നെഹ്‌റു നെയ്തെടുത്ത നവഭാരതം

Imageഅഡ്വ: കരകുളം കൃഷ്ണപിള്ള

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതത്തില്‍ വികസിതരാജ്യങ്ങള്‍പോലും തകര്‍ച്ചയുടെ പടുകുഴിയില്‍ വീണപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ഇന്ത്യയ്ക്ക്‌ സഹായകരമായത്‌ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമുള്ള സാമ്പത്തികനയങ്ങളാണ്‌.

മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും നല്ല അംശങ്ങള്‍ സ്വാംശീകരിച്ച്‌ പണ്ഡിറ്റ്ജി ആവിഷ്കരിച്ച സമ്മിശ്ര സമ്പദ്ഘടന (mixed economy)

 കാലത്തെ അതിജീവിച്ച്‌ നിലനില്‍ക്കുന്നു.2009 നവംബര്‍ 14 നവഭാരതശില്‍പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ 121-ാ‍ം ജന്മദിനമാണ്‌. സാമൂഹ്യനീതിയിലും സ്ഥിതിസമത്വത്തിലും അധിഷ്ഠിതമായ ഇന്ത്യ, ദാരിദ്ര്യമില്ലാത്ത, നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്ത, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത, ശാസ്ത്രവീക്ഷണമുള്ള ഒരു ഇന്ത്യന്‍ സമൂഹം - മനുഷ്യനെ സ്നേഹിച്ച പണ്ഡിറ്റ്ജിയുടെ സ്വപ്നങ്ങള്‍ക്ക്‌ പരിധിയില്ലായിരുന്നു. അത്‌ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌ എന്നത്‌ ചര്‍ച്ചചെയ്യപ്പെടുകയാണ്‌. പണ്ഡിറ്റ്ജിയുടെ സാമ്പത്തിക സമീപനത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്നതിന്റെ വക്താക്കളായി മാറിയിരിക്കുന്നു.


1947 ആഗസ്റ്റ്‌ 15 ന്‌ സ്വതന്ത്രഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയായി ചുമതലയേറ്റ പണ്ഡിറ്റ്ജി തുടര്‍ച്ചയായി 17 വര്‍ഷം, 1964 ല്‍ അദ്ദേഹത്തിന്റെ മരണം വരെയും ആ സ്ഥാനത്തു തുടര്‍ന്നു. നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയില്‍ 80 ശതമാനവും ഗ്രാമങ്ങളില്‍ അധിവസിക്കുന്നവരും അതില്‍ 70 ശതമാനത്തിലധികം കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരുമാണ്‌. ഗ്രാമീണ ജനസമൂഹത്തില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതനിലവാരം വളരെ താഴ്‌ന്ന നിലവാരത്തിലുമായിരുന്നു. അത്തരമാളുകളുടെ ജീവിതനിലവാരം ഉയര്‍ന്നാല്‍ മാത്രമേ രാജ്യത്തിന്‌ ഒരു സാമ്പത്തികശക്തിയായി മാറാന്‍ കഴിയുകയുള്ളു. അതിനാല്‍ ഗ്രാമീണ ജനസമൂഹത്തിന്റെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്താനും ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള നടപടികള്‍ക്ക്‌ ഊന്നല്‍ നല്‍കി.


സമ്മിശ്രസമ്പദ്ഘടന, പഞ്ചവത്സരപദ്ധതികള്‍, ജനാധിപത്യസോഷ്യലിസം, ഗ്രാമോദ്ധാരണം, കാര്‍ഷികമേഖലയിലെ വികസനം, പൊതുമേഖലയിലെ വന്‍കിട അടിസ്ഥാനവ്യവസായങ്ങള്‍, പഞ്ചായത്തീരാജ്‌ സംവിധാനങ്ങള്‍, സഹകരണമേഖലയിലെ പരിഷ്കാരങ്ങളും വിപുലീകരണവും തുടങ്ങിയവ-നെഹ്‌റൂവിയന്‍ കാലഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ കഴിഞ്ഞ നിര്‍ണ്ണായക ഘടകങ്ങളാണ്‌. പണ്ഡിറ്റ്ജിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ നമ്മുടെ സമ്പദ്ഘടനയുടെ കരുത്തും ശക്തിയും അടിത്തറയും ഉറപ്പുള്ളതാക്കിതീര്‍ത്തു.
പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹകരണമേഖലയുമായുള്ള ഉറച്ച ബന്ധത്തിന്റെയും ഈ മേഖലയില്‍ വരുത്തിയ പുരോഗമനനടപടികളുടെയും സ്മരണ പുതുക്കുന്നതിനാണ്‌ അദ്ദേഹത്തിന്റെ ജന്മദിനം, ഇന്ത്യയില്‍ സഹകരണദിനമായി ആചരിക്കാന്‍ പ്രേരിപ്പിച്ചത്‌.

 

ഉറച്ച ഗാന്ധിയനായിരുന്ന പണ്ഡിറ്റ്ജിക്ക്‌ ഇന്ത്യയുടെ സാമ്പത്തികപുരോഗതിക്ക്‌ ഒരേസമയം ഗ്രാമീണസമ്പദ്ഘടന ശക്തിപ്പെടുത്തേണ്ടതിന്റെയും വന്‍കിട വ്യാവസായികസംരംഭങ്ങള്‍ പടുത്തുയര്‍ത്തേണ്ടതിന്റെയും അനിവാര്യതയില്‍ ഉറച്ച ധാരണയുണ്ടായിരുന്നു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ഓരോ വില്ലേജിലും പഞ്ചായത്തും, വിദ്യാഭ്യാസസ്ഥാപനവും സഹകരണസംഘവും നിര്‍ബന്ധമായും ഉണ്ടാകണമെന്ന്‌ തീരുമാനിച്ചു. പഞ്ചായത്തുകള്‍ ഗ്രാമത്തിന്റെ ഭരണപരമായ കാര്യങ്ങളും, സഹകരണസംഘങ്ങള്‍ ഗ്രാമീണരുടെ സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുമാകണം. ഗ്രാമീണര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും അവര്‍ക്കാവശ്യമായ വിത്തും വളവും പണവും നല്‍കാനുമുള്ള ഉത്തരവാദിത്വവും സഹകരണസ്ഥാപനങ്ങള്‍ക്ക്‌ ഉണ്ടാകണം. അതുവഴി കൊള്ളപ്പലിശക്കാരെയും മധ്യവര്‍ത്തികളെയും ഒരുപരിധിവരെ ഒഴിവാക്കാനും സാധിക്കും.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാമ്പത്തികനയത്തിന്റെ ഏറ്റവും വലിയ സവിശേഷത സുപ്രധാനമേഖലകളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മേധാവിത്വമോ പൂര്‍ണ്ണനിയന്ത്രണമോ ആയിരുന്നു.
(തുടരും)


(സഹകരണ ജനാധിപത്യവേദിയുടെ ചെയര്‍മാനാണ്‌ ലേഖകന്‍)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls