നാടന്‍ പാട്ടുകളുടെ മുത്തശ്ശി മറിയാമ്മ ചേട്ടത്തി യാത്രയായി
ചങ്ങനാശേരി: നാടന്‍പാട്ടുകളുടെ മുത്തശ്ശി മറിയാമ്മ (മറിയാമ്മ ചേട്ടത്തി-90) നിര്യാതയായി. തോട്ടയ്ക്കാട് മാടത്താനി എഴുവന്താനത്ത് താമസിക്കുന്ന മകന്‍ എസ്.ബി കോളജിലെ അസി. ലൈബ്രേറിയന്‍ മോഹനന്റെ വീട്ടില്‍ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.കേരളത്തിലാകമാനം നാടന്‍പാട്ടുകളിലൂടെ പ്രസിദ്ധയായ മറിയാമ്മ ബിരുദാനന്തര ബിരുദക്കാര്‍ക്കുവരെ എസ്.ബി കോളേജില്‍ ക്ലാസെടുത്തിട്ടുണ്ട്. 15-ാം വയസ്സില്‍ ഭര്‍ത്താവ് കുട്ടന്‍പേരൂര്‍ചിറ ജോണിനോടൊപ്പമാണ് മറിയാമ്മ ചങ്ങനാശേരിയിലെത്തുന്നത്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും കൂടാതെ നന്നെ ചെറുപ്പത്തില്‍ തന്നെ 11 മക്കളില്‍ ഏഴു പേരെയും മറിയാമ്മയ്ക്ക് നഷ്ടമായി. കരുണം സിനിമയില്‍ പിന്നണിഗായികയായി.
ഫോക്ക്ലോര്‍ അക്കാദമി ഫെലോഷിപ്പ്, ഫിലിം ക്രിട്ടിക് അവാര്‍ഡ്, ജോണ്‍ എബ്രഹാം അവാര്‍ഡ് എന്നീ നിരവധി പുരസ്കാരങ്ങള്‍ക്കും മറിയാമ്മ അര്‍ഹയായി. അവസാനകാലത്ത് പ്രായാധിക്യം മൂലമുള്ള അസ്വസ്തയില്‍ ഓര്‍മ്മക്കുറവു വകവയ്ക്കാതെ എല്ലായ്പോഴും നാവിന്‍തുമ്പില്‍ മാണിക്കം പെണ്ണിന്റെയും പാണ്ടിച്ചിരുതയുടെയും കഥകളുടെ ശീലുകള്‍ ഉണ്ടായിരുന്നു.മറിയാമ്മയുടെ നാടന്‍പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ എസ്.ബി കോളജിലെ പ്രഫ. സെബാസ്റ്റ്യന്‍ വട്ടമറ്റമാണ് മുഴുവന്‍ പാട്ടുകളും സമാഹരിച്ച് 80കളില്‍ മാണിക്യം പെണ്ണ് എന്നപേരില്‍ പുസ്തകം പുറത്തിറക്കിയത്.
കൂടാതെ അന്നത്തെ സാംസ്കാരികവകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണന്‍ സാഹിത്യ അക്കാദമിയുടെ പ്രത്യേക ബഹുമതി നല്‍കിയും മറിയാമ്മയെ ആദരിച്ചിരുന്നു. സംസ്കാരം വൈകീട്ട് മൂന്നിന് പാറേല്‍ പള്ളിസെമിത്തേരിയില്‍. മക്കള്‍: ലീലാമ്മ, തെയ്യാമ്മ, റീത്ത, മോഹനന്‍, പരേതരായ അനിയന്‍കുഞ്ഞ്, മോനി, അമ്മിണി, ജോണി, കുഞ്ഞുമോന്‍, കുട്ടിയമ്മ, രാജു.
Rate this article



del.icio.us
Digg