|
ടെമ്പോ വാനിനു പിന്നില്‍ ലോറിയിടിച്ച് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു |
|
ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്രയ്ക്കുസമീപം മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോ വാനിന് പിന്നില്‍ ലോറിയിടിച്ച് നാലുപേര്‍ മരിച്ചു. 20-ഓളം പേര്‍ക്ക് പരിക്കേറ്റു.
അയല്‍വാസികളായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൊള്ളേത്തൈ വാഴക്കൂട്ടത്തില്‍ സെബാസ്റ്റ്യന്‍ (48), ചുള്ളിക്കല്‍ വീട്ടില്‍ ഫെലിക്സ് (50), വടക്കേ തയ്യില്‍ ജോസഫ് (52), താന്നിക്കല്‍ വീട്ടില്‍ ക്ലീറ്റസ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുന്നപ്ര ചള്ളിയില്‍ കടപ്പുറത്ത് മത്സ്യബന്ധനത്തിനായി മാരാരിക്കുളത്തുനിന്നും പുലര്‍ച്ചെ വരുംവഴിയാണ് അപകടമുണ്ടായത്. ദേശീയപാതയില്‍നിന്നും തീരദേശത്തേയ്ക്ക് പോകുന്നതിനായി വാഹനം വേഗത കുറച്ച സമയത്ത് പിന്നില്‍ നിന്നെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ സമീപത്തെ പലചരക്ക് കടയ്ക്ക് മുന്നിലേക്ക് മറിയുകയും മൂന്നുപേര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് ക്ലീറ്റസ് മരിച്ചത്. ദേശീയപാതയില്‍ പുന്നപ്രയ്ക്കു സമീപത്ത് തെരുവുവിളക്കുകള്‍ കത്താത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വെളിച്ചമില്ലാതിരുന്നതുമൂലം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പുന്നപ്ര എസ് ഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവമറിഞ്ഞ് മന്ത്രി തോമസ് ഐസക്ക്, നിയുക്ത എം എല്‍ എ എ എ ഷുക്കൂര്‍, ബിഷപ്പ് ഡോ: സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊള്ളേത്തൈയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നാലുപേരുടെയും സംസ്കാരം നടത്തി. ചടങ്ങുകള്‍ക്ക് ആലപ്പുഴ രൂപത ബിഷപ്പ് ഡോ: സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാര്‍മ്മികത്വം വഹിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപ വീതവും അടിയന്തിര സഹായം നല്‍കണമെന്ന് കെ സി വേണുഗോപാല്‍ എം പിയും നിയുക്ത എം എല്‍ എ എ എ ഷുക്കൂറും മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും അയച്ച ഫാക്സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. |