| 30 ലക്ഷം ജീവനുകളെ പന്താടുന്ന നയം തമിഴ്‌നാട് തിരുത്തണം: പി.ജെ ജോസഫ് |
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാടിനെതിരേ മന്ത്രി പി.ജെ ജോസഫ്. സംസ്ഥാനത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും വികാരത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന നിലപാടായിരുന്നു മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പങ്കു വച്ചത്. സംസ്ഥാനത്തെ 30 ലക്ഷം ജീവനുകളാണ് തമിഴ്‌നാട് പന്താടുന്നത്. ഈ നിലപാടു തിരുത്തണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയപാര്‍ട്ടികള്‍ അഭിപ്രായം പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ എം.എല്‍.എ മാരും രാഷ്ട്രീയപാര്‍ട്ടികളും മുല്ലപ്പെരിയാര്‍ കാര്യത്തില്‍ പുനശ്ചിന്തനം നടത്തണം. മന്ത്രിസ്ഥാനം പോയാലും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പോരാട്ടം തുടരും. തമിഴ്‌നാടിന്റെ മനസാക്ഷി ഉണര്‍ത്താന്‍ ഗാന്ധിയന്‍ രീതിയില്‍ ആവശ്യമെങ്കില്‍ നിരാഹാരസമരം നടത്താനും താന്‍ തയാറാകുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഡാം പണിയാന്‍ തമിഴ്‌നാട് സമ്മതം നല്‍കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം ഇന്ത്യയുടെ പ്രശ്‌നമായി കണ്ട് എം പിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കണം. മുല്ലപ്പെരിയാറില്‍ 20 ഓളം തുടര്‍ഭൂചലനമുണ്ടായിട്ടും ഡാം സുരക്ഷിതമാണെന്നാണ് തമിഴ്‌നാടിന്റെ പ്രതിനിധികള്‍ പ്രചാരണം നടത്തുന്നത്. ഡാം സുരക്ഷിതമാണോയെന്നു നിക്ഷ്പക്ഷമായി വിലയിരുത്തണം. മുല്ലപ്പെരിയാര്‍ ഡാം ബലഹീനമാണെന്നു ആദ്യം പറഞ്ഞത് കേരളമല്ല, 1978 ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനാണ്. പുതിയ ഡാം നിര്‍മിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനി ഡാമിനു നിശ്ചയിച്ച കാലപരിധി 70 വര്‍ഷമാണ്. എന്നാല്‍, ഇപ്പോള്‍ 32 വര്‍ഷം അധികരിച്ചു. തുടര്‍ഭൂചലനത്തെത്തുടര്‍ന്നു ഡാമിന്റെ അടിത്തട്ട് ഇളകിയാടുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ ഡാം തകരുമെന്നു റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറക്കുന്നതോടെ മുല്ലപ്പെരിയാറിലെ ജലത്തിന്റെ അളവ് ഏഴ് ടി.എം.സിയായി കുറയും. ഇപ്പോള്‍ 15 ടി.എം.സി വെള്ളമാണുള്ളത്.അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍, ദുരന്തത്തിന്റെ അളവ് കുറക്കാന്‍ ജലനിരപ്പ് താഴ്ത്തുന്നതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 120 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തിയാല്‍ തമിഴ്‌നാടിന് കാര്‍ഷികാവശ്യത്തിനുളള ജലത്തില്‍ കുറവുവരില്ല. ഡാമില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അവസാനമായി ഉണ്ടായത്. റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 6 മുതല്‍ 6.5 വരെ തീവ്രതയുള്ള ചലനങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംപവേര്‍ഡ് കമ്മിറ്റി റൂര്‍ക്കി ഐ.ഐ.ടി വിദഗ്ദ്ധരെ വിസ്തരിക്കാന്‍ തയാറാകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പുതിയ ഡാം പണിയാന്‍ അനുവദിക്കണമെന്നു 28-ന് പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടും. സുപ്രിംകോടതിയും ഇക്കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം തകരുന്നതോടെ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളും തകരും. മുല്ലപ്പെരിയാറില്‍നിന്നും 15 ടി.എം.സി ജലം താഴേക്ക് പതിച്ച് ഇടുക്കി ഡാമിലെത്തിയാല്‍ ഇവ തകരും. അപകടമേഖലയായ വണ്ടിപ്പെരിയാറിലെ 70,000 ജനങ്ങളില്‍ 30,000 പേര്‍ തമിഴ്‌നാട്ടുകാരാണ്. ഡാം തകരുന്നതോടെ തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ചു ജില്ലകളിലെ കൃഷികള്‍ നശിക്കും. പുതിയ ഡാം പണിതാലും തമിഴ്‌നാടിനു മുന്‍കാലങ്ങളിലേപ്പോലെ ജലം നല്‍കും. ഇക്കാര്യത്തില്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണ്. അഖിലകക്ഷി യോഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്‌നാടിന് നല്‍കി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇന്നത്തെ അവസ്ഥയെ ഏറെ ഗൗരവത്തോടെ തമിഴ്‌നാടും കാണണം. എവിടെ വേണമെങ്കിലും ഇത്തരം കരാറിന് കേരളം തയാറാണെന്നും മന്ത്രി പറഞ്ഞു.സുപ്രിംകോടതി ഉന്നതാധികാര സമിതി പ്രശ്‌നത്തെ ഗൗരവമായി കാണണം. ഈ സാഹചര്യത്തില്‍ ഡാം സുരക്ഷാ അതോറിട്ടി സുപ്രിംകോടതിയില്‍ കക്ഷിചേരണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാടിനെതിരേ മന്ത്രി പി.ജെ ജോസഫ്. സംസ്ഥാനത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും വികാരത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന നിലപാടായിരുന്നു മന്ത്രി 
-°C 