്‍സ് തുടങ്ങിയ അബ്കാരി രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിട്ടാണ് ഈ ചട്ടങ്ങളും മറ്റും ഉണ്ടാക്കിയിട്ടുള്ളത്. ഇതെല്ലാം കാലാനുസൃതമായും ജനവികാരം കണക്കിലെടുത്തും ഭേദഗതി ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും വേണ്ടന്ന് വെയ്ക്കാനും ഉള്ള അവകാശവും അധികാരവും ഗവണ്‍മെന്റിനുണ്ട്. ഇതോടെ ശിക്ഷാനിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച അവസാനിക്കുകയാണ്. തുടര്‍ന്ന് ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പരിശോധിക്കാം. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കള്ളുചെത്താന്‍ ലൈസന്‍സ് വേണ്ട
-°C 