|
ചങ്ങാടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു |
|
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചങ്ങാടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. അമ്പൂരി കുന്നാനിയ്ക്കല്‍ കാരക്കുഴിയില്‍ സജോ തോമസ് ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സജോയെ കണ്ടെടുത്തത്.
തുടര്‍ന്ന് സജോയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സജോ. സജോയോടൊപ്പം നദിയില്‍ വീണ സഹോദരി സജു തോമസ്, മറ്റൊരു യുവതി എന്നിവര്‍ രക്ഷപ്പെട്ടു. അമ്പൂരി ചങ്ങാടക്കടവില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ യാത്ര ചെയ്തിരുന്ന ചങ്ങാടം സജോ തോമസാണ് നിയന്ത്രിച്ചിരുന്നുത്. കരയില്‍ കെട്ടിയിരുന്ന കയറുപയോഗിച്ചാണ് ചങ്ങാടം നിയന്ത്രിച്ചിരുന്നത്. ഈ കയറ് ചങ്ങാടത്തില്‍ കുരുങ്ങിപ്പോയപ്പോള്‍ അത് എടുക്കാനുള്ള ശ്രമത്തിനിടെയാണ് സജോ നദിയിലേയ്ക്ക് വീണത്. സ്ക്കൂളിലെയ്ക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സജോയ്ക്ക് നീന്തലറിയാമായിരുന്നെങ്കിലും സ്കൂള്‍ ബാഗ് തോളിലുണ്ടായിരുന്നതിനാല്‍ മുങ്ങിപ്പോവുകയായിരുന്നു. |