| നിയമങ്ങള്‍ക്ക് ഒരാമുഖം - 11 |
മരണമൊഴിയുടെ പ്രസക്തിഡി. സുഗതന്‍ മുപ്പത്തിരണ്ടാം വകുപ്പ് മരണമൊഴിയുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഒരു വ്യക്തിയുടെ മരണത്തിനുള്ള കാരണം പ്രധാനവിഷയമാകുമ്പോള്‍ അയാള്‍ മരണകാരണം സംബന്ധിച്ചോ, അല്ലെങ്കില്‍ തന്റെ മരണത്തിനിടയാക്കിയ ഇടപാടിന്റെ പരിതസ്ഥിതികളില്‍ ഏതിനെയെങ്കിലും സംബന്ധിച്ചോ, പ്രസ്താവന നടത്തുമ്പോള്‍ അവ നടത്തിയ സമയത്ത്, അവ നടത്തിയ വ്യക്തി മരണത്തെകാത്ത് കൊണ്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും അയാളുടെ മരണകാരണം പ്രശ്‌നവിഷയമാകുന്ന നടപടിയുടെ സ്വഭാവം എന്തുതന്നെ ആയിരുന്നാലും അത് പ്രസക്തമാകുന്നു. സാക്ഷികളായി വിളിക്കപ്പെടാന്‍ സാദ്ധ്യമല്ലാത്ത വ്യക്തികളുടെ പ്രസ്ഥാവനകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഈ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. പ്രത്യേക പരിതസ്ഥിതികളില്‍ നടത്തുന്ന ചില പ്രസ്ഥാവനകളുടെ പ്രസക്തി, ഒരു പ്രസ്ഥാവനയില്‍ എത്രത്തോളം തെളിയിക്കണം നീതിന്യായ കോടതികളുടെ വിധിന്യായങ്ങള്‍ എപ്പോള്‍ പ്രസക്തമാകുന്നു, കക്ഷികളല്ലാത്തവരുടെ അഭിപ്രായങ്ങളുടെ പ്രസക്തി, സ്വഭാവത്തിന്റെ പ്രസക്തി, തുടങ്ങിയ കാര്യങ്ങളാണ് 55 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ളത്. വസ്തുതകള്‍ എങ്ങനെ തെളിയിക്കണം എന്നത് സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ 55-ാം വകുപ്പ് മുതല്‍ 100-ാം വകുപ്പ് വരെ ഉദാഹരങ്ങള്‍ സഹിതം ഇവിടെ പറഞ്ഞിട്ടുണ്ട്. തെളിയിക്കപ്പെടേണ്ടതില്ലാത്ത വസ്തുതകളും ഇവിടെ പറഞ്ഞിട്ടുണ്ട്. 56-ാം വകുപ്പനുസരിച്ച് കോടതിക്ക് ജുഡീഷ്യല്‍ നോട്ടീസ് എടുക്കാവുന്ന യാതൊരുവസ്തുതയും തെളിയിക്കേണ്ടതില്ല. കോടതി ജുഡീഷ്യല്‍ നോട്ടീസ് എടുക്കേണ്ട വസ്തുതകള്‍ ഏതെല്ലാമെന്ന് 57-ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. താഴെപ്പറയുന്നതാണവ:- 1. ഇന്ത്യയില്‍ പ്രാബല്യത്തിലിരിക്കുന്ന മുഴുവന്‍ നിയമങ്ങളും. 2. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയതോ, ഇതിനുശേഷം പാസ്സാക്കുന്നതോ ആയ മുഴുവന്‍ പൊതുനിയമങ്ങളും 3. ഇന്ത്യന്‍ കരസേനയ്‌ക്കോ നാവികസേനയ്‌ക്കോ വ്യോമസേനയ്ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള യുദ്ധനിയമാവലി. 4. ബ്രിട്ടീഷ് പാര്‍ലമെന്റിന്റേയും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടേയും നിയമങ്ങള്‍ 5. ബ്രിട്ടന്റേയും അയര്‍ലണ്ടിന്റേയും തത്സമയ പരമാധികാരിയുടെ സ്ഥാനാരോഹണവും രാജാവിന്റെ ഒപ്പും 6. ഇംഗ്ലീഷ് കോടതികളില്‍ ജുഡീഷ്യല്‍ നോട്ടീസ് എടുക്കുന്ന മുഴുവന്‍ മുദ്രകളും, ഇന്ത്യയിലെ മുഴുവന്‍ കോടതികളുടേയും, കേന്ദ്ര സര്‍ക്കാരിന്റേയോ, രാജ പ്രതിനിധിയുടേയോ അധികാരത്തിന്‍കീഴില്‍ സ്ഥാപിതമായിട്ടുള്ളതും ഇന്ത്യയ്ക്ക് പുറമേയുള്ളതുമായ മുഴുവന്‍ കോടതികളുടേയും മുദ്രകളും നോട്ടറി പബ്ലിക്കുകളുടെ മുദ്രകളും, ഭരണഘടനയോ, ബ്രട്ടീഷ് പാര്‍ലമെന്റില്‍ നിര്‍മ്മിതമായ ഒരു നിയമമോ റഗുലേഷനോ അനുസരിച്ച് ഏതെങ്കിലും വ്യക്തിക്ക് ഉപയോഗിക്കുവാന്‍ അധികാരം നല്‍കിയിട്ടുള്ള മുഴുവന്‍ മുദ്രകളും. 7. ഏതെങ്കിലും സംസ്ഥാനത്തിലെ പൊതുഓഫിസില്‍ തത്സമയം ഉദ്യോഗത്തിലിരിക്കുന്ന വ്യക്തികളുടെ ഉദ്യോഗസ്ഥാനമേല്‍ക്കലും പേരുകളും ഉദ്യോഗപ്പേരുകളും ചുമതലകളും ഒപ്പുകളും അത്തരം ഉദ്യോഗത്തില്‍ അവരെ നിയമിച്ച വസ്തുത ഏതെങ്കിലും ഔദ്യോഗികഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കില്‍ അതും 8. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഓരോ സംസ്ഥാനത്തിന്റേയും, പരമാധികാരിയുടേയും അസ്തിത്വവും സ്ഥാനപ്പേരും ദേശീയപതാകയും 9. സമയവിഭജനങ്ങളും ലോകത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനങ്ങളും ഗവണ്‍മെന്റ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുഉത്സവങ്ങളും ഉപവാസങ്ങളും ഒഴിവ് ദിവസങ്ങളും 10. ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരത്തിലുള്ള പ്രദേശങ്ങള്‍ 11. ഇന്ത്യന്‍ സര്‍ക്കാരും മറ്റേതെങ്കിലും ജനസമൂഹവും തമ്മിലുള്ള യുദ്ധനടപടികളുടെ ആരംഭവും തുടര്‍ച്ചയും പര്യവസാനവും 12. കോടതി അംഗങ്ങളുടേയും ഉദ്യോസ്ഥന്മാരുടേയും അവരുടെ കീഴുദ്യോഗസ്ഥന്മാരുടേയും കൂടാതെ അതിന്റെ പ്രോസസ്സ് നടത്തുന്നതില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥന്മാരുടേയും മുഴുവന്‍ അഭിഭാഷകരുടേയും അറ്റോര്‍ണികളുടേയും പ്രാക്ടര്‍മാരുടേയും പ്ലീഡര്‍മാരുടേയും മുമ്പാകെ ഹാജരാകുവാനോ, പ്രവര്‍ത്തിക്കുവാനോ നിയമം അധികാരം നല്‍കിയിട്ടുള്ള മറ്റ് വ്യക്തികളുടേയും പേരുകള്‍ 13. കരയിലോ കടലിലോ ഉള്ള ഗതാഗതചട്ടം. ഇക്കാര്യങ്ങള്‍ കൂടാതെ പൊതുചരിത്രമോ, സാഹിത്യമോ, ശാസ്ത്രമോ, കലയോ സംബന്ധിച്ച മുഴുവന്‍ വിഷയങ്ങളിലും കോടതിക്ക് റഫറന്‍സിനുള്ള യുക്തമായ പുസ്തകങ്ങളുടേയോ രേഖകളുടേയോ സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. സമ്മതിച്ച വസ്തുതകള്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് 58-ാം വകുപ്പ് പ്രസ്താവിക്കുന്നു. വാക്കാല്‍ തെളിവെടുപ്പ് 59, 60 എന്നീ വകുപ്പുകളില്‍ പറഞ്ഞിരിക്കുന്നു. പ്രമാണങ്ങളുടെ ഉള്ളടക്കം ഒഴികെയുള്ള മുഴുവന്‍ വസ്തുതകളും വാക്കാല്‍തെളിവ് മൂലം തെളിയിക്കാം. വാക്കാല്‍ തെളിവ് നേരിട്ട് നല്‍കണം. രേഖാമൂലമുള്ള തെളിവിനെ സംബന്ധിച്ച് 61 മുതല്‍ 78 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിക്കുന്നു. രേഖകളുടെ ഉള്ളടക്കം പ്രാഥമികമോ അല്ലങ്കില്‍ ദ്വിതീയമോ ആയിട്ടുള്ള തെളിവുമൂലം തെളിയിക്കാവുന്നതാണ്. പ്രാഥമിക തെളിവെന്നാല്‍ കോടതിയുടെ പരിശോധനയ്ക്കായി രേഖതന്നെ ഹാജരാക്കല്‍ എന്നുതന്നെ അര്‍ത്ഥമാകുന്നു. ദ്വിതീയ തെളിവുകളെന്നാല്‍ കോപ്പികള്‍, ഫോട്ടോകോപ്പികള്‍ തുടങ്ങിയവയാണ്. ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പൊതുപ്രമാണങ്ങള്‍ ഏതൊക്കെയെന്നും അവ എങ്ങനെയാണ് പരിഗണിക്കേണ്ടതെന്നും 74 മുതല്‍ 78 വരെയുള്ള വകുപ്പുകള്‍ പ്രതിപാദിക്കുന്നു. പ്രമാണങ്ങള്‍ സംബന്ധിച്ച അനുമാനങ്ങള്‍ 79 മുതല്‍ 90 വരെയുള്ള വകുപ്പുകളില്‍ പറയുന്നു. പ്രമാണരൂപത്തിലുള്ള തെളിവുകള്‍ വാക്കാല്‍ തെളിവിനെ ഒഴിച്ച് നിര്‍ത്തുന്നതായി 91 മുതല്‍ 100 വരെയുള്ള വകുപ്പുകളില്‍ വിശദീകരിക്കുന്നു. ഓരോ കേസുകളിലും തെളിവ് ഭാരം ആര്‍ക്കാണെന്നും, അത് എങ്ങനെ തെളിയിക്കണമെന്നും അതിന്റെ ഫലപ്രാപ്തിയും 101 മുതല്‍114 എ വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു വ്യക്തി ഊന്നിപ്പറയുന്ന വസ്തുതകളുടെ അസ്തിത്വത്തെ ആശ്രയിച്ചിരിക്കുന്ന നിയമാനുസൃതമുള്ള ഏതെങ്കിലും അവകാശമോ ബാധ്യതയോ സംബന്ധിച്ച് ഏതെങ്കിലും വസ്തുതകള്‍ക്ക് അസ്തിത്വമുണ്ടെന്ന് തെളിയിക്കണം. ഏതെങ്കിലും വസ്തുതയുടെ അസ്തിത്വം തെളിയിക്കാന്‍ ഒരു വ്യക്തി ബാധ്യസ്ഥനായിരിക്കുമ്പോള്‍ അത് തെളിയിക്കേണ്ട ഭാരം അയാള്‍ക്ക് ആണെന്ന് പറയപ്പെടുന്നു. ഉദാഹരണം: രാമന്‍ ചെയ്തിട്ടുണ്ടെന്ന് കൃഷ്ണന്‍ പറയുന്ന ഒരുകുറ്റത്തിന് രാമനെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി പ്രസ്താവിക്കണമെന്ന് കൃഷ്ണന്‍ ആഗ്രഹിക്കുന്നു. ഇത് സാധിക്കണമെങ്കില്‍ രാമന്‍ പ്രസ്തുത കുറ്റം ചെയ്തിട്ടുണ്ടെന്ന് കൃഷ്ണന്‍ തെളിയിക്കണം. വാദതടസ്സം സംബന്ധിച്ച വിശദീകരണങ്ങളാണ് 115 മുതല്‍ 117 വരെയുള്ള വകുപ്പുകളില്‍ പറഞ്ഞിട്ടുള്ളത്. നേരത്തെ സമ്മതിക്കുകയോ, അംഗീകരിക്കുകയോ ചെയ്ത ചില കാര്യങ്ങള്‍ മാറ്റിപ്പറയാന്‍ ഈ വകുപ്പുകള്‍ മൂലം ആരെയും അനുവദിക്കുന്നില്ല. സാക്ഷികളെ സംബന്ധിച്ച വിവരങ്ങളാണ് 118 മുതല്‍ 134 വരെയുള്ള വകുപ്പുകള്‍ പറയുന്നത്. ആര്‍ക്കെല്ലാം സാക്ഷിയാകാമെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. മുഴുവന്‍ ആളുകളും അവരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കുകയോ, ആ ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുകയോ, ചെയ്യുന്നതില്‍നിന്ന് ചെറുപ്രായമോ വാര്‍ദ്ധക്യമോ, ശാരീരികമോ, മാനസികമായ രോഗങ്ങളോ മൂലമോ അല്ലെങ്കില്‍ അപ്രകാരമുള്ള മറ്റേതെങ്കിലും കാരണത്താലോ തടയപ്പെട്ടിരിക്കുന്നുവെന്ന് കോടതി കരുതാത്തപക്ഷം സാക്ഷി പറയാന്‍ യോഗ്യതയുള്ളവരായിരിക്കുന്നതാണ്. സാക്ഷി വിചാരണ സംബന്ധിച്ച 135 മുതല്‍ 166 വരെയുള്ള വകുപ്പുകളില്‍ വിശദമായി പ്രതിപാദിക്കുന്നു. സാക്ഷികളെ ഹാജരാക്കുകയും വിചാരണ നടത്തുകയും ചെയ്യുന്ന ക്രമം കോടതിയുടെ വിവേകം അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു. ഹാജരാക്കുന്ന സാക്ഷികളെ ആദ്യം ആദ്യവിസ്താരം ചെയ്യുന്നു. പിന്നീട് എതിര്‍കക്ഷി ആഗ്രഹിക്കുന്നു എങ്കില്‍ എതിര്‍വിസ്താരം ചെയ്യുകയും പിന്നീട് അയാളെ വിളിച്ചുവരുത്തിയ കക്ഷി ആഗ്രഹിക്കുന്നുവെങ്കില്‍ പുനര്‍വിസ്താരം ചെയ്യുകയും ചെയ്യാം. ഈ വിചാരണക്രമം 138-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു. പുനര്‍വിസ്താരം എതിര്‍വിസ്താരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളുടെ വിശദീകരണത്തെക്കുറിച്ച് മാത്രമായിരിക്കേണ്ടതും, പുതിയ വിഷയം കോടതിയുടെ അനുവാദത്തോടുകൂടി പുനര്‍വിസ്താരത്തില്‍ വന്നിട്ടുണ്ടെങ്കില്‍ എതിര്‍കക്ഷിക്ക് ആ വിഷയത്തെ സംബന്ധിച്ച് വീണ്ടും എതിര്‍വിസ്താരം ചെയ്യാവുന്നതാണ്. സൂചക ചോദ്യങ്ങളെക്കുറിച്ച് 141 മുതല്‍ 143 വരെയുള്ള വകുപ്പുകളില്‍ പറയുന്നു. ചോദ്യം ചോദിക്കുന്ന വ്യക്തി ലഭിക്കാന്‍ അഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ ചെയ്യുന്ന ഉത്തരം സൂചിപ്പിക്കുന്ന ഏതെങ്കിലും ചോദ്യത്തിനെ സൂചക ചോദ്യം എന്നുപറയും. സൂചക ചോദ്യങ്ങള്‍ എതിര്‍കക്ഷി എതിര്‍ക്കുന്നപക്ഷം ഒരു ആദ്യവിസ്താരത്തിലോ, പുനര്‍വിസ്താരത്തിലോ കോടതിയുടെ അനുമതിയോടു കൂടിയല്ലാതെ ചോദിക്കാന്‍ പാടില്ല. എന്നാല്‍ എതിര്‍ വിസ്താരത്തില്‍ സൂചക ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. എതിര്‍വിസ്താരത്തില്‍ സാക്ഷിയുടെ സത്യസന്ധത പരീക്ഷിക്കുന്ന ചോദ്യങ്ങള്‍ അയാള്‍ ആരാണെന്നും, ജീവിതത്തില്‍ അയാള്‍ക്കുള്ള സ്ഥിതി എന്താണെന്നും വെളിപ്പെടുത്തുന്ന പ്രവണതയുള്ള ചോദ്യങ്ങള്‍, അയാളുടെ സ്വഭാവത്തിന് ഹാനി ഉണ്ടാക്കുകയും അയാളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുകയും ചെയ്യുന്ന ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാക്ഷിയെ നിര്‍ബന്ധിക്കണമോ, വേണ്ടയോ എന്ന് കോടതി തീരുമാനിക്കേണ്ടതും അതിന് മറുപടി പറയാന്‍ അയാള്‍ ബാധ്യസ്ഥനല്ലെന്ന് കോടതി കരുതുന്നപക്ഷം സാക്ഷിക്ക് മുന്നറിയിപ്പ് നല്‍കാം. അപമാനിക്കുകയോ, വിഷമിപ്പിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ചോദ്യമാണെന്ന് കോടതിക്ക് തോന്നിയാല്‍ അത്തരം ചോദ്യം കോടതി വിലക്കണമെന്ന് 152-ാം വകുപ്പ് പറയുന്നു. അതുപോലെ തന്നെ ഒരു സാക്ഷിയുടെ വിശ്വാസ്യതയെ 155-ാം വകുപ്പനുസരിച്ച് ചോദ്യം ചെയ്യാം. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

മരണമൊഴിയുടെ പ്രസക്തി
-°C 