കന്യാസ്ത്രീ ജീവനൊടുക്കി
കൊല്ലം:പോര്‍ട്ട് സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനൂപമേരി(22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോണ്‍വെന്റിലെ സ്വീകരണമുറിയോട് ചേര്‍ന്ന ചെറിയ മുറിയിലെ ഫാനില്‍ സഭാവസ്ത്രത്തില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. വൈകിട്ട് 4മണിക്ക് സിസ്റ്ററെ കാണാത്തതുകൊണ്ട് അന്വേഷിച്ച കൂട്ടുകാരിയായ സിസ്റ്ററാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നിലവിളിച്ചു ആളെക്കൂട്ടി അറുത്തിട്ടപ്പോഴെക്കും മരണം സംഭവിച്ചിരുന്നുവെന്ന് കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞു.
സീനിയറായ ഒരു സിസ്റ്ററുടെ പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിട്ടുണ്ട്.ഇനിയൊരു അമ്മമാരും ജൂനിയര്‍ സിസ്റ്റര്‍മാരോട് ഇത്രയും ക്രൂരതകാണിക്കരുതെന്നും കത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ കോണ്‍വന്റ് മനുഷ്യസമുദ്രമായി മാറി.ഡിവൈഎസ്പി സിജി സുരേഷ്കുമാറടക്കം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കുണ്ടറ കാഞ്ഞിരോട് സെന്റ് ജൂഡ് വില്ലയില്‍ പാപ്പച്ചന്‍ ബിജിയമ്മ ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് അനുപ മേരി.
പൂര്‍വ്വാശ്രമത്തിലെപേര് ബിന്ദു അനൂപ എന്നായിരുന്നു. ആറ് വര്‍ഷം പട്ടത്താനത്തെ ഹോളിക്രോസ് കോണ്‍വെന്റില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പോര്‍ട്ട് കോണ്‍വന്റില്‍ വന്നത്. കോണ്‍വന്റിന് കീഴിലുള്ള നഴ്സറി സ്കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. സംഭവമറിഞ്ഞയുടന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ജോര്‍ജ്ജ് ഡി കാട്ടിലടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി.



del.icio.us
Digg