| ആദായനികുതിയിലും 'അണ്ണന്‍തമ്പി' |
മനിക്കിരി അരവിന്ദന്താങ്കള്ക്കെന്തുപറ്റിയെന്ന് എനിക്ക് സസ്‌നേഹം താങ്കളോടു ചോദിക്കാം. എനിക്കെന്തുപറ്റിയെന്ന് നിസ്സങ്കോചം താങ്കള്‍ക്ക് എന്നോടും ചോദ്യമാകാം. ഇവര്‍ക്കെന്തുപറ്റിയെന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടിവരുന്നത് വല്ലാത്തൊരു പ്രതിസന്ധിയല്ലേ? ആണെങ്കിലും അല്ലെങ്കിലും വലിയൊരു ദശാസന്ധിയാണെന്നതില്‍ നമ്മോട് ആരും സന്ധി ചെയ്‌തേക്കാം. മലയാള സിനിമയിലെ താരദ്വയം എന്ന് പറയപ്പെടുകയും അറിയപ്പെടുകയും ചെയ്തു വരുന്നവരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്നൊരു ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് കാര്യ പിടികിട്ടിക്കഴിഞ്ഞു എന്നര്‍ത്ഥം. വര്‍ഷങ്ങളായി മലയാള സിനിമ അടക്കിവാഴുന്ന ഇവരെക്കുറിച്ചിപ്പോള്‍ അടക്കം പറയാത്തവര്‍ ചുരുക്കം. മലയാളസിനിമയുടെ ചരിത്രത്തില്‍ കഴിഞ്ഞ 83 വര്‍ഷവും പുരളാത്ത കരി, കുറഞ്ഞൊരു കാലത്തിനുള്ളില്‍ തേച്ചുകൊടുത്ത സിനിമയുടെ അഭിഭാജ്യഘടകങ്ങള്‍. വസ്തുവകകളെക്കുറിച്ചുള്ള വസ്തുതകള്‍ വെളിപ്പെടുത്തുന്നതിപ്പോഴാണെങ്കിലും രഹസ്യമായി മുമ്പേ സ്വരൂക്കൂട്ടിയതാണെന്ന് വ്യക്തം. ചിത്രം റിലീസാകുന്ന അന്നാണല്ലോ ചിത്രീകരണം നടക്കുക. ആദായ നികുതിവകുപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു ചലച്ചിത്ര വ്യക്തിത്വങ്ങള്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമുള്ള ഈ തിരച്ചിലില്‍ ഇരുവരില്‍ നിന്നുമായി 30 കോടി രൂപയിലധികം കണക്കില്‍പ്പെടാത്ത അനധികൃതവരുമാനം കണ്ടെത്തിയെന്നാണ് പ്രാഥമിക വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് മേഖല, വിദേശ ആസ്തി ഇവയിലൊക്കെ വെളിപ്പെടുത്താത്ത മുതല്‍മുടക്കുണ്ടെന്ന് ബോദ്ധ്യപ്പെട്ട അധികൃതര്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളിലുള്‍പ്പെടെ സ്ഥാവര ജംഗമസ്വത്തുക്കളില്‍ നടത്തിയിട്ടുള്ള സമ്പാദ്യങ്ങളും നിക്ഷേപങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. താര കോടീശ്വരന്മാരിലെ ജോഡികളിലൊരു ബഹുമാന്യന്റെ പുരാവസ്തു, പെയിന്റിംഗ് ശേഖരവും ലഭ്യതയുടെ വഴി ഇനിയും വെളിപ്പെടുത്താത്ത ആന കൊമ്പും മൂല്യനിര്‍ണ്ണയ സമിതിയുടെ വിലയിരുത്തലിലാണിപ്പോള്‍. ഇവരുടെ വീടുകളും, ഓഫീസുകളും നാട്ടിലും മറുനാട്ടിലുമുള്ള സ്ഥാപനങ്ങളും കൂടാതെ, ബിസിനസ്സു പങ്കാളികളുടെ വീടുകളും സ്ഥാപനങ്ങളും പരിശോധനകഴിഞ്ഞ് നിരീക്ഷണത്തിലാണ്. രണ്ടു മഹാരഥന്മാരുടേയും ഒരുമിച്ചുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് ആദ്യഘട്ടമെന്നനിലയില്‍ റിലീസ് ചെയ്തതെങ്കിലും, അണ്ണന്‍-തമ്പിമാരില്‍ ആരു വലിയവന്‍, ആരു ചെറിയവന്‍ എന്നറിയാന്‍ രണ്ടുമാസത്തെ ഇടവേള സിനിമാഭാഷയില്‍ പറഞ്ഞാല്‍ ഇന്റര്‍വെല്‍ - മതിയത്രെ.ബഹുമാന്യരും, സ്വാധീനശക്തിയേറിയവരും ആരാധകപിന്‍ബലമു#െള്ളവരുമായ ഈ ഇക്കയും ഏട്ടനും കണക്കില്‍പെട്ടുപോയ സമ്പാദ്യങ്ങള്‍ക്കെങ്കിലും ആദായനികുതി കൊടുക്കണമെന്ന സാമാന്യമര്യാദപോലും അറിയാത്ത വിവരം കെട്ടവരാണെന്ന് പറയാന്‍ മാത്രം വിവേകദ്വേഷികളല്ലല്ലോ. മലയാളികള്‍, പ്രത്യേകിച്ചും ഒരാള്‍ അഭിഭാഷകനായിരുന്ന സ്ഥിതിക്ക് പഞ്ചായത്താഫീസിലെ ശിപായിയ്ക്കു പോലും അറിയാവുന്ന, അവര്‍പോലും കൃത്യമായി കൊടുക്കുന്ന ആദായനികുതി എന്ന തൊഴില്‍ കരത്തിന്റെ ഗൗരവാസ്ഥയെ ലാഘവബുദ്ധിയോടെടുത്തത് ഒന്നുകില്‍ വ്യവസ്ഥിതിയോടുള്ള ധിക്കാരം, അല്ലെങ്കില്‍ ധനസ്ഥിതിയോടുള്ള അഹങ്കാരം. മനസ്ഥിതിയുടെ തനിനിറവും പുറംപൂച്ചും വെളിപ്പെട്ടത് വേറെ കാര്യം. ഏതായാലും ഈ ചതി ഇവരെ ഒരാവശ്യവും ഇല്ലാതെ വളര്‍ത്തി വലുതാക്കിയ പാപം കാണികള്‍ക്കുള്ള കൈനീട്ടമായിക്കാണാം. അമ്മ മക്കള്‍ക്കുകൊടുക്കുന്ന കൈനീട്ടംപോലെ. മക്കള്‍ അഭ്യുദയകാംക്ഷികള്‍ക്ക് നിര്‍ഭയം നല്‍കുന്ന ഉപകാരസ്മരണയുടെ കൈനീട്ടം. മലയാള സിനിമ ഇക്കാലമത്രയും കാത്തു സൂക്ഷിച്ച് നീതിബോധത്തിന്റെ അടിവേരുമാന്താനുള്ള ഭാഗ്യം, നമ്മള്‍ മറ്റെന്തും മാറ്റുരച്ചു സിനിമയുടെ പേരിലുള്ള ഏതു പേക്കോലവും കണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ക്കുതന്നെ കിട്ടിയല്ലോ എന്നോര്‍ത്ത് നമുക്ക് ആശ്വസിക്കാം. വിളിച്ചപ്പോള്‍ തന്നെ ആദായനികുതി വകുപ്പിന്റെ മുന്നില്‍ ഹാജരാകാന്‍ ഇരുകൂട്ടരും കാണിച്ച സന്മനസ്സിനെ വാഴ്ത്തുന്നവരുണ്ടാകാം. അനന്തരഫലങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെട്ടതുകൊണ്ടാകണം തിരക്കിനിടയിലും ആ മഹാമനസ്‌കതയ്ക്ക് തുനിഞ്ഞത്. എത്ര ചെറിയ കച്ചവടക്കാരനും ഓഡിറ്റര്‍മാരുള്ള ഇക്കാലത്ത് നിശ്ചയമായും ഈ അഭ്രനക്ഷത്രങ്ങള്‍ക്കും കാണുമല്ലോ ഒന്നില്‍കൂടുതല്‍ അത്തരക്കാര്‍. ആദായനികുതി മനുഷ്യര്‍ക്ക് മാത്രം ബാധകമാണ്. താരങ്ങളും, സൂര്യനും ചന്ദ്രനുമൊന്നും ഇതി ബാദ്ധ്യസ്ഥരല്ലെന്ന വിദഗ്‌ദ്ധോപദേശം, ഏതായാലും അവര്‍ അവരുടെ അക്കൗണ്ടില്‍ പെടുത്തുമെന്നു തോന്നുന്നില്ല. ആദായനികുതി വകുപ്പിനു മുന്നില്‍ ഹാജരാവാന്‍ ഒരു പക്ഷേ, പ്രോസിക്യൂഷന്‍ നടപടികള്‍, പിഴശിക്ഷയില്‍ ഒതുങ്ങിയേക്കാമെന്ന നിയമജ്ഞമതമായിരിക്കാം ഈ ചേതോവികാരത്തിനു പിന്നില്‍. നമ്മുടെ ചെലവില്‍ വളര്‍ന്ന് വലുതായി പടര്‍ന്ന് പന്തലിച്ച് മലയാള സിനിമയെ അപ്പാടെ നിയന്ത്രിച്ച് സ്വപ്നലോകത്തെന്നപോലെ വിരാജിച്ചിരുന്നവരുടെ ചെമ്പ് പുറത്തായപ്പോള്‍ ഫാന്‍സ് അസോസിയേഷനുകളൊന്നും പ്രതികരിച്ചുകണ്ടില്ല. എന്ത് പ്രതികരിക്കാന്‍.? എങ്ങനെ പ്രതികരിക്കാന്‍? അല്ലേ? തങ്ങളുടെ വീരനായകന്മാര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം രാജ്യദ്രോഹത്തിനു തുല്യം. നില്‍ക്കെ, പ്രതികരണത്തിനോ പ്രകടനത്തിനോ മുതിരാന്‍ മാത്രം ബുദ്ധിമാന്ദ്യം സംഭവിച്ചവരായിരിക്കില്ലല്ലോ അവര്‍. അവസരോചിത മൗനം കൊണ്ടവര്‍ അഭിവന്ദ്യര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകാണണം. ആദായനികുതി അടയ്ക്കണമെന്ന കാര്യവും കണക്കില്‍ കവിഞ്ഞ സ്വത്തുക്കള്‍ കൈവശം വയ്ക്കരുതെന്ന കാര്യവും തങ്ങള്‍ക്കറിയില്ലായിരുന്നു എന്ന മൊഴി, ആദായനികുതി വകുപ്പ് വിലയ്‌ക്കെടുത്ത്, വിശ്വസിച്ച് ഇവര്‍ക്ക് മാപ്പ് നല്‍കണേ എന്ന പ്രാര്‍ത്ഥനയുമാകാം. പ്രാര്‍ത്ഥനകള്‍ ഫലിച്ചുകൊള്ളണമെന്നില്ല. കാരണം നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ദൈവം ചെവികൊടുക്കില്ല. വിഷയം വിവരം ചാനലുകള്‍ പറഞ്ഞും കാണിച്ചും കൊഴുപ്പിച്ചപ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ വലതുകൈയ്യിലെ ഇരുവിരലുകള്‍ക്കും വെറുതെയിരിയ്ക്കാനായില്ല. സ്വതസിദ്ധശൈലിയില്‍ വിരലുകള്‍ തിരിച്ചും മറിച്ചും അദ്ദേഹം വീണുകിട്ടിയ വടിയെടുത്ത് ഏട്ടന്‍താരത്തിന്റെ ദേശസ്‌നേഹത്തിനുതന്നെ കൊടുത്തു - രാജ്യം മാതൃകാപുരുഷന്മാര്‍ക്ക് നല്‍കുന്ന പദവികളിലൊന്നായ ലഫ്റ്റനന്റ് സ്ഥാനം ഒഴിയണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണം. മലബാര്‍ ഗോള്‍ഡ്, മണപ്പുറം ഫിനാന്‍സ്,എം.സി.ആര്‍. മുണ്ടുകള്‍ തുടങ്ങിയ പരസ്യങ്ങളിലെ സാന്നിദ്ധ്യവും ഇല്ലാതാക്കാനുള്ള ആഹ്വാനം, വൈകുന്നേരങ്ങളിലെങ്കിലും അവസാനഘട്ടത്തില്‍ പ്രതീക്ഷിയ്ക്കാം. വൈകുന്നേരങ്ങളിലെങ്കിലും സ്വന്തം അച്ചാര്‍ തൊട്ടുനക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യം എന്തോ ആവോ? ഇരുവര്‍ക്കുമെതിരെ തിലകന്‍ കാര്യമായൊന്നും പ്രസ്താവിച്ചിട്ടില്ലെന്നത് ശ്രദ്ധേയം. മൗനം തിലകന് ഭൂഷണം.സൂപ്പര്‍സ്റ്റാറുകള്‍ തിരസ്‌കരിയ്ക്കുന്നതുകൊണ്ടാണ് നല്ല കഥകള്‍ സിനിമയാക്കാന്‍ സാധിക്കാത്തതെന്ന് ഒരു നിര്‍മ്മാതാവിന്റെ പരിതാപം നാം മുമ്പ് കേട്ടതാണ്. സൂപ്പര്‍സ്റ്റാറുകളെ സൃഷ്ടിച്ച് അവര്‍ക്ക് വഴങ്ങി ഒടുവില്‍ അവരെപ്പഴിച്ച് തടിയും മടിയും രക്ഷിക്കാന്‍ നോക്കുന്ന നിര്‍മ്മാതാക്കളാണ് പ്രതിഫളം കൂട്ടിക്കൂട്ടി ഇവരെ പ്രതിസന്ധിയിലെത്തിച്ചതും മലയാള സിനിമയെ തീരാ പ്രതിസന്ധിയിലേക്ക് നയിച്ചതും.മലയാള സിനിമയിലെ നിത്യഹരിതനാകനെ ഈ സന്ദര്‍ഭത്തില്‍ നമുക്കോര്‍ക്കാം. എന്ത് തട്ടിപ്പും വെട്ടിപ്പും കാണിച്ചാലും ശ്രദ്ധിക്കപ്പെടുമായിരുന്നില്ലാത്ത ഒരു കാലത്ത് കലയിലും ജീവിതത്തിലും കാപട്യമില്ലാതെ അന്തസ്സുയര്‍ത്തി പിടിച്ചു നിന്ന ആ മാതൃകാ കലാകാരനെവിടെ, ജനകോടികളുടെ ധനകോടികളിലൂടെ സ്വന്തം പ്രേക്ഷകരേയും സമൂഹത്തെയും എന്തിന് ദേശത്തെത്തന്നെയും കറുത്തപണത്തിലൂടെയും ബിനാമി ബിസ്സിനസ്സിലൂടെയും കബളിപ്പിക്കാന്‍ ധൈര്യംകാട്ടിയ, ആദായനികുതിക്കാരുടെ ഔദാര്യം കാത്തു കഴിയുന്ന ഈ രണ്ടു നായകന്മാര്‍ എവിടെ? ഏ. രാജയും കനിമൊഴിയും എന്തിന് നമ്മുടെ ആര്‍. ബാലകൃഷ്ണപിള്ള പോലും കാരാഗൃഹത്തിലായത് സാമ്പത്തികകുറ്റങ്ങള്‍ക്കാണെന്ന ചിന്ത സ്വന്തം സംഘടനയുടെ പോലും പ്രതികരണ ശേഷിക്ക് കൈവിലങ്ങിട്ടിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട സ്വന്തം മക്കളെ അമ്മ അടുത്തുവിളിച്ച് ആശ്വസിപ്പിച്ചുകാണും-സ്വയംകൃതാനര്‍ത്ഥം!പ്രതിഫലമേറുന്തോറും ഫലത്തില്‍ പ്രതിയാകുന്നു!കോടികളുടെ വഴി കോടതിയിലേക്ക് പ്രതിച്ഛായ: വിവാഹം വേണ്ടെന്നു വച്ചിട്ടില്ല, ദേര്‍ ഈസ് എ ചാന്‍സ് ഫോര്‍ മാര്യേജ്ട പക്ഷേ എന്ന്, എപ്പോള്‍, ആരുമായി നടക്കുമെന്നു പറയാന്‍ പറ്റില്ല. മൂക്കില്‍ പല്ല് മുളയ്ക്കുന്നത് മുന്‍കൂട്ടി പറയാനാകുമോ? |
| < മുന്‍ പേജ് | അടുത്തത് > |
|---|

മനിക്കിരി അരവിന്ദന്‍
-°C 