| അഡ്വക്കേറ്റ് ജി.ജനാര്‍ദ്ദന കുറുപ്പ് അന്തരിച്ചു |
കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കലൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 10.30ന് പച്ചാളം ശ്മശാനത്തില്‍ നടക്കും. രാവിലെ 8 മുതല്‍ 10 വരെ കലൂര്‍ ജഡ്ജസ് അവന്യുവിലെ വൈലോപ്പിള്ളി സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.അഭിഭാഷകന്‍, സംഘാടകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, നടന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയായിരുന്നു ജനാര്‍ദ്ദനക്കുറുപ്പ്. കെ. പി. എ. സിയുടെ സ്ഥാപകരില്‍ ഒരാളുമായിരുന്നു. അഞ്ഞൂറില്‍പരം ക്രിമിനല്‍ കേസുകള്‍ വാദിച്ചിട്ടുള്ള അദ്ദേഹം അഭിഭാഷകവൃത്തിയില്‍ സുവര്‍ണ്ണജൂബിലി പിന്നിട്ട അപൂര്‍വ്വം വ്യക്തികളിലൊരാളാണ്.കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് തന്റെ വ്യവഹാര വൈദഗ്ധ്യം പ്രകടമാക്കിയിട്ടുണ്ട്. രണ്ടാം മാറാട് കേസ് ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും വാദിച്ചിട്ടുണ്ട്. സൂര്യനെല്ലി പെണ്‍വാണിഭകേസില്‍ പ്രോസിക്യൂട്ടറായിരുന്നു.1920 ജൂണ്‍ എട്ടിന് കൊല്ലത്തു ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. വിദേശത്ത് ഉപരിപഠനം നടത്താന്‍ ലഭിച്ച ടാറ്റയുടെ സ്‌കോളര്‍ഷിപ്പ് നിരസിച്ച ജനാര്‍ദ്ദനക്കുറുപ്പ് ഇക്കണോമിക്‌സിലും നിയമത്തിലും ഉന്നത ബിരുദങ്ങള്‍ നേടി അഭിഭാഷകവൃത്തിയിലേക്ക് തിരിയുകയായിരുന്നു. 1970 മുതല്‍ അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് കൊച്ചിയിലേയ്ക്ക് താമസം മാറ്റി. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മാറ്റിയത്. ഇന്നു രാവിലെ രോഗനില മൂര്‍ച്ഛിക്കുകയായിരുന്നു.കലൂര്‍ പൊറ്റക്കുഴി റോഡില്‍ ആര്യപാടം ലെയ്‌നിലെ വസതിയായ 'ശ്രീഗൗരി'യില്‍ ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍, അഭിഭാഷകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ രാവിലെ തന്നെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.പരേതയായ മാരാരി തോട്ടത്തില്‍ ശ്രീകുമാരിയമ്മയാണ് ഭാര്യ. അഭിഭാഷകരായ ലീല, അംബിക, കൊച്ചി സര്‍വ്വകലാശാലയിലെ പ്രൊഫ. ശാരദ, ചിദംബരം മെഡിക്കല്‍ കോളേജിലെ ഡോ. അംബുജം, വിപ്രോയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പങ്കജം എന്നിവരാണ് മക്കള്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കലൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 10.30ന് പച്ചാളം ശ്മശാനത്തില്‍ നടക്കും. 
-°C 