|
വിവാദങ്ങള്‍ക്ക് വിട; നവ്യാ നായരുടെ വിവാഹം ജനുവരി 21-ന് |
|
തിരുവനന്തപുരം: കാവ്യാമാധവനും ഗീതുമോഹന്‍ദാസിനും പിന്നാലെ മലയാള സിനിമാ പ്രേക്ഷകരുടെ 'ബാലാമണി'യും വിവാഹപ്പന്തലിലേക്ക്. ചില മാധ്യമങ്ങളില്‍ വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അത് നിഷേധിച്ച നവ്യാനായരുടെ കുടുംബത്തിന് ഇനി ഒഴിഞ്ഞുമാറാനാവില്ല.
കാരണം, പ്രണയവിവാഹമല്ല; അറേഞ്ച്ഡ് മാരേജ്. 2010 ജനുവരി 21-നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി സന്തോഷ് നാരായണ മേനോന്‍ നവ്യയുടെ കഴുത്തില്‍ താലികെട്ടുന്നത്. 22-ന് വധുവിന്റെ വീട്ടുകാര്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഓഡിറ്റോറിയത്തില്‍ വേണോ വീട്ടില്‍ വേണോ എന്ന് തീരുമാനിച്ചിട്ടില്ല. റിസപ്ഷന്‍ ഹരിപ്പാടോ കായംകുളത്തോ ആയിരിക്കും. പെണ്ണുകാണലും ജാതകം നോക്കലും രഹസ്യമായാണ് നടന്നതെങ്കിലും കഴിഞ്ഞദിവസം വിവാഹ നിശ്ചയം കഴിഞ്ഞതോടെ സംഗതി പാട്ടായി. മുംബൈയില്‍ ശ്രീചക്ര ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് സന്തോഷ്. ഓഫീസ് ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയില്‍ പോയിരിക്കുകയാണ് സന്തോഷ്. നവ്യയാകട്ടെ, മമ്മൂട്ടി ചിത്രമായ ദ്രോണരുടെ സെറ്റിലും. ഹരിപ്പാടിന് സമീപം ചേപ്പാട് നന്ദനത്തില്‍ വീട്ടില്‍ രാജുവിന്റെ മകളാണ് നവ്യാനായര്‍. സ്കൂള്‍ കലോല്‍സവ വേദികളില്‍ നിന്ന് സിനിമാ ലോകത്ത് എത്തുന്നതുവരെ ധന്യാ വി നായരായിരുന്നു നവ്യയുടെ പേര്. ടെലികോം സബ്ഡിവിഷന്‍ എഞ്ചിനീയറാണ് നവ്യയുടെ അച്ഛന്‍ രാജു. അമ്മ വീണ കായംകുളം എംഎസ്‌എം ഹൈസ്കൂളിലെ അധ്യാപികയും. കണ്ണനെന്ന് വിളിപ്പേരുള്ള രാഹുലാണ് ഏക സഹോദരന്‍. നവ്യയ്ക്ക് വിവാഹാലോചനകള്‍ നടക്കുന്നതറിഞ്ഞ് സന്തോഷിന്റെ കുടുംബാംഗങ്ങള്‍ നവ്യയുടെ ചേപ്പാടുള്ള വീട്ടില്‍ എത്തി കല്യാണം ഉറപ്പിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ മുന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസറുടെ മകനാണ് സന്തോഷ്. സഹോദരി ലക്ഷ്മി വിവാഹം കഴിഞ്ഞ് മുംബൈയിലാണ് താമസം.
സഹോദരിയുടെ ഭര്‍ത്താവ് രാജീവ് കരസേനയില്‍ മേജറാണ്. സുരേഷ് ഗോപി നായകനാകുന്ന സദ്ഗമയ, ദീപന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം, സേലത്ത് ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കുന്ന ഒരു തമിഴ് ചിത്രവും വിവാഹത്തിനു മുന്‍പ് പൂര്‍ത്തിയാക്കാനാണ് നവ്യയുടെ പ്ലാന്‍. നവ്യ നായികയായി തിയറ്ററിലെത്തിയ അവസാന ചിത്രം കേരള കഫേയാണ്. |