| നിയമങ്ങള്‍ക്ക് ഒരാമുഖം-13 |
അപ്പീല്‍ സമര്‍പ്പിച്ചാല്‍ വിധി നടത്തിപ്പ് നിറുത്തിവെക്കുംഡി. സുഗതന്‍ ഒരു ചേംബറിനുള്ളില്‍ വെച്ച് നടക്കുന്ന ഒരു കോടതി വിചാരണയുടേയോ, രഹസ്യവിചാരണയുടേയോ സത്യസന്ധവും യഥാര്‍ത്ഥവുമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും കോടതിയലക്ഷ്യ നിയമപ്രകാരം കുറ്റമല്ലെന്ന് ഏഴാം വകുപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റേതെങ്കിലും നിയമപ്രകാരം തടയുകയോ, കോടതി വ്യക്തമായും പ്രസിദ്ധീകരിക്കരുതെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള പ്രസിദ്ധീകരണം നടത്താന്‍ പാടില്ലെന്ന് ഏഴാം വകുപ്പിന്റെ ഉപവകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ നിലവിലുള്ള മറ്റ് നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള എതിര്‍വാദങ്ങളും നടത്താന്‍ പ്രതിക്ക് തടസ്സമില്ല. എല്ലാ ഹൈക്കോടതികള്‍ക്കും അവയ്ക്ക് നേരെ ഉണ്ടാകുന്നതും മറ്റ് കീഴ്‌ക്കോടതികള്‍ക്ക് നേരെ ഉണ്ടാകുന്നതുമായ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരു കീഴ്‌ക്കോടതിക്ക് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അത്തരം കേസുകളില്‍ ഹൈക്കോടതി ഇടപെടേണ്ടതില്ലെന്ന് പത്താം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ അധികാര പരിധി സംബന്ധിച്ച വ്യവസ്ഥകള്‍ പതിനൊന്നാം വകുപ്പില്‍ പ്രതിപാദിക്കുന്നു. ശിക്ഷാവിധി പറഞ്ഞിരിക്കുന്ന പന്ത്രണ്ടാം വകുപ്പിനെക്കുറിച്ച് നേരത്തെ പറഞ്ഞ് കഴിഞ്ഞു. ഇത്തരമൊരു ശിക്ഷ വിധിക്കുന്നതിന് മുമ്പായി പ്രതിയുടെ പ്രവര്‍ത്തി നീതിന്യായ നടപടികളെ അടിസ്ഥാനപരമായും ബാധിക്കുന്ന തരത്തിലായിരുന്നു എന്ന് കോടതിക്ക് ബോധ്യപ്പെടണം. സുപ്രീം കോടതിയുടേയോ ഹൈക്കോടതിയുടേയോ മുമ്പാകെ ഹാജരായ ഒരാള്‍ കോടതിയുടെ മുമ്പാകെ വെച്ച് നടത്തുന്ന കോടതിയലക്ഷ്യ നടപടി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പതിനാലാം വകുപ്പ് പറയുന്നു. അപ്രകാരം കുറ്റം ചെയ്തയാളെ കസ്റ്റഡിയിലെടുക്കാനും അയാള്‍ക്ക് കുറ്റചാര്‍ജ്ജ് ഉടനെ നല്‍കാനും തുടര്‍ നടപടികള്‍ നടത്താനുമുള്ള നടപടിക്രമങ്ങള്‍ പതിനാലാം വകുപ്പിന്റെ ഉപവകുപ്പുകളില്‍ ചേര്‍ത്തിരിക്കുന്നു. സാധാരണഗതിയിലുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതിയും ഹൈക്കോടതിയും പതിനഞ്ചാം വകുപ്പ് പ്രകാരമാണ് എടുക്കേണ്ടത്. കോടതിക്ക് സ്വമേധയായോ അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ അനുസരിച്ചോ, അഡ്വക്കേറ്റ് ജനറലിന്റെ സമ്മതത്തോടെ മറ്റൊരാളിന്റെ അപേക്ഷ അനുസരിച്ചോ ഡല്‍ഹി ഹൈക്കോടതിയിലാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം നിയമിച്ച ലാ ഓഫീസറുടെ അപേക്ഷ പ്രകാരമോ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാവുന്നതാണ്. കീഴ്‌ക്കോടതിയിലുണ്ടായ ഒരു ക്രിമിനല്‍ കോടതിയലക്ഷ്യമാണെങ്കില്‍ പ്രസ്തുത കീഴ്‌ക്കോടതി അഡ്വക്കേറ്റ് ജനറല്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ ഹൈക്കോടതിക്ക് നടപടി സ്വീകരിക്കാം. ഒരു ജഡ്ജിയോ, മജിസ്‌ട്രേറ്റോ, ഏതെങ്കിലും ജുഡീഷ്യല്‍ ഓഫീസറോ കോടതിയലക്ഷ്യം നടത്തിയാലും അവര്‍ക്കെതിരെയും മറ്റുള്ളവര്‍ക്ക് എതിരെ എടുക്കുന്നതുപോലെ തന്നെ നടപടികള്‍ നടത്തണമെന്ന് 16-ാം വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഒരു അപ്പീലോ, റിവിഷനോ വാദം കേള്‍ക്കുന്ന സമയത്ത് കീഴ്‌ക്കോടതിയെകുറിച്ച് ഒരു ജഡ്ജി നടത്തുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണേണ്ടതില്ലെന്ന് 16(2) വകുപ്പ് പറയുന്നു. കേസെടുത്തുകഴിഞ്ഞാലുള്ള നടപടി ക്രങ്ങളാണ് 17-ാം വകുപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. 15-ാം വകുപ്പ് പ്രകാരമെടുക്കുന്ന കേസ് സംബന്ധിച്ച നോട്ടീസ് കുറ്റാരോപിതനായ വ്യക്തിക്ക് വ്യക്തിപരമായി കൊടുത്തിരിക്കണമെന്നും, നോട്ടീസിനോടൊപ്പം പരാതിയുടേയും അനുബന്ധ സത്യവാങ്മൂലങ്ങളുടേയും പകര്‍പ്പുകളും, കീഴ്‌ക്കോടതി റഫര്‍ ചെയ്ത കേസാണെങ്കില്‍ അതിന്റെ പകര്‍പ്പും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. കുറ്റാരോപിതനായ വ്യക്തി നോട്ടീസ് കൈപ്പറ്റാതെ മാറി നടക്കുകയോ, ഒളിവില്‍ പോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നതായി കോടതിക്ക് ബോധ്യപ്പെട്ടാല്‍ അയാളുടെ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ട്. ഇപ്രകാരമുള്ള ജപ്തി നടപടികള്‍ സിവില്‍ നടപടി നിയമം 1908 (ആക്ട് 5 ഓഫ് 1908) പ്രകാരമായിരിക്കുന്നതും കുറ്റാരോപിതന്‍ കോടതയില്‍ ഹാജരായി താന്‍ അപ്രകാരം നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ, ഒളിവില്‍ പോവുകയോ ചെയ്യുകയില്ലെന്ന് കോടതിയെ ബോധിപ്പിച്ചാല്‍, കോടതിക്ക് വിശദീകരണം തൃപ്തികരമെങ്കില്‍ ജപ്തി ചെയ്ത വസ്തുക്കള്‍ വിട്ടുകൊടുക്കുന്നതാണ്. കുറ്റരോപിതനായ വ്യക്തിക്ക് തന്റെ വാദമുഖങ്ങള്‍ ഒരു സത്യവാങ്മൂലം വഴി കോടതിയെ അറിയിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിശോധിച്ചോ, അല്ലെങ്കില്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്നുവെങ്കില്‍ തെളിവെടുത്തോ ഉത്തരവ് പാസ്സാക്കമെന്ന് 17-ാം വകുപ്പ് പറയുന്നുണ്ട്. 15-ാം വകുപ്പ് പ്രകാരം ചാര്‍ജ്ജ് ചെയ്യുന്ന ഒരു ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് ഹൈക്കോടതിയില്‍ രണ്ടില്‍ കുറയാത്ത ജഡ്ജിമാരുടെ ഒരു ബഞ്ചായിരിക്കുംവാദം കേള്‍ക്കുന്നതെന്ന് പതിനെട്ടാം വകുപ്പില്‍ പറയുന്നു. ഹൈക്കോടതി ശിക്ഷിക്കുകയാണെങ്കില്‍ പ്രസ്തുത വിധിക്കെതിരെ 19-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാം. ഇപ്രകാരം അപ്പീല്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍, കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതും, പ്രതി ജയിലിലാണെങ്കില്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ്. അപ്പീല്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് ശിക്ഷിച്ച കോടതിയായ ഹൈക്കോടതിയില്‍ ബോധിപ്പിച്ചാല്‍ ആ കോടതിക്കും ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും ജാമ്യം അനുവദിക്കുന്നതിനും 19(3) വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചാല്‍ 60 ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ പ്രതിക്ക് അവകാശമുണ്ട്. 20-ാം വകുപ്പ് കാലഹരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. കോടതിയലക്ഷ്യ നടപടകള്‍ ഒരു വര്‍ഷത്തിനകം എടുത്തിരിക്കണമെന്നും ഒരു വര്‍ഷം കഴിഞ്ഞാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ഈ വകുപ്പ് വിലക്കുന്നു. ഈ നിയമത്തിലെ യാതൊരു വ്യവസ്ഥകളും ന്യായപഞ്ചായത്തുകളിലേയും വില്ലേജ് കോടതികളിലേയും നടപടികള്‍ക്ക് ബാധകമല്ലെന്ന് 21-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു. ഈ നിയമപ്രകാരമുള്ള നടപടികള്‍ക്ക് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള അധികാരം 23-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കും നല്‍കിയിട്ടുണ്ട്. 24 വകുപ്പുകളിലൂടെ ഭാരതത്തിലെ കോടതികളുടെ മാന്യതയും പരിപാവനത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം യഥാവിധി നടപ്പാക്കേണ്ടത് അധികാരപ്പെടുത്തിയിട്ടുള്ള കോടതികളുടെ ചുമതലയാണ്. പാര്‍ലമെന്റിന്റെ മനസ്സനുസരിച്ച് നിയമം നടപ്പിലാകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്. സിവിലായും ക്രിമിനലായും കോടതിയലക്ഷ്യ നടപടികള്‍ എങ്ങനെ എടുക്കണമെന്നത് നാം കണ്ടുകഴിഞ്ഞു. ഇപ്രകാരം നടപടികളെടുക്കുമ്പോള്‍ അത് മാതൃകാപരമായിരിക്കണം. അതായത് സമാനചിന്താഗതിക്കാരായ കുറ്റവാളികളെ കുറ്റം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന തരത്തിലായിരിക്കണം. അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരെ നിരാശരാക്കുന്ന തരത്തിലായിരുന്നു. കണ്ണൂര്‍ ജില്ലക്കാരനായ ഒരു സി.പി.എം പ്രവര്‍ത്തകന്‍ കേരള ഹൈക്കോടതിയുടെ വഴിയോര യോഗം നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവിനെതിരായി ഒരു പരസ്യ പ്രസംഗം നടത്തി. പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയാളുടെ പ്രസംഗത്തില്‍ വഴിയോര യോഗങ്ങള്‍ നിരോധിച്ച കേരള ഹൈക്കോടതി ജഡ്ജിമാരെ “ശുംഭന്മാര്‍” എന്നു വിശേഷിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ 15-ാം വകുപ്പ് പ്രകാരം കേരളഹൈക്കോടതി കേസെടുത്തു. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ കുറ്റാരോപിതനായ ഇയാള്‍ വീണ്ടും കോടതിക്കെതിരെ പരസ്യ പ്രസ്താവന നടത്തി. അയാള്‍ പറഞ്ഞത് ഹൈക്കോടതി പരമാവധി ശിക്ഷിക്കുന്നത് ആറ് മാസത്തെ തടവാണ്, അത് അനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും ആറുമാസം വിശ്രമിക്കാമല്ലോ എന്നും കുറച്ച് പുസ്തകങ്ങള്‍ വായിക്കാന്‍ സയമം കിട്ടുമല്ലോ എന്നുമാണ്. ഇയാള്‍ക്ക് പരമാവധി ശിക്ഷയായ ആറു മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷവിധിച്ചു. ശരിക്കും ഇയാള്‍ ശിക്ഷ ചോദിച്ച് വാങ്ങുകയായിരുന്നു. നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും അപ്പീല്‍ കൊടുക്കുവാന്‍ ഉദ്ദേശമുണ്ടെന്ന് പറഞ്ഞിട്ടും ശിക്ഷ വിധിച്ച ഹൈക്കോടതി ഇയാളുടെ ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവെയ്ക്കുകയോ, ഇയാളെ ജാമ്യത്തില്‍ വിടുകയോ ചെയ്തില്ല. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഏവരേയും നാണംകെടുത്തുന്നതായിരുന്നു. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയ പ്രതിക്ക് വഴിനീളെ സ്വീകരണം നല്‍കാന്‍ ആളുണ്ടായി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ നിയമാനുസരണം വിധിനടപ്പാക്കല്‍ നിര്‍ത്തി വെയ്ക്കുകയും ജാമ്യത്തില്‍ വിടാന്‍ ഉത്തരവാകുകയും ചെയ്തു. കേസില്‍ വെറുതെ വിട്ടയച്ചു എന്ന ഭാവത്തില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ പ്രകടനങ്ങള്‍ ടി.വി.ചാനലുകള്‍ ലൈവായി പ്രക്ഷേപണം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ വരെ പ്രതിക്ക് സ്വീകരണം. അയാള്‍ നാട്ടിലെത്തി. വീട്ടിലെ അടുക്കളയില്‍ വന്നു കയറുന്നതുവരെ ലൈവ് ടെലികാസ്റ്റ്. അയാള്‍ ഈ കേസും വിധിയും ജയില്‍ വാസവും എല്ലാം മാധ്യമ സഹായത്തോടെ ആഘോഷിക്കുകയായി രുന്നു. ഈ പ്രതിക്ക് മാധ്യമങ്ങളില്‍ കിട്ടിയ വാര്‍ത്താ പ്രാധാന്യം കണ്ട് കൊതിച്ച ഒരു യുവജന നേതാവും കോടതിക്കെതിരായി കടുത്തഭാഷയില്‍ ആക്രോശിച്ചു. അയാളും ഒരു കോടതിയലക്ഷ്യ കേസ് ചോദിച്ച് വാങ്ങാന്‍ ശ്രമിക്കുകയാണ്- വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി. (തുടരും...) |
| < മുന്‍ പേജ് | അടുത്തത് > |
|---|

അപ്പീല്‍ സമര്‍പ്പിച്ചാല്‍ വിധി നടത്തിപ്പ് നിറുത്തിവെക്കും
-°C 