സമുദ്രോല്‍പ്പന്ന കയറ്റുമതി; ഡോളര്‍ വരുമാനം കൂടി, അളവു കുറഞ്ഞു
കൊച്ചി:ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഡോളര്‍ വരുമാനത്തില്‍ 2007-08 സാമ്പത്തീക വര്‍ഷം റെക്കോര്‍ഡു വര്‍ധനവുണ്ടായതായി എം.പി.ഇ.ഡി.എ. ചെയര്‍മാന്‍ ജി.മോഹന്‍ കുമാര്‍ അറിയിച്ചു.7620.92കോടി രൂപ വിലമതിക്കുന്ന 541701 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ഇക്കുറി കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പന്നങ്ങളുടെ അളവില്‍ 11.58ശതമാനവും രൂപ മൂല്യത്തില്‍ 8.88 ശതമാനം കുറവാണെങ്കിലും ഡോളര്‍ വരുമാനത്തില്‍ 2.49 ശതമാനം നേടി റെക്കോര്‍ഡു വര്‍ധന സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഡോളര്‍ മൂല്യത്തില്‍ തുടര്‍ച്ചയായി ഇത് നാലാം തവണയാണ് രാജ്യം സമുദ്രോല്‍പന്നകയറ്റുമതിയില്‍ റെക്കോഡു നേട്ടം കൈവരിക്കുന്നത്.അതേസമയം ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി അളവ് കുറഞ്ഞുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2006-07 വര്‍ഷത്തില്‍ 612641 ടണ്‍ സമുദ്രവിഭവങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇക്കുറി 70941 ടണ്ണിന്റെ കുറവാണു രേഖപ്പെടുത്തിയത്. 8363.53 കോടി രൂപയുടെ വരുമാനം എന്നത് 742.61കോടി കുറഞ്ഞ് 7620.92 കോടിയാവുകയും ചെയ്തു.
അതേസമയം വിദേശ വിപണിയില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ക്കുള്ള ഡിമാന്റു വര്‍ധിച്ചതോടെ 2.49 ശതമാനം അധിക ഡോളര്‍ മൂല്യം നേടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. 2006-07 വര്‍ഷം 1852.93 മില്യന്‍ യു.എസ്. ഡോളര്‍ വരുമാനം എന്നത് ഈ വര്‍ഷം 46.16 മില്യന്‍ ഡോളര്‍ അധികം നേടി 1899.09 മില്യനായി രേഖപ്പെടുത്തി.ശീതീകരിച്ച ചെമ്മീന്‍ വിഭവങ്ങളാണ് ഇക്കുറിയും കയറ്റുമതി കുത്തക നേടിയത്. മൊത്തം കയറ്റുമതിയുടെ 52 ശതമാനവും ചെമ്മീന്‍ ഉല്‍പന്നങ്ങളായിരുന്നു. 980.62 മില്യണ്‍ ഡോളര്‍ വരുമാനമാണ് ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുമാത്രം ലഭിച്ചത്.
2007-08 വര്‍ഷം കൊച്ചി തുറമുഖം വഴി 98520 മെട്രിക് ടണ്‍ വിഭവങ്ങളാണ് വിദേശങ്ങളിലേക്കു പോയത്.ചെന്നൈ തുറമുഖം വഴി 42947മെട്രിക് ടണ്‍ സമുദ്രവിഭവങ്ങളും വിദേശത്തെത്തി.ഉല്‍പാദന വര്‍ദ്ധനവിനും കയറ്റുമതിക്കുമായി നിരവധി പദ്ധതികള്‍ എം.പി.ഇ.ഡി.എ. ആവിഷ്കരിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. മത്സ്യപ്രജനനമേഖലകളെ സംബന്ധിച്ച വിവരശേഖരണം, മത്സ്യം വളര്‍ത്തുകേന്ദ്രങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍മുഖ്യം. വിദേശവിപണിനേടുന്നതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തില്‍ അക്വാഫെസ്റ്റിവലുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.
സെപ്തംബര്‍ 22 മുതല്‍ 25 വരെ ആസ്ത്രേലിയായിലെ മെല്‍ബണ്‍ 23-26 റഷ്യ എന്നിവിടങ്ങളിലും ഒക്ടോബര്‍ 19-23 തീയതികളില്‍ പാരീസിലും 27-29 തീയതികളില്‍ ദുബായിലും നവംബര്‍ 4-6 തീയതികളില്‍ ചൈനയിലും, 2009 മാര്‍ച്ച് 15-17 തീയതികളില്‍ അമേരിക്കയിലെ ബോസ്റ്റണിലും, ഏപ്രില്‍ 28-30 ന് ബെല്‍ജിയം, എന്നിവിടങ്ങളിലും നടക്കുന്ന ഭക്ഷ്യമേളകളില്‍ എം.പി.ഇ.ഡി.എ.ഇന്ത്യന്‍ സമുദ്രവിഭവങ്ങളുമായി പങ്കെടുക്കും.
അക്വികള്‍ച്ചര്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2009 ജനുവരി 21 മുതല്‍ 23 വരെ ഭുവനേശ്വറിലും ഫെബ്രുവരി 18 മുതല്‍ 20 വരെ അലങ്കാരമത്സ്യമേള കൊല്‍ക്കത്തയിലും സംഘടിപ്പിക്കും. 2017 ഓടുക്കൂടി 600 കോടി യു.എസ്. ഡോളര്‍ വരുമാനം നേടാനാണ് എം.പി.ഇ.ഡി.എ.ശ്രമമെന്നും ചെയര്‍മാന്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ എം.പി.ഇ.ഡി.എ. വൈസ് പ്രസിഡന്റ് എ.ജെ.തരകന്‍, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ ഹാഷിം എന്നിവരും സംബന്ധിച്ചു.



del.icio.us
Digg