|
'പ്രണയം' തന്റെ ഏറ്റവുംമികച്ച സിനിമകളിലൊന്ന്: അനുപംഖേര്‍ |
തിരുവനന്തപുരം: തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും 'പ്രണയ'മെന്നും മോഹന്‍ലാലിനൊപ്പമുള്ള അഭിനയം വിസ്മയകരമായ അനുഭവമായിരുന്നെന്നും പ്രശസ്ത ബോളിവുഡ് നടന്‍ അനുപംഖേര്‍. നല്ലൊരു സംവിധായകനും അഭിനിവേശമുള്ള നടനും ചേര്‍ന്നാല്‍ സിനിമയ്ക്ക് ഭാഷ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലെസി സംവിധാനം ചെയ്ത 'പ്രണയം' സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ആയാസമില്ലാതുള്ള മോഹന്‍ലാലിന്റെ അഭിനയം വിസ്മയകരമാണ്. ലാല്‍ അപകടകാരിയായ നടനുമാണ്; അദ്ദേഹത്തിന്റെ ഒപ്പമുള്ള സീനുകളില്‍ ശ്രദ്ധിച്ച് അഭിനയിച്ചില്ലെങ്കില്‍ ലാല്‍ നമ്മെ നിഷ്പ്രഭനാക്കിക്കളയും. ഒരിക്കലും താന്‍ അഭിനയിക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കാതെയാണ് ലാലിന്റെ അഭിനയം. തങ്ങള്‍ രണ്ടാളും സമാന രീതികളുള്ള നടന്‍മാരാണ്. 'പ്രണയ'ത്തിലെ കഥാപത്രമായി തന്നെ മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ബ്ലെസിക്കാണ്. സിനിമയുടെ രത്‌നച്ചുരുക്കം രണ്ടുപേജുകളിലാക്കി തനിക്ക് അയച്ചുതരികയാണ് ആദ്യം ചെയ്തത്. രണ്ടുപുറം വായിച്ച് എങ്ങനെ വിലയിരുത്തല്‍ നടത്തുമെന്ന് സംശയിച്ചു. പക്ഷേ ചോറ് പാകമായോ എന്നറിയാന്‍ മുഴുവന്‍ പരിശോധിക്കണ്ട, രണ്ട് അരിയെടുത്തുനോക്കിയാല്‍ മതിയെന്ന തത്വമാണ് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്. പിന്നെ നന്ദി പറയേണ്ടത് ഗൂഗിളിനോടാണ്. ബ്ലെസി എന്ന സംവിധായകനെക്കുറിച്ച് ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിച്ച വിവരങ്ങള്‍ തന്നെ ഏറെ ആകര്‍ഷിച്ചു. വെറും ഇരുപത് മിനിറ്റുകൊണ്ട് ചിത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിവരണം കേട്ടപ്പോള്‍തന്നെ താന്‍ ഈ സിനിമയുടെ ഭാഗമായി. തന്റെ സിനിമാ കരിയറില്‍ അപൂര്‍വ്വമായിമാത്രം സംഭവിക്കുന്ന രീതിയാണിത്. കവിത പോലെ സുന്ദരമായ സിനിമയാണിത്. വില്ലന്‍ വേഷങ്ങള്‍ വിട്ട് ഹാസ്യമടക്കമുള്ളവ ചെയ്യുന്നതില്‍ സന്തോഷിക്കുന്നുണ്ട് താന്‍. ജീവിതവുമായി ബന്ധമില്ലാത്ത, ദൂരെ നിന്നുള്ള കാഴ്ച്ചയില്‍തന്നെ വില്ലനാണെന്ന് തോന്നിക്കുന്നതരം വില്ലന്‍മാരണ് ഹിന്ദി സിനിമകളില്‍ സ്ഥിരം. ഹാസ്യം അഭിനയിക്കുന്നതും ഏറെ സീരിയസായി കൈകാര്യം ചെയ്യേണ്ട കാര്യമാണ്. അണ്ണഹസാരെ ഉയര്‍ത്തിക്കൊണ്ടുവന്നതുപോലുള്ള ബഹുജന സമരങ്ങളുടെ ഭാഗമാകുന്നത് സന്തോഷകരമാണ്. ക്രിക്കറ്റ് കളിക്കുമ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമ്പോഴും മാത്രമാണ് ഇന്ത്യയില്‍ ദേശസ്‌നേഹം പ്രകടിപ്പിക്കപ്പെടുന്നത്-അനുപംഖേര്‍ പറഞ്ഞു.
|