|
ഡോ.പി.കെ.ആര്‍.വാരിയര്‍ അന്തരിച്ചു. |
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ആദ്യ മേധാവ ി ഡോ.പി.കെ.ആര്‍.വാരിയര്‍(90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു.
വൈദ്യരംഗത്തെ ജനകീയമാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച വ്യക്തിയാണ് വാരിയര്‍. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ആയിരുന്നു. രോഗികളുടെ വേദനയില്‍ നിന്നു പണം സമ്പാദിയ്ക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വകാര്യ പ്രാക്ടീസിനെ പൂര്‍ണമായും എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1921 ആഗസ്ത് 13നായിരുന്നു അദ്ദേഹത്തിന്റെ ജനനം. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. 1950 ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍, കേരളത്തിലെ നെഞ്ചു തുറന്നുള്ള ആദ്യ ശസ്ത്രക്രിയ വിജയകരമായി നടത്തി. 1960ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഫെല്ലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെത്തിയ അദ്ദേഹം ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ വിദഗ്ധ പരിശീലനം നേടി. തിരിച്ചെത്തിയ അദ്ദേഹം ദക്ഷിണേന്ത്യയിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. വാര്യരാണ് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ വിഭാഗം തുടങ്ങിയത്. 1977ല്‍ മെഡിക്കല്‍ കോളേജില്‍നിന്ന് പെന്‍ഷനായി. വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും ഇ.എം.എസ് അടക്കമുള്ള ഇടതുപക്ഷ നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനും കൂടിയായിരുന്നു വാരിയര്‍. ആത്മകഥയായ 'അനുഭവങ്ങള്‍ അനുഭാവങ്ങള്‍' ക്ക് കഴിഞ്ഞവര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെയും ഡോ.കെ.പി നായര്‍ ഫൗണ്ടേഷന്റെയും ആജീവനാന്ത സേവനത്തിനുള്ള പുരസ്‌കാരം, ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തക ദേവകി വാരിയരായിരുന്നു ഭാര്യ. പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എന്‍.കരുണ്‍ മരുമകനാണ്.
|