|
അന്തോണി ഇലഞ്ഞിമറ്റം അന്തരിച്ചു |
കൊച്ചി: വിശ്വവിശ്വാസ ഐക്യത്തിന്റെ പ്രവാചകനും ആഗോള പ്രശസ്ത സര്‍വമത പണ്ഡിതനും മലയാളിയുമായ അന്തോണി ഇലഞ്ഞിമറ്റം (96) ഇറ്റലിയിലെ അസീസിയില്‍ അന്തരിച്ചു. എല്ലാ മതങ്ങളും സമന്വയിക്കണമെന്ന സന്ദേശവുമായി
ലോകം മുഴുവന്‍ പര്യടനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം അസീസിയിലെ ആസ്ഥാന കേന്ദ്രത്തില്‍ നിന്ന് സമീപപ്രദേശത്ത് പ്രഭാഷണം നടത്താന്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് അവിടെ നടത്തും. കേരളമുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സാമൂഹ്യസേവന കേന്ദ്രങ്ങള്‍ ആരംഭിച്ച അദ്ദേഹം അവിടങ്ങളിലേക്ക് ജാതിമത ഭേദമന്യേ അനേകായിരങ്ങളെ ആകര്‍ഷിച്ചു. കുണ്ടന്നൂരിലുള്ള അന്തോണി ഇലഞ്ഞിമറ്റം ചാരിറ്റീസ് ആണ് കേരളത്തിലെ കേന്ദ്രം. കൊച്ചിയിലെ മരടില്‍ 1915 ജൂണ്‍ 22ന് ജനിച്ച അന്തോണി ഇലഞ്ഞിമറ്റം ഡൊമിനിക്കന്‍ സഭാംഗമായി 1939 ല്‍ വൈദികപട്ടം സ്വീകരിച്ചെങ്കിലും പിന്നീട് സര്‍വമത സമന്വയത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. 1942 വരെ ഇറ്റലിയില്‍ പ്രവര്‍ത്തിച്ചശേഷം ഇംഗ്ലണ്ടിലെത്തിയപ്പോള്‍ തടവിലായി. തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സ്‌കോളര്‍ഷിപ്പോടെ മാഞ്ചസ്റ്റര്‍ കോളജില്‍ പഠിച്ചു. കേംബ്രിഡ്ജില്‍ ധര്‍മാദൈ്വതം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. മാതൃരാജ്യത്ത് പ്രവേശിക്കരുതെന്ന ബ്രിട്ടീഷ് വിലക്ക് പിന്‍വലിച്ചതിനെത്തുടര്‍ന്ന് 45ല്‍ ഇന്ത്യയിലെത്തി. സ്വാതന്ത്ര്യ സമരത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വിവിധ പത്രമാസികകളില്‍ പത്രാധിപത്യം വഹിച്ചു. 46ല്‍ മഹാത്മഗാന്ധിയോടൊത്ത് നവഖലിയില്‍ പ്രവര്‍ത്തിച്ചു. 57ല്‍ ബാന്ദ്രയില്‍ അഗതികളായ കുട്ടികള്‍ക്കുവേണ്ടി ആരംഭിച്ച കേന്ദ്രം സര്‍വരുടെയും പ്രശംസാപാത്രമായി ഇപ്പോഴും നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെ പത്തിലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന അന്തോണി ഇലഞ്ഞിമറ്റം ഈ ഭാഷകളില്‍ നൂറോളം പുസ്തകങ്ങളെഴുതി. ഭഗവദ് ഗീത, പതഞ്ജലി യോഗ, ശ്വേതാശ്വേതര ഉപനിഷത്ത്, ധര്‍മപാത തുടങ്ങിയവയുടെ പുനരാഖ്യാനങ്ങള്‍ എന്നിവ ഇവയിലുള്‍പ്പെടുന്നു. വിശ്വവിശ്വാസ ഐക്യം (Cosmic Ecumenism) എന്ന ആത്മകഥ ഉള്‍പ്പെടെ 32 പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വീക്ഷണം ചീഫ് സബ് എഡിറ്റര്‍ ക്ലീറ്റസ് കാക്കനാടാണ് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയത്.
|