യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഗുരുവായൂര്‍: തൈക്കാട് യുവാവിനെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. സബ് സ്റ്റേഷന് സമീപമുള്ള കല്ലാട്ടുപറമ്പില്‍ പരേതനായ കേശവന്റെ മകന്‍ ധര്‍മനെ (32)യാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പായയില്‍ കമിഴ്‌ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. നെറ്റിയിലും കണ്ണിനടുത്തുമായി രണ്ട് മുറിവുകളുണ്ട്. വീടിന് പുറകിലുള്ള വാതില്‍ ചവിട്ടി പൊളിച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ സഹോദരി ശാന്തയാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ആങ്ങളയെ കണ്ടത്. ശാന്തയും ഭര്‍ത്താവ് രാജേഷും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ രാത്രി അടുത്തുള്ള അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പാണ് ധര്‍മന്റെ അമ്മ ലീല മകളുടെ വീട്ടിലേക്ക് പോയത്.
രാവിലെ ശാന്ത വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ധര്‍മന്‍ ഉറങ്ങുകയാണെന്ന് കരുതി വിളിച്ചില്ലത്രേ. പിന്നീട് ഒരു കൂട്ടുകാരനെത്തി ധര്‍മനെ അന്വേഷിച്ചെത്തിയപ്പോഴാണ് ധര്‍മന്‍ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് ശാന്ത പറഞ്ഞു. ധര്‍മന്റെ സഹോദരനായ വിനോദും ശാന്തയുടെ ഭര്‍ത്താവ് രാജേഷും ചേര്‍ന്ന് ധര്‍മനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ വിളിച്ചു. പക്ഷെ സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവര്‍ ധര്‍മന്റെ അവസ്ഥ കണ്ട് പോലിസിന് വിവരം നല്‍കി. ഡി.വൈ.എസ്.പി ടി.കെ.തോമസ്, സി.ഐ കെ.വി.പ്രഭാകരന്‍, എസ്.ഐ എം.സുരേന്ദ്രന്‍, ജൂനിയര്‍ എസ്.ഐ ബോബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലെത്തെത്തി. ഫോറന്‍സിക് വിദഗ്ധരും പോലിസ് നായയും എത്തിയിരുന്നു.
ധര്‍മന്റെ രണ്ട് സഹോദരന്‍മാരേയും അടുത്ത ചില ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധര്‍മന്‍ അവിവാഹിതനാണ്. അമ്മ : ലീല, സഹോദരന്‍മാര്‍: ഗോപി, ഗീത, ജയ, ലത, ശാന്ത, വിനോദ്, പരേതനായ രാജന്‍.
Rate this article



del.icio.us
Digg