|
തൃശൂര്‍: സി പി ഐ നേതാവും മുന്‍ ഡെ . സ്പീക്കറും ചരിത്രകാരനുമായ പി കെ ഗോപാലകൃഷ്ണന്‍ (86) നിര്യാതനായി. 20 വര്‍ഷമായി വിശ്രമ ജീവിതം നയിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ഉച്ചക്ക് ഇരിങ്ങാലക്കുടയില്‍ മകളുടെ വീട്ടിലായിരുന്നു.
സംസ്കാരം ഇന്ന് 10 മണിക്ക് കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരത്ത് വീട്ടുവളപ്പില്‍. 1977മുതല്‍ 80 വരെ,കെ കരുണാകരന്‍, എ. കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ എന്നീ മുഖ്യമന്ത്രിമാരുടെ കാലത്താണ് ഗോപാലകൃഷ്ണന്‍ ഡെ. സ്പീക്കറായത്. 1952 ല്‍ മദിരാശി നിയമസഭാംഗമായിരുന്നു. 1967 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും 77, 80 കാലത്ത നാട്ടികയില്‍ നിന്നും എംഎല്‍ എ യായി പാപ്പിനിവട്ടം ഗ്രാമത്തില്‍ ജനനം. ശ്രീനാരായണപുരം പൂവ്വത്തുംകടവില്‍ കുഞ്ഞിറ്റിഅച്ഛനും ഇണ്ണൂലി അമ്മയുമാണ്. മഹാരാജാസില്‍ ബിഎ) പഠനം നടത്തി. മദിരാശി ലോ കോളെജില്‍ നിന്നും ബിഎല്‍ പാസായി. ഭാര്യ-പനങ്ങാട് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന പരേതയായ ഓമന, മക്കള്‍- ലെസിത (കേരള സര്‍വ്വകലാശാലയില്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍), മീന മരിമക്കള്‍-ഡോ പ്രകാശം (കേരള സര്‍വ്വകലാശാല എന്‍വയണ്‍മെന്റല്‍ സയന്‍സ് മേധാവി), ഡോ.അനില്‍ നാരായണന്‍ (ഗൈനക്കോളജിസ്റ്റ് ഗവ. ആശുപത്രി ഇരിങ്ങാലക്കുട) സിപിഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്റെ അമ്മാവനാണ്.
കൊടുങ്ങല്ലൂരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പഴയ നാട്ടിക മണ്ഡലത്തില്‍ നിന്നും മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാവുന്നത്.'കേരളത്തിന്റെ സാംസ്കാരിക ചരിത്രം', 'കലയും സാഹിത്യവും ഒരു പഠനം', 'സംസ്കാരധാര', 'ഒ ചന്തുമേനോന്‍', 'ജൈനമതം കേരളത്തില്‍', 'പുരോഗമന സാഹിത്യ പ്രസ്ഥാനം-നിഴലും വെളിച്ചവും, 'ശ്രീനാരായണഗുരു - വിശ്വമാനവികതയുടെ പ്രവാചകന്‍' എന്നിവയാണ് പ്രധാനകൃതികള്‍.കേരള ഹിസ്റ്ററി അസോ. സെക്രട്ടറി, കേരള പുരോഗമന സാഹിത്യ സംഘം സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത് എക്സി. അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നവജീവന്‍ നവയുഗം കിരണം മാസിക പത്രാധിപരായി. 'ജഗത്സാക്ഷി' എന്ന പത്രവുമായി ബന്ധപ്പെട്ടു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കെ ദാമോദരന്‍ അവാര്‍ഡ്, ശ്രീനാരായണഗുരു അവാര്‍ഡ്, പ്രഥമ വി കെ രാജന്‍ അവാര്‍ഡ്, സി ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീനാരായണ ജയന്തി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.
രാഷ്ട്രീയവും ചരിത്രപഠനവും ഒരേ പോലെ കൊണ്ടുനടന്ന മികച്ച നേതാവായിരുന്നു ഗോപാലകൃഷ്ണനെന്ന് രാജ്യ രക്ഷാ മന്ത്രി എ. കെ ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പി സി ചാക്കോ എം പി ,മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍ എ , കെ പി സി സി ട്രഷറര്‍ സി എന്‍ ബാലകൃഷ്ണന്‍, കെ പി വിശ്വനാഥന്‍ കെ പി സി സെക്രട്ടറി ടി എന്‍ പ്രതാപന്‍എംഎല്‍ എ സി പി ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ , ഡോ കെ കെ രാഹുലന്‍ എന്നിവര്‍ അനുശോചിച്ചു. |