| പറയുന്നവരും കേള്‍ക്കുന്നവരും |
പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുടെ ആരംഭ പരിണാമങ്ങളിലൂടെ... ബെന്നി ബഹനാന്‍ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും സംഭവബഹുലവുമായ ദശകം 1880 മുതല്‍ ആരംഭിക്കുന്ന വര്‍ഷങ്ങളാണ്. ആ പത്തുവര്‍ഷക്കാലത്തിനിടയില്‍ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലുണ്ടായ പരിവര്‍ത്തനം അത്ഭുതാവഹമായിരുന്നു. പില്‍ക്കാല കേരളീയസമൂഹം നടത്തിയ എല്ലാ പുരോഗമനപരമായ കുതിപ്പുകളുടെയും ദശകമായിരുന്നു 1880കള്‍. ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് 1888ല്‍ ആണ്. മലയാളത്തില്‍ ലക്ഷണയുക്തമായ നോവലും മറ്റ് കനപ്പെട്ട സാഹിത്യകൃതികളും രചിക്കപ്പെട്ടതും ആ ദശകത്തിലാണ്. നസ്രാണി ദീപിക, മലയാള മനോരമ എന്നീ പത്രങ്ങളുടെ ആരംഭം കുറിച്ചതും ഈ കാലഘട്ടത്തിലാണ്. സര്‍വ്വോപരി ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയ്ക്ക് ആരംഭംകുറിച്ച ദശകവും ഇതുതന്നെ. അങ്ങനെ മലയാള ഭാഷയുടെയും കേരളീയ സമൂഹത്തിന്റെയും ഇന്ന് നമുക്ക് പരിചിതമായ പത്രപ്രവര്‍ത്തനത്തിന്റെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്ന ദശകം എന്ന നിലയില്‍ 1880കളെ കേരള ചരിത്രത്തിലെ സുവര്‍ണ്ണകാലം എന്ന് ധൈര്യമായി വിശേഷിപ്പിക്കാം. നമ്മുടെ സാമ്പ്രദായിക ചരിത്രകാരന്മാരാരും ഈ വസ്തുത സ്പഷ്ടമായി ഇങ്ങനെ നിര്‍വചിച്ചിട്ടില്ല. എങ്കിലും ചരിത്രാന്വേഷികളെ ആകര്‍ഷിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ സംഭവങ്ങളുടെ ഒരു ദശകമാണത്. ശ്രീമൂലം പ്രജാസഭ ഇന്ത്യയില്‍ മറ്റൊരു നാട്ടുരാജ്യത്തും ഇല്ലാത്ത നിയമനിര്‍മ്മാണ സംവിധാനമായിരുന്നു. സമൂഹത്തിന്റെ നാനാമേഖലയില്‍നിന്ന് ജനപ്രതിനിധികളെ തിരുവിതാംകൂര്‍ രാജാവ് പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ജനങ്ങളുടെ വോട്ടെടുപ്പിലൂടെ അല്ലാതെ തന്നെ വിവിധ ജനവിഭാഗങ്ങള്‍ക്ക് സഭയില്‍ പ്രതിനിധികളുണ്ടായി എന്നത് 19-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ അത്ഭുതമായി തോന്നാം. മഹാകവി കുമാരനാശാന്‍, ദളിത് സമൂഹത്തിന്റെ അനിഷേധ്യനേതാവായിരുന്ന അയ്യങ്കാളി എന്നിവര്‍ പ്രജാസഭയില്‍ അംഗങ്ങളായിരുന്നു എന്ന കാര്യം മറന്നുകൂടാ. ഇത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ആദ്യപരീക്ഷണങ്ങള്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് അരങ്ങേറുമ്പോള്‍ ഇന്ത്യയിലെ ഇതരപ്രദേശങ്ങള്‍ സാമൂഹികമായി കൂരിരുട്ടിലായിരുന്നു എന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ നിയമസഭാ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതിയും പിച്ചവച്ച് തുടങ്ങിയത് ഈ കാലഘട്ടത്തില്‍ തന്നെ. കുമാരനാശാന്റെ വിവേകോദയം മാസികയിലും അക്കാലത്തെ വര്‍ത്തമാന പത്രങ്ങളിലും പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവിടെ നടന്ന ചര്‍ച്ചകളെക്കുറിച്ചും അംഗങ്ങളുടെ പ്രസംഗങ്ങളെപറ്റിയും റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും കേരളം രൂപപ്പെടുന്നതില്‍ ആ റിപ്പോര്‍ട്ടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇരുപതാംനൂറ്റാണ്ടിന്റെ ഉദയം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെയും അസ്വസ്ഥതകളുടെയും അസമത്വങ്ങളുടെയും ഇരുള്‍ നീക്കിക്കൊണ്ടായിരുന്നു. ജനങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ആരംഭംകുറിച്ചുകൊണ്ട് നാടുനീളെ സ്‌കൂളുകള്‍ തുറക്കാന്‍ രാജഭരണകൂടം നിര്‍ബന്ധിതമായി. സന്നദ്ധസമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ദിവാന്‍ ഭരണകൂടം വ്യവസ്ഥകളോടെ അനുമതി നല്കി. ബ്രിട്ടീഷ് മേല്‍ക്കോയ്മ നിലനിന്നു എങ്കിലും ജനങ്ങളുടെ പ്രക്ഷോഭവാസനയെ പ്രചോദിപ്പിക്കാന്‍ ഉല്പതിഷ്ണുക്കളായ നേതാക്കള്‍ ധാരാളമായി വളര്‍ന്നുവരികയുണ്ടായി. ബാരിസ്റ്റര്‍ ജി.കെ. പിള്ള, ഡോ. പി. പല്‍പു, സി. കേശവന്‍, സി.വി. കുഞ്ഞിരാമന്‍, വക്കം മൗലവി, കേസരി എ. ബാലകൃഷ്ണപിള്ള, മൂലൂര്‍ പത്മനാഭപണിക്കര്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, ദേവ്ജി ഭിംജി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പി. കൃഷ്ണപിള്ള, കെ. കേളപ്പന്‍, മന്നത്ത് പത്മനാഭന്‍, പൊന്നറ ശ്രീധര്‍, എന്‍.സി. ശേഖര്‍ തുടങ്ങി നിരവധിപേര്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്താന്‍ തീവ്രമായി പരിശ്രമിച്ചുപോന്നു. തിരുവിതാംകൂറിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കുകയും ചുരുക്കമായ സര്‍ക്കാര്‍ ജോലികള്‍ അന്യസംസ്ഥാനത്തുള്ളവര്‍ ദിവാന്‍ ഭരണത്തിന്റെ തണലില്‍ അപഹരിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപകമായ അമര്‍ഷം ഉടലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് സംഘടിതമായ മുന്നേറ്റങ്ങള്‍ സാമുദായിക തലത്തിലും അല്ലാതെയും ജനങ്ങളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരുന്നു. നിവര്‍ത്തന പ്രക്ഷോഭണം എന്നപേരില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ സമരങ്ങളില്‍ ചെറുപ്പക്കാര്‍ വന്‍തോതില്‍ അണിചേരാന്‍ തുടങ്ങി. തിരുവിതാംകൂര്‍ പലതരം സംഘട്ടനങ്ങള്‍ക്ക് വേദിയായി. സമത്വവാദി, കേസരി തുടങ്ങിയ പത്രങ്ങളിലൂടെ എ. ബാലകൃഷ്ണപിള്ള തിരുവിതാംകൂര്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു. ദിവാന്റെ വ്യക്തിജീവതത്തെപ്പോലും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ പത്രത്തില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചു. ജനങ്ങളുടെ വായനാശീലവും അറിവിനുവേണ്ടിയുള്ള അന്വേഷണവും വളര്‍ത്താന്‍ ഈ കാലഘട്ടത്തില്‍ പത്രങ്ങളില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മലയാളരാജ്യം പത്രത്തിലും സുജനാനന്ദിനിയിലും സി.വി. കുഞ്ഞിരാമന്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ ജനങ്ങളുടെ അറിവിന്റെ ചക്രവാളം വികസ്വരമാക്കി. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവായി കുഞ്ഞിരാമനെ കേരളം പില്‍ക്കാലത്ത് തിരിച്ചറിഞ്ഞത് ഈ പത്രക്കുറിപ്പുകളിലൂടെയാണ്. ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലൊന്നും ഉണ്ടാകാത്ത സമഗ്രമായ ഒരു സാംസ്‌കാരിക ഉന്നമനമാണ് കേരളത്തില്‍ സംഭവിച്ചത്. മുംബൈ, കല്‍ക്കത്ത, ഡല്‍ഹി, മദ്രാസ് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും പത്രപ്രവര്‍ത്തനവും കേരളത്തില്‍ നഗര-ഗ്രാമ ഭേദമെന്യേ സാര്‍വത്രികമായി ജനങ്ങളെ സ്വാധീനിച്ചു. സാക്ഷരതാ നിലവാരം മെച്ചപ്പെടുന്നതോടൊപ്പം പത്രപാരായണ ശീലവും ജനങ്ങളില്‍ ആവേശകരമായി വളര്‍ന്നുവന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ അതിനിടെ കടന്നുപോയി. പട്ടിണിയും പകര്‍ച്ചവ്യാധിയുംകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പത്രങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ലോകത്തെ അറിയുവാന്‍ അന്നത്തെ ജനങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. സാക്ഷരത നേടിയവരെല്ലാം അറിവ് വളര്‍ത്താന്‍ പത്രമാസികകളെയാണ് ആശ്രയിച്ചത്. അങ്ങനെ സമൂഹത്തിന്റെ അവശ്യഘടകമായി കേരളത്തില്‍ പത്രങ്ങള്‍ വന്‍പ്രചാരം കൈവരിച്ചു. കേരളത്തില്‍ ഏത് കുഗ്രാമത്തിലും പത്രം വായന ശീലമായി. വിലകൊടുത്ത് പത്രം വാങ്ങാന്‍ കഴിയാത്തവര്‍. വായനശാലകളാരംഭിച്ച് പത്രവായനയ്ക്ക് സമയം കണ്ടെത്തി. ഗ്രാമത്തിലെ ഒരു കടത്തുവള്ളത്തില്‍ കടത്തുകാരനൊഴികെ ഉള്ളവരെല്ലാം മറുകരയെത്തുന്ന സമയത്തിന്റെ മുഷിപ്പു മാറ്റാന്‍ ഓരോ പത്രവും നിവര്‍ത്തിയിരുന്ന് വായിക്കുന്ന അത്യപൂര്‍വ്വ കാഴ്ച പുറം നാടുകളില്‍നിന്ന് കേരളം സന്ദര്‍ശിക്കാനെതിയവരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ചായക്കടയില്‍ പ്രഭാതത്തില്‍ കലാശാല പ്രൊഫസറും കര്‍ഷകത്തൊഴിലാളിയും കൂലിപ്പണിക്കാരനും ഒരുമിച്ചിരുന്ന് ദിനപ്പത്രം വായിച്ച് ചര്‍ച്ച ചെയ്യുന്ന രീതിയും ഭൂമുഖത്ത് കേരളത്തില്‍ മാത്രം കാണുന്ന കാഴ്ചയായിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ സാംസ്‌കാരിക ഉന്നമനത്തില്‍ പത്രങ്ങള്‍ ചെലുത്തിയ സ്വാധീനശക്തി എത്രമാത്രമെന്ന് തിട്ടപ്പെടുത്താനാവാത്തവിധം വിപുലമാണ്. പ്രജാമണ്ഡല കാലംമുതല്‍ നിയമനിര്‍മ്മാണ സഭയിലെ പ്രസംഗങ്ങളും ചര്‍ച്ചകളും ജനങ്ങളുടെ നിത്യകൗതുകമായിരുന്നു. ഇന്നത്തെപോലെ റിപ്പോര്‍ട്ടിംഗ് രീതി ശാസ്ത്രീയമായി വിപുലപ്പെട്ടിരുന്നില്ലെങ്കിലും രാവിലെ മുതല്‍ വൈകുന്നേരംവരെ സഭയില്‍ നടക്കുന്ന ചര്‍ച്ച കാലാനുക്രമം ഒന്നുപോലും വിടാതെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഉണ്ടായിരുന്നു. രാജാവിനെയും ദിവാനെയും പ്രശംസിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന റിപ്പോര്‍ട്ടിംഗ് ശൈലിയായിരുന്നു അന്നത്തേത്. ''മഹാരാജാ രാജശ്രീ സചിവോത്തമന്‍ ശ്രീമൂലം തിരുനാള്‍ അവര്‍കള്‍...'' എന്നു തുടങ്ങുന്ന സംബോധനാരീതി ഇന്നത്തെ പത്രപ്രവര്‍ത്തകരില്‍ പരിഹാസം ജനിപ്പിച്ചേക്കാം. രാവിലെ സഭാനടപടികള്‍ ആരംഭിച്ചതുമുതല്‍ സഭയില്‍ നടന്ന ഓരോ കൃത്യവും കാലാനുക്രമം വിവരിച്ച്, ഒടുവില്‍ വൈകുന്നേരം സഭ പിരിയുന്നതിന് അല്പംമുമ്പ് സഭാ കവാടത്തില്‍ അഗ്നിബാധ ഉണ്ടായി ഏതാനുംപേര്‍ പൊള്ളലേറ്റു മരിച്ചു എന്ന് അവസാനിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് ശൈലി ഇന്ന് ആരെയാണ് രസിപ്പിക്കാത്തത്. ജനങ്ങളുടെ അവകാശബോധവും നിവര്‍ത്തന പ്രക്ഷോഭണവും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സംഘടിത പ്രവര്‍ത്തനങ്ങളും പത്രങ്ങളുടെ പ്രചാരവും ഒരുപോലെയാണ് തിരുവിതാംകൂര്‍ ദേശത്ത് സ്വാധീനം ഉണ്ടാക്കിയത്. മലബാര്‍പ്രദേശം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു. അവിടെ ദേശീയപ്രസ്ഥാനം കേളപ്പന്റെയും മറ്റ് നേതൃത്വത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. തിരുകൊച്ചി പ്രദേശം ദേശീയ സ്വാതന്ത്ര്യസമരത്തെക്കാള്‍ പ്രാധാന്യത്തോടെ ശ്രദ്ധിച്ചത് നിവര്‍ത്തന പ്രക്ഷോഭത്തിലായിരുന്നു. നിയമനിര്‍മ്മാണസഭ തിരുവിതാംകൂറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ സ്വാഭാവികമായും നിയമസഭാ റിപ്പോര്‍ട്ടിംഗിന്റെ ആദിരൂപങ്ങളും മലയാള ഭാഷയില്‍ ഉടലെടുത്തത് തിരുവിതാംകൂറിലാണ്. 1957 ല്‍ ഭാഷാസംസ്ഥാനം രൂപംകൊള്ളുന്നതിന് മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും ജനപ്രതിനിധി സഭകള്‍ തിരഞ്ഞെടുപ്പിലൂടെ രൂപംകൊണ്ടു. രാജഭരണത്തിന്റെ അന്ത്യംകുറിച്ചശേഷം ഉടലെടുത്ത ആ സഭകളിലും തിരുകൊച്ചി സംസ്ഥാനത്തുണ്ടായ നിയമനിര്‍മ്മാണ സഭയിലും രാഷ്ട്രീയവും ഭരണപരവുമായ അനിശ്ചിതാവസ്ഥ നിലനിന്നു. 1947 മുതല്‍ ഒരു ദശകക്കാലം ഈ അനിശ്ചിതാവസ്ഥയുടെ കാലമായിരുന്നു. പത്തുകൊല്ലത്തിനിടയില്‍ തിരുകൊച്ചിയില്‍ പത്ത് മന്ത്രിസഭ വരുകയും പോവുകയും ചെയ്തു. ആ സാഹചര്യത്തിലാണ് കേരള സംസ്ഥാനം രൂപംകൊണ്ട ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ല്‍ നടന്നത്. ഇന്ത്യ സ്വതന്ത്രമായില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആകസ്മികമായ വിജയത്തിന് 1957 ല്‍ കേരളത്തില്‍ രാഷ്ട്രീയസാഹചര്യമൊരുങ്ങിയത് ജനങ്ങളെല്ലാം കമ്യൂണിസ്റ്റ് ആശയഗതികളില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടായിരുന്നില്ല. മറിച്ച് കോണ്‍ഗ്രസ് പങ്കാളിത്തമുള്ള കൂട്ടുമന്ത്രിസഭകള്‍ ഭരണസ്ഥിരത ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ 1957 ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ വരാന്‍ ഇടയായത്. പിന്നീടൊരിക്കല്‍പോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ കേരളത്തില്‍ അവസരമുണ്ടായിട്ടില്ല. കേരളം ജനാധിപത്യ പരീക്ഷണങ്ങളുടെ എക്കാലത്തെയും കളിത്തൊട്ടിലായി മാറിക്കൊണ്ടിരുന്നു. ലോകം കൗതുകപൂര്‍വ്വം കേരളീയ സമൂഹത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ചു. സാക്ഷരതയില്‍ ഉന്നതമായ നിലവാരം. ആരോഗ്യ പരിപാലനത്തില്‍ മാതൃകാപരമായ മുന്നേറ്റം. സ്ത്രീവിദ്യാഭ്യാസത്തില്‍ ലോകത്തിനാകെ മാതൃക. രാഷ്ട്രീയപ്രബുദ്ധതതയില്‍ ഉന്നത നിലവാരം. അതേസമയം തന്നെ സാമ്പത്തിക വിനിമയത്തില്‍ വളരെ പിന്നിലും. വിദ്യാഭ്യാസപരമായ വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തത് എന്തെന്ന ചോദ്യം ആസൂത്രണവിദഗ്ദ്ധരുടെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. (തുടരും) (കേരള നിയമസഭാംഗവും വീക്ഷണം മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍) |
| < മുന്‍ പേജ് | അടുത്തത് > |
|---|

പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുടെ ആരംഭ പരിണാമങ്ങളിലൂടെ...
-°C 