ചരിത്രത്തിലെ നേരും നുണയും-8
Imageകെ.എം ചുമ്മാര്‍
കെ.സി.എസ് മണിയുടെ സാഹസികത ഇ.എം.എസിന്റെ കള്ളച്ചരിത്രം
സ്റ്റേറ്റ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്ന അന്തിമസമരത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹകരണം ലഭ്യമാക്കാനാണ് ആലോചനയെന്ന് പോത്തന്‍ പറഞ്ഞുവെങ്കിലും പുന്നപ്ര-വയലാറിലെ പരാജയത്തിന്റെ ജാള്യത തീര്‍ക്കാര്‍ സ്റ്റേറ്റ് കോണ്‍ഗ്രസുമായി ഒരു സഖ്യം ഉണ്ടാക്കുകയെന്നതായിരുന്നു കമ്യൂണിസ്റ്റുകളുടെയും അവരുടെ സഹയാത്രികനായിരുന്ന പോത്തന്റെയും ഉള്ളിരുപ്പ്.
അക്കാര്യം മനസ്സിലാക്കിയ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ ആലോചന തുടരാന്‍ താല്പര്യം കാണിച്ചില്ല.
കമ്യൂണിസ്റ്റുകളുടെ വാരിക്കുന്ത വിപ്ലവമല്ല, കെ.സി.എസ് മണിയുടെ വാള്‍ പ്രയോഗത്തിലാണ് സര്‍ സി.പി.യുടെ രാജിക്കും തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിന്റെ അന്ത്യത്തിനും വഴിതെളിച്ചതെന്നും ഈ നാട്ടിലെ കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലുമറിയാം. എന്നിട്ടും നമ്പൂതിരിപ്പാട് നാണമില്ലാതെ എഴുതിവിട്ടു-''ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഭവമായി പുന്നപ്ര- വയലാര്‍ മാറി: വയലാര്‍ രക്തം നമ്മുടെ രക്തം  എന്ന മുദ്രാവാക്യം കേരളത്തിലാകെ പൊതുവിലും തിരുവിതാംകൂറില്‍ പ്രത്യേകിച്ചും പടര്‍ന്നു കയറി. ഇതില്‍ പ്രകടമായ ജനവികാരത്തിന്റെ ആഘാതമേറ്റ് ഒരു വര്‍ഷത്തിനകം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടു.'' (ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍- പേജ് 90)എന്തൊരു തൊലിക്കട്ടി! സര്‍ സി.പി.യെ പരുക്കുകളുമായി പറഞ്ഞുവിട്ട രഹസ്യാലോചനയില്‍ മുഖ്യമായ പങ്കുവഹിച്ച ശ്രീകണ്ഠന്‍നായരെക്കുറിച്ച് നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നതെന്താണെന്നു നോക്കുക-
''സ്വാഭാവികമായി ഈ വിപ്ലവം അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്... ഈ സംഭവത്തെ ആസ്പദമാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അപലപിക്കുന്ന 'ചാരുകസേര വിപ്ലവകാരികളും' ഉണ്ട്. അവരില്‍ ഒരാള്‍ 'വഞ്ചിക്കപ്പെട്ട വേണാട് എന്ന തലവാചകത്തില്‍ ഒരു ലഘുഗ്രന്ഥം തന്നെ എഴുതി.' (അതേ പേജ്)'കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥത്തിലും ഈ നാണംകെട്ട അവകാശവാദം ഇ.എം.എസ് ആവര്‍ത്തിച്ചിട്ടുള്ളതു നോക്കുക-
 
''ഇതിനെല്ലാം വഴിയൊരുക്കിയത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ അദ്ദേഹം പങ്കെടുത്തു കൊണ്ടിരുന്ന ഒരു ഔദ്യോഗിക ചടങ്ങിനിടയ്ക്ക് വെട്ടാനൊരുങ്ങിയ ഒരു യുവാവിന്റെ ധീരതയാണെന്ന് പറഞ്ഞു പരത്താന്‍ അന്നുതന്നെ പലരും ശ്രമിച്ചു. ഇന്നും ആശ്രമം നടക്കുന്നുണ്ട്. നിവര്‍ത്തനപ്രസ്ഥാനം തൊട്ട് ഒന്നാം ഉത്തരവാദ ഭരണസമരത്തിലൂടെ വളര്‍ന്നുവന്ന തിരുവിതാംകൂറിലെ ബഹുജന പ്രസ്ഥാനം, അതിന്റെ മുന്‍നിരയില്‍ നിന്ന ആലപ്പുഴ തൊഴിലാളിവര്‍ഗ്ഗം തുടര്‍ച്ചയായി നടത്തിയ സംഘടിത സമരങ്ങള്‍-ഇവയെ എല്ലാം നിസ്സാരമായിത്തള്ളി സര്‍ സി.പിയെ വെട്ടിയ ഒരു സാഹസിക യുവാവിന്റെ വൈയക്തി ധീരതയെ പൊക്കിക്കാണിക്കാനുള്ള ശ്രമമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.'' (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍- ഭാഗം ഒന്ന്, പേജ് 266)
എത്ര ക്രൂരമായ നന്ദികേട്! എത്ര പൈശാചികമായ പകതീര്‍ക്കല്‍!! തോറ്റുതുന്നംപാടിയ ഒരു സമരംമൂലമാണത്രെ 1946-നുശേഷം തിരുവിതാംകൂറില്‍ സംഭവിച്ചിട്ടുള്ള എല്ലാ നല്ലകാര്യങ്ങളും- സ്വതന്ത്രതിരുവിതാംകൂര്‍ വാദത്തിന്റെ തകര്‍ച്ച, അമേരിക്കന്‍ മോഡലിന്റെ അന്തര്‍ധാനം, ദിവാന്‍ ഭരണത്തിന്റെ അന്ത്യം, ഉത്തരവാദഭരണത്തിന്റെ ആരംഭം, രാജവാഴ്ചയുടെ അവസാനം, ഐക്യ കേരളസ്ഥാപനം- നടന്നത്.'ഈ മഹാസംഭവങ്ങളൊക്കെ നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെയായിരുന്നു? അടിയേറ്റു നടുവൊടിഞ്ഞ ചേരയെപ്പോലെ അത് പറവൂരിനും കന്യാകുമാരിയ്ക്കും ഇടയില്‍ കിടന്നു പിടയ്ക്കുകയായിരുന്നു എന്നതല്ലേ സത്യം?
പിടിയ്ക്കപ്പെടുമെന്നും, പിടിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നും ന്യായമായും പ്രതീക്ഷിച്ചുകൊണ്ട് സര്‍ സി.പി.യുടെ നേര്‍ക്ക് വാള്‍ പ്രയോഗം നടത്തിയ കെ.സി.എസ് മണിയുടെ ധീരതയെ അഭിനന്ദിക്കാന്‍ മാത്രമുള്ള ഹൃദയവിശാലതയില്ലെങ്കില്‍ പോകട്ടെ ആ ചെറുപ്പക്കാരന്റെ രാജ്യ സ്‌നേഹത്തെയും തന്റേടത്തെയും അപമാനിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും ഇ.എം.എസ്  കാണിക്കേണ്ടതായിരുന്നു.
(അവസാനിച്ചു)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls