Home | ചരമം | സെപ്റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടു പേര്‍ മരിച്ചു

സെപ്റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടു പേര്‍ മരിച്ചു

Font size: Decrease font Enlarge font

പാലക്കാട്‌:സെപ്റ്റിക്‌ ടാങ്ക്‌ നന്നാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ രണ്ടുപേര്‍ മരിച്ചു. വീട്ടുടമസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.ചെര്‍പ്പുളശ്ശേരി മാട്ടായ മാമ്പളം കിഴക്കേക്കാട്ടില്‍ പോക്കുന്നിയുടെ മകന്‍ കൃഷ്ണന്‍കുട്ടി (50),വല്ലപ്പുഴ മാട്ടായ അയ്യപ്പന്റെ മകന്‍ ചന്ദ്രന്‍ (40)എന്നിവരാണ്‌ മരിച്ചത്‌.ഇന്നലെ രാവിലെ 9.30ഓടെയാണ്‌ സംഭവം.മാട്ടായ കിഴക്കേ മേനകത്ത്‌ വീട്ടില്‍ ഹരിദാസിന്റെ വീട്ടിലെ കക്കൂസ്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെയായിരുന്നു ദുരന്തം.

സെപ്റ്റിക്‌ ടാങ്കിനു മുകളില്‍ വെച്ച സ്ലാബ്‌ മാറ്റുന്നതിനിടെ ആദ്യം കൃഷ്ണന്‍കുട്ടിയാണ്‌ 12 അടി താഴ്ചയുള്ള കുഴിയിലേക്ക്‌ കുഴഞ്ഞു വീണത്‌.കൃഷ്ണന്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രനും കുഴിയിലേക്ക്‌ വീണു.ഇതുകണ്ട്‌ വീട്ടുടമസ്ഥനായ ഹരിദാസന്‍ ഓടിയെത്തി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാളും കുഴിയിലകപ്പെട്ടു.വീട്ടുകാര്‍ നിലവിളിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി സെപ്റ്റിക്‌ ടാങ്കിലേക്ക്‌ വായു ശ്വസിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.ഗുരുതരാവസ്ഥയിലായ ഹരിദാസിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ടാങ്കിന്‌ വിസ്തീര്‍ണ്ണം കുറഞ്ഞതു കൊണ്ടാണ്‌ ഇവര്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയാതിരുന്നത്‌.15 വര്‍ഷത്തോളം പഴക്കമുള്ള സെപ്റ്റിക്‌ ടാങ്ക്‌ അടഞ്ഞതിനെ തുടര്‍ന്ന്‌ നന്നാക്കുന്നതിനു വേണ്ടിയാണ്‌ ഹരിദാസ്‌ പണിക്കാരായ രണ്ടുപേരെയും ഇന്നലെ വരുത്തിയത്‌.പട്ടാമ്പി പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. ലീലയാണ്‌ ചന്ദ്രന്റെ ഭാര്യ. മക്കള്‍: അമോഷ്‌, രമേശ്‌, രേഷ്മ. കമലാക്ഷിയാണ്‌ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ. മക്കള്‍: കൃഷ്ണദാസ്‌, സൗമ്യ, ഷൈജു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0