|
ജോണ്‍ വാക്കര്‍ അന്തരിച്ചു |
വാഷിംഗ്ടണ്‍: അമേരിക്കന്‍ പോപ് സംഗീത സംഘമായ 'ദ വാക്കര്‍ ബ്രദേഴ്‌സി'ന്റെ സ്ഥാപകരിലൊരാളായ ജോണ്‍ വാക്കര്‍ അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ലോസ്ആഞ്ചല്‍സിലെ സ്വവസതിയില്‍വച്ചായിരുന്നു അന്ത്യം.
ജോണ്‍ മാവൂസ് എന്നായിരുന്നു ജോണ്‍ വാക്കറിന്റെ യഥാര്‍ഥ പേര്. 1964ലാണ് 'ദ വാക്കര്‍ ബ്രദേഴ്‌സി'ന്റെ പിറവി. 1960-70കളില്‍ അമേരിക്കയിലും ബ്രിട്ടനിലും വേരുപിടിച്ച ചുരുക്കം ചില പോപ് സംഗീത സംഘങ്ങളിലൊന്നായിരുന്നു 'ദ വാക്കര്‍ ബ്രദേഴ്‌സ്'. സ്‌കോട്ട് വാക്കര്‍, ഗാരി വാക്കര്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് ജോണ്‍ വാക്കര്‍ സംഗീത ഗ്രൂപ്പിനു ജന്മംകൊടുത്തത്. 1960കളിലെ ബ്രിട്ടീഷ് യാത്രയ്ക്കു ശേഷം ഏറ്റവും കൂടുതല്‍ വാണിജ്യ വിജയങ്ങള്‍ കൊയ്ത ആല്‍ബങ്ങളാണ് 'ദ വാക്കര്‍ ബ്രദേഴ്‌സ്' ചിട്ടപ്പെടുത്തിയത്. 'ഇഫ് യു ഗോ എവേ', 'ദി ഈസ് ജോണ്‍ വാക്കര്‍', 'യൂ', 'ദ സില്‍വര്‍ സിക്സ്റ്റീസ് ടൂര്‍ 2004', 'ജസ്റ്റ് ഫോര്‍ യൂ' തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍.
|