പി എന്‍ മേനോന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍ (82) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ഇന്നലെ ഉച്ചയക്ക് മൂന്നരയോടെയായിരുന്നു പാലിശേരി നാരായണന്‍കുട്ടി എന്ന പി.എന്‍ മേനോന്റെ അന്ത്യം. ഓര്‍മ്മ നഷ്ടപ്പെട്ട് ദീര്‍ഘകാലമായി കിടപ്പിലായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി കൊച്ചിയിലെ ലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂത്തമകള്‍ ജയശ്രീയ്ക്കൊപ്പം കടവന്ത്രയിലെ ഫ്ലാറ്റിലാണ് ദീര്‍ഘകാലമായി പി.എന്‍ മേനോന്‍ കഴിഞ്ഞിരുന്നത്. സംസ്്കാരം ഇന്ന് വൈകിട്ടു അഞ്ചിനു രവിപുരം ശ്മാശനത്തില്‍ നടക്കും.
തൃശൂര്‍ വടക്കാഞ്ചേരിയിലാണ് മേനോന്‍ ജനിച്ചത്. 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്റ്റുഡിയോവില്‍ പെയിന്ററായി വന്ന് സംവിധായകനായി മാറിയ പി.എന്‍ മേനോന്റെ ജീവിതം മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെത് കൂടിയാണ്.
1969 ല്‍ പുറത്തിറങ്ങിയ ഓളവും തീരവുമാണ് മേനോനെ മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ നിലയിലേക്ക് ഉയര്‍ത്തിയത്. ആ വര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചലച്ചിത്രത്തിനു ലഭിച്ചു.
2004 ല്‍ പുരത്തിറങ്ങിയ നേര്‍ക്കുനേര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. റോസി(1965), മാപ്പുസാക്ഷി(1971), കുട്ട്യേടത്തി(1971), പണിമുടക്ക് (1972), ചെമ്പരത്തി(1972), ഗായത്രി(1973), ദര്‍ശനം(1973), ചായം(1973), മഴക്കാറ് (1974), ഓടക്കുഴല്‍ (1975), ഉദയം കിഴക്കുതന്നെ(1976), ടാക്സി ഡ്രൈവര്‍ (1978), മിടുക്കി പൊന്നമ്മ(1978), ദേവത (1979), അര്‍ച്ചന ടീച്ചര്‍ (1981), അനു (1982), മലമുകളിലെ ദൈവം(1983), ഗ്ലിംസസ് ഓഫ് കേരള (1983), അസ്ത്രം (1983), പടിപ്പുര(1988), മണിഓര്‍ഡര്‍(1990) എന്നിവയാണ് മേനോന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ഗായത്രിയെന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും ലഭിച്ചു. ജെ.സി ഡാനിയേല്‍ പുരസ്കാരവും മേനോന് ലഭിച്ചിട്ടുണ്ട്. സ്റ്റുഡിയോവില്‍ മാത്രം ചിത്രീകരിച്ചിരുന്ന മലയാള സിനിമയെ യഥാര്‍ത്ഥ ലൊക്കേഷനിലേക്കു പറിച്ചുനട്ടത് മേനോനായിരുന്നു. ഭാര്യ: ഭാരതി, മക്കള്‍: ജയശ്രീ, രാജശ്രീ.
Rate this article



del.icio.us
Digg