|
സോമി സേവ്യര്‍
"ദൈവത്തിന്റെ സ്വന്തം നാട്"എന്ന് കേട്ടറിഞ്ഞാണ് വിദേശികളും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ളവരുമടക്കമുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെത്താന്‍ കൊതിക്കുന്നത്.
"അതിഥി ദേവോ ഭവ" എന്ന ആപ്തവാക്യത്തിന് അടിവരയിട്ട് സഞ്ചാരികളെ ഇരുകൈയുംനീട്ടി സ്വീകരിച്ചു പോന്നിരുന്നുവെന്നതും ചരിത്രം. എന്നാല്‍ തേക്കടി ദുരന്തത്തോടെ കേട്ടതെല്ലാം പഴങ്കഥയായി മാറി. സര്‍ക്കാരിന്റെ പിടിപ്പുകേടും അധികൃതരുടെ ലാഭക്കൊതിയുംമൂലം തേക്കടിയിലെ ആഴങ്ങളില്‍ മുങ്ങിപ്പോയത് ജലകന്യക എന്ന ബോട്ടു മാത്രമല്ല, ലോകത്തിനു മുന്നില്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ സല്‍പ്പേരും വിശ്വാസ്യതയും കൂടിയാണ് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചത്. നഷ്ടപ്പെട്ട വിശ്വാസ്യതയും പാരമ്പര്യവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനു പകരം സര്‍ക്കാരാകട്ടെ സ്വന്തം മുഖത്തും തലയിലും കരിവാരിതേയ്ക്കാനാണ് ശ്രമിച്ചത്.ഗാന്ധിജയന്തി ദിനത്തിലെ ചങ്ങലയില്‍ കണ്ണികളാകാനുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനങ്ങളില്‍ കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന സമയത്ത് ദുരന്തത്തില്‍ മരിച്ചവരുടെ വിറങ്ങലിച്ച ശരീരങ്ങളുമായി ആംബുലന്‍സുകള്‍ അതിര്‍ത്തികടക്കുകയായിരുന്നു. അതിഥികളെ ദൈവത്തെപ്പോലെ കരുതി പരിചരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനുമേലാണ് മനുഷ്യച്ചങ്ങല തീര്‍ത്ത് സി.പി.എം. കരിവാരിതേച്ചത്.
അതേസമയം കോണ്‍ഗ്രസ് പ്രസ്ഥാനമാകട്ടെ, ദുരന്തത്തിന് ഇരയായ മുഴുവന്‍ പേരുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അന്നേദിവസം നടത്താനിരുന്ന ശാന്തിയാത്രകള്‍ മാറ്റിവച്ച് ഉദാത്തമായ ജനാധിപത്യമൂല്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിക്കാട്ടി ലോകത്തിനുതന്നെ മാതൃകയാകുകയായിരുന്നു. ഒരറ്റത്ത് ചങ്ങലയെന്ന മൃഗയാവിനോദം തീര്‍ക്കുമ്പോള്‍ തന്നെ മറ്റൊരറ്റത്ത് അപകടത്തിന് പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള "ഇരകള്‍ക്കുവേണ്ടിയുള്ള തെരച്ചിലും ആരംഭിച്ചിരുന്നു. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അപകടത്തിന്റെ ഉത്തരവാദിത്വം തലയില്‍ കെട്ടിവയ്ക്കാനുമുള്ള ഇരകള്‍ക്കുള്ള ചങ്ങലകൂടിയാണ് സി.പി.എം.നേതൃത്വം അന്നേദിവസം തീര്‍ത്തത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ തയാറാക്കിയ തിരക്കഥ മാതൃകയായി ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. പോള്‍ വധക്കേസില്‍ കുറ്റം കെട്ടിവയ്ക്കാന്‍ ഏതാനും പേരെ രംഗത്തിറക്കിയതിനു സമാനമായ രീതിയില്‍ ഇവിടെയും തിരക്കഥ തയാറാക്കാന്‍ താമസമുണ്ടായില്ല. വൈകാതെ സംവിധായകനെയും രംഗത്തിറക്കി. പോള്‍ വധക്കേസില്‍ ചോരപ്പാട് ഉണങ്ങുംമുമ്പേ ഐ.ജി. പത്രസമ്മേളനം നടത്തി കേസ് തെളിയിച്ച അതേ മാജിക് തേക്കടിയിലും ആവര്‍ത്തിക്കാനായിരുന്നു പദ്ധതി. അമിതവേഗം, കാറ്റ്, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങി പോള്‍ വധക്കേസിനു സമാനമായ കണ്ടെത്തലുകളുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത് അവതരിച്ചു. കൊച്ചുകുട്ടികളുടെപോലും സാമാന്യബുദ്ധിക്ക് നിരക്കാത്ത കണ്ടെത്തലുകളുമായാണ് രണ്ടു കേസിലും അന്വേഷണോദ്യോഗസ്ഥര്‍ രംഗപ്രവേശം ചെയ്തതെന്നും ശ്രദ്ധേയം. ഒരു വ്യത്യാസം മാത്രം- പോള്‍ വധക്കേസില്‍ തിരക്കഥ മുന്‍കൂട്ടി തയാറാക്കിയിരുന്നുവെങ്കില്‍ തേക്കടി ദുരന്തത്തില്‍ തിരക്കഥ "തിരക്കിട്ടു" തന്നെ തട്ടിക്കൂട്ടുകയായിരുന്നു.തിരക്കഥയനുസരിച്ചുതന്നെ രണ്ടുകേസിലും തുടക്കത്തില്‍ കാര്യങ്ങള്‍ നീങ്ങിയെങ്കിലും സത്യത്തിന്റെ മുഖം അധികനാള്‍ മൂടാന്‍ ആര്‍ക്കും കഴിഞ്ഞില്ല, മാത്രമല്ല സര്‍ക്കാരിന്റെ വികൃതമുഖം വീണ്ടും വീണ്ടും വെളിവാകുകയും ചെയ്തു. അപകടത്തില്‍പ്പെട്ട ബോട്ടിന് സാങ്കേതിക തകരാറുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രൂപകല്‍പനയോടെയാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നതെന്നുമുള്ള കണ്ടെത്തലുകളുമായി ബോട്ട് ചീഫ് ഇന്‍സ്പെക്ടര്‍ എം. മാത്യുവാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. അമിതവേഗതയും, വേഗത കുറയ്ക്കാതെ ബോട്ട് പെട്ടെന്ന് തിരിച്ചതുമാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരു ന്നു. ഒപ്പം അപകടമുണ്ടായ സ്ഥലത്ത് കാറ്റുണ്ടായതും കാരണമായിട്ടുണ്ട്. തേക്കടിയില്‍ യാത്രയ്ക്ക് അനുയോജ്യമായ നിലയിലാണ് ബോട്ടിന്റെ നിര്‍മാണമെന്നും രണ്ടാംതീയതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.നാലുമാസം മുന്‍പ്, അതായത് കഴിഞ്ഞ ജൂണ്‍ 6-ന് ജനലകന്യകയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചീഫ് ബോട്ട് ഇന്‍സ്പെക്ടറെതന്നെ ഇതേ ബോട്ടിനുണ്ടായ ദുരന്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഏല്‍പിച്ചതുമുതല്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു. ദുരന്തത്തില്‍പ്പെട്ട ബോട്ടിനു യാതൊരു തകരാറുമുണ്ടായിരുന്നില്ലെന്ന് ഒക്ടോബര്‍ 2-ന് റിപ്പോര്‍ട്ട് നല്‍കിയ ഈ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തുവെന്നതും മറ്റൊരു വിരോധാഭാസം.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനും താമസമുണ്ടായില്ല. ബോട്ട് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍-ഒന്നാംപ്രതി, ലസ്കര്‍ അനീഷ് - രണ്ടാംപ്രതി. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസുമെടുത്തു. നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്ന പോലീസ് പിന്നീട് വകുപ്പുമാറ്റി കേസ് ചാര്‍ജ് ചെയ്യാന്‍ ഉത്സാഹം കാട്ടുകയായിരുന്നു.പോലീസ് ഒന്നാംപ്രതി സ്ഥാനം പതിച്ചു നല്‍കി യപ്പോള്‍ ബോട്ട് ഡ്രൈവര്‍ വിക്ടറാകട്ടെ ഇതൊന്നുമറിയാതെ തേനിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. (തുടരും) സാംസ്കാരിക പൈതൃകത്തിനേറ്റ സി.പി.എം പുഴുക്കുത്ത് |