| നിയമങ്ങള്‍ക്ക് ഒഒരാമുഖം-12 |
കോടതിയലക്ഷ്യ നിയമങ്ങള്ഡി.സുഗതന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഗവണ്‍മെന്റ് എന്നാല്‍ ലജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചേര്‍ന്നതാണ്. ലജിസ്ലേച്ചര്‍ എന്നാല്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ചേര്‍ന്നത്. ഈ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. ഉദ്യോഗസ്ഥ സംവിധാനമായ എക്‌സിക്യൂട്ടീവ് ഈ നിയമങ്ങള്‍ നടപ്പാക്കും. ജുഡീഷ്യറി അഥവാ രാജ്യത്തെ കോടതികള്‍ ഈ നിയമങ്ങള്‍ പരിശോധിക്കുകയും, വിവക്ഷിക്കുകയും അവയുടെ ഭരണഘടനാ സാധുത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ലജിസ്ലേച്ചര്‍ പാസ്സാക്കി അയക്കുന്ന നിയമങ്ങള്‍ തെറ്റോ ശരിയോ എന്ന് അവസാനവാക്ക് പറയുവാനുളള അധികാരം ജുഡീഷ്യറിക്കാണുള്ളത്. ഗവണ്‍മെന്റിന്റെ ഈ മൂന്ന് ഘടകങ്ങളും പരസ്പര പൂരകങ്ങളുമാണ്. ഈ സ്ഥാപനങ്ങള്‍ യോജിപ്പോടെയുംപരസ്പര ബഹുമാനത്തോടെയും പ്രവര്‍ത്തിക്കുമ്പോള്‍ ജനാധിപത്യം വിജയത്തിലെത്തും. ഭരണഘടനയുടെ 124 മുതല്‍ 147 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് സൂപ്രീം കോടതി സ്ഥാപിച്ചിരിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അധികാരാവകാശങ്ങള്‍ നല്‍കിയിട്ടുള്ളതും. അതുപോലെ തന്നെ 214 മുതല്‍ 231 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ സ്ഥാപിച്ചിരിക്കുന്നതും അവയുടെ അവകാശാധികാരങ്ങള്‍ നല്‍കിയിട്ടുള്ളതും. ജഡ്ജിമാരുടെ നിയമനം, അവരുടെ ശമ്പളം, അവരുടെ അധികാരങ്ങള്‍, അപ്പീല്‍ അധികാരം, റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം, കോടിതച്ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള അധികാരം, ഒരു ഹൈക്കോടതിയില്‍ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഹൈക്കോടതിക്ക് മറ്റെല്ലാ കോടതികളുടേയും മേല്‍ മേല്‍നോട്ടത്തിനുള്ള അധികാരം കീഴ്ജീവനക്കാരുടേയും, ഉദ്യോഗസ്ഥന്മാരുടേയും ചെലവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ മുകളില്‍ സൂചിപ്പിച്ച ഭരണഘടനാ വകുപ്പുകളില്‍ പറഞ്ഞിട്ടുണ്ട്. കീഴ്‌ക്കോടതികളുടെ സ്ഥാപനവും അധികാരവും സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനയുടെ 233 മുതല്‍ 237 വരെയുള്ള വകുപ്പുകളില്‍ വിശദമായി പ്രതിപാദിക്കുന്നു. അങ്ങനെ ലജിസ്ലേച്ചറിനേയും, എക്‌സിക്യൂട്ടീവിനേയും പോലെ ജുഡീഷ്യറിയും ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിപുരാതനകാലം മുതല്‍ ഭാരതീയര്‍ കോടതികള്‍ക്ക് അങ്ങേ അറ്റത്തെ മാന്യതയും ബഹുമാനവും കല്‍പ്പിച്ചിരുന്നു. ശിക്ഷകള്‍ വിധിക്കുന്ന സ്ഥാപനങ്ങള്‍ കോടതികളായിരുന്നതിനാല്‍ കോടതികളോട് ഭയവും ഉണ്ടായിരുന്നു. നിയമങ്ങള്‍ അനുസരിക്കുന്നത് ശിക്ഷയോടുള്ള ഭയംകൊണ്ടാണെന്നത് ലോകതത്വമാണ്. അപ്പോള്‍ നിയമപ്രകാരം ശിക്ഷാ വിധി നല്‍കാന്‍ അധികാരമുള്ള കോടതികളെ ഭയപ്പെടുന്നത് സ്വാഭാവികം മാത്രം. ഈയൊരു പ്രത്യേക പദവി കോടതികള്‍ക്ക് നേരത്തെ മുതല്‍ ഉണ്ടായിരുന്നതിനാല്‍ കോടതിയലക്ഷ്യം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിക്കുള്ള വ്യവസ്ഥകളും നിയമങ്ങളും രാജ്യത്ത് നേരത്തെ മുതല്‍ നിലവിലുണ്ട്. കോര്‍ട്ടലക്ഷ്യം സംബന്ധിച്ച് പലനിയമങ്ങളും നിലവിലുണ്ട്. ക്രിമിനല്‍ നടപടി നിയമം 1973 അനുസരിച്ചും കോടതിയലക്ഷ്യത്തിന് കേസെടുക്കുവാനും ശിക്ഷിക്കുവാനും വ്യവസ്ഥയുണ്ട്. പ്രസ്തുത നിയമത്തിലെ 345-ാം വകുപ്പ് പ്രകാരം ചില പ്രത്യക സാഹചര്യങ്ങളില്‍ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ശിക്ഷിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 175, 178, 180, 228 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്യുന്നവരെയാണ് ക്രിമിനല്‍ നടപടി നിയമം 345-ാം വകുപ്പ് പ്രകാരം കോടതിയലക്ഷ്യ നടപടിക്ക് വിധേയമാക്കാന്‍ കഴിയുന്നത്. കോടതിയലക്ഷ്യം സംബന്ധിച്ചുള്ള സമഗ്രമായ നിയമം 1971 ലെ കോടതിയലക്ഷ്യ നിയമമാണ് (The contempt of Court Act, 1971)ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം ഈ വിഷയത്തില്‍ നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും പുറമേയാണ് (in addition to any other law relating to contempt of court) നിലവിലുണ്ടായിരുന്ന 1952 ലെ കോടതിയലക്ഷ്യ നിയമത്തിന് പകരമായിട്ടാണ് ഈ നിയമം പാസ്സാക്കിയിട്ടുള്ളത്. 24 വകുപ്പുകള്‍ മാത്രമുള്ള ഒരു ചെറിയ നിയമമാണിത്. ഈ നിയമത്തിലെ രണ്ടാംവകുപ്പില്‍ കോടതിയലക്ഷ്യം എന്നാല്‍ എന്ത് എന്ന് നിര്‍വചിച്ചിട്ടുണ്ട്. കോടതിയലക്ഷ്യം എന്നാല്‍ സിവിലും ക്രിമിനലുമായ കോടതിയലക്ഷ്യം എന്നര്‍ത്ഥമാക്കിയിരിക്കുന്നു. സിവില്‍ കോടതിയലക്ഷ്യം എന്നാല്‍, ഏതെങ്കിലും കോടതിവിധി, കല്‍പ്പന, നിര്‍ദ്ദേശം, റിട്ട് അല്ലെങ്കില്‍ കോടതിയുടെ മറ്റേതെങ്കിലും നടപടി ബോധപൂര്‍വ്വം അനുസരിക്കാതിരിക്കുക, കോടതിക്ക് നല്‍കിയ ഏതെങ്കിലും ഉറപ്പ് ലംഘിക്കുക എന്നിവയാണ്.ക്രിമിനല്‍ കോടതിയലക്ഷ്യം എന്നാല്‍ കോടതിയുടെ പദവിയ്ക്കും അന്തസ്സിനും ഇടിവുതട്ടുന്ന തരത്തിലോ, കോടതി നടപടിയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലോ, മറ്റേതെങ്കിലും വിധത്തില്‍ നീതിനിര്‍വ്വഹണം തടസ്സപ്പെടുത്തുന്ന തരത്തിലോ ആയ ഏതെങ്കിലും സംഗതി അച്ചടിയിലൂടെയോ, ആംഗ്യത്തിലൂടെയോ, വാക്കുകളിലൂടെയോ, പ്രസിദ്ധീകരിക്കുക വഴിയോ, മറ്റേതെങ്കിലും പ്രവര്‍ത്തി വഴിയോ ചെയ്യുക എന്നുള്ളതാണ്. ഈ കുറ്റം തെളിഞ്ഞാല്‍ പരമാവധി ആറുമാസം വെറും തടവും അല്ലെങ്കില്‍ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്. എന്നാല്‍ പ്രതി കോടതിയോട് മാപ്പപേക്ഷിക്കുകയാണെങ്കില്‍ ശിക്ഷ ഇളവ് ചെയ്യുന്നതിനോ അല്ലെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി വെറുതേ വിടുന്നതിനോ കോടതിക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ട്. പ്രതി ആത്മാര്‍ത്ഥമായും ഉത്തമവിശ്വാസത്തോടെയുമാണ് ക്ഷമായാചനം നടത്തിയതെന്ന് കോടതിക്ക് ഇക്കാര്യത്തില്‍ ബോധ്യമാകേണ്ടതുണ്ടെന്നും ശിക്ഷയെക്കുറിച്ച് പറയുന്ന 12-ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും ഒരു കോടതിയും മുകളില്‍ പറഞ്ഞിട്ടുള്ള ശിക്ഷയേക്കാള്‍ കൂടിയ ഒരു ശിക്ഷ കോടതിയലക്ഷ്യത്തിന് നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സിവില്‍ കോടതിയലക്ഷ്യ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടാല്‍ പിഴശിക്ഷ പോരെന്ന് കോടതിക്ക് തോന്നിയാല്‍ ആറുമാസത്തില്‍ കവിയാത്ത വെറും തടവിന് ശിക്ഷിക്കാം. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിയെ സിവില്‍ ജയിലിലയക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സിവില്‍ കോടതിയലക്ഷ്യ നടപടികളില്‍ കമ്പനികള്‍ പ്രതിയാകേണ്ടിവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചില നടപടികളെ കോടതിയലക്ഷ്യത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവ 3 മുതല്‍ 9 വരെയുള്ള വകുപ്പുകളില്‍ പറഞ്ഞിരിക്കുന്നു. താന്‍ ചെയ്യുന്നത് തെറ്റാണെന്നറിയാതെ ഉത്തമവിശ്വാസത്തോടെ ഒരാള്‍ ചെയ്യുന്ന ഒരു പ്രസിദ്ധീകരിക്കലോ, വിതരണമോ കോടതിയലക്ഷ്യത്തിന്റെ ഗണത്തില്‍ വരില്ലാ എന്ന് 3-ാം വകുപ്പ് പറയുന്നു. കോടതി നടപടികളുടെ യഥാര്‍ത്ഥമായ റിപ്പോര്‍ട്ട്, അത് നിയന്ത്രിച്ചിട്ടില്ലെങ്കില്‍, പ്രസിദ്ധീകരിക്കുന്നതും കുറ്റകരമല്ലെന്ന് 4-ാം വകുപ്പ് പറയുന്നുണ്ട്. ഒരു കേസിന്റെ വിചാരണയെക്കുറിച്ചോ, വിധിയെക്കുറിച്ചോ ന്യായമായ ഒരു വിമര്‍ശനം നടത്തുന്നതും കോടതിയലക്ഷ്യമാകില്ല എന്ന് 5-ാം വകുപ്പ് പറയുന്നു. ഒരു കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ ഒരാള്‍ ഉത്തമവിശ്വാസത്തോടെ മേല്‍ക്കോടതിക്ക് മുമ്പാകെ നടത്തുന്ന ഏതെങ്കിലും പരമാര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ആറാം വകുപ്പില്‍ പറയുന്നു. ഒരു ചേംബറിനുള്ളില്‍ വെച്ച് നടക്കുന്ന ഒരു കോടതി വിചാരണയുടേയോ, രഹസ്യവിചാരണയുടേയോ സത്യസന്ധവും യഥാര്‍ത്ഥവുമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും കോടതിയലക്ഷ്യ നിയമപ്രകാരം കുറ്റമല്ലെന്ന് ഏഴാം വകുപ്പില്‍ പറയുന്നുണ്ട്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോടതിയലക്ഷ്യ നിയമങ്ങള്‍
-°C 