|
വി.കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍' ഉടനെത്തും |
 സ്റ്റീഫന്‍ ലൂയിസിന് ശാരീരികമായ ഏറെ ബലഹീനതകളുണ്ട്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരെ പോലെ ചലിക്കാന്‍ അവന് കഴിയില്ല. എന്നിരുന്നാലും അവന്റെ മനസിന് ഒരു കോട്ടവുമില്ല.
അവന്‍ സുന്ദരമായ കാര്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നു. സംഗീതം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. കാഴ്ചയില്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്ത്രീകളെയാണ്. കോടികളുടെ ആസ്തിയുള്ള സ്റ്റീഫന്‍ ലൂയിസിന് എല്ലാ സമ്പാദ്യവും പാരമ്പര്യമായി ലഭിച്ചതാണ്. ശരീരത്തിനു മാത്രമേ സ്റ്റീഫന്‍ ലൂയിസിന് ബലഹീനതയുള്ളു. മനസ് എപ്പോഴും ഊര്‍ജ്ജസ്വലമാണ്. അതുകൊണ്ടു തന്നെ സ്റ്റീഫന്റെ ജീവിതത്തില്‍ എന്നും പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കുന്നു. ജീവിതം ആസ്വദിക്കേണ്ടതുണ്ടെന്നാണ് സ്റ്റീഫന്‍ ലൂയിസിന്റെ കാഴ്ചപ്പാട്. അങ്ങനെയുള്ള സ്റ്റീഫന്‍ ലൂയിസിന്റെ ജീവിതത്തിലേക്കാണ് ജോണ്‍ എന്ന യുവാവ് കടന്നുവരുന്നത്. ജോണ്‍ ഗിറ്റാറിസ്റ്റാണ്. ഈ സൗഹൃദം പുതിയ ചില കാഴ്ചപ്പാടുകള്‍ക്ക് കാരണമായി. ഒരാളുടെ കയ്യില്‍ ഇഷ്ടം പോലെ പണം. ഈ പണം കൊണ്ട് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്ന മറ്റൊരാള്‍ ചിന്തിക്കുന്നു. അതിനായി അവര്‍ യാത്രക്കിറങ്ങുന്നു. ഈ യാത്രക്കിടയിലാണ് അഞ്ജലി എന്ന പെണ്‍കുട്ടി അവര്‍ക്കിടയിലേക്ക് എത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. ഇവിടെ സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഈ ചിത്രത്തിന്റെ മേജര്‍ പോര്‍ഷനും ചിത്രീകരിച്ചു കഴിഞ്ഞു. സ്റ്റീഫന്‍ ലൂയിസിന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. മേഘ്‌നാ രാജാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിക്കുന്നത്. അപര്‍ണ്ണ, പാര്‍വ്വതി നായര്‍, ടിനി ടോം, ജയന്‍, നന്ദ, കെ.ബി വേണു, തെസ്‌നിഖാന്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. അനൂപ് മേനോന്‍ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. സംഗീതം - രതീഷ് വൈഗ. ഛായാഗ്രഹണം - ജോമോന്‍ ടി.ജോണ്‍.
|