Home | ബിസിനസ്സ്‌ | സ്വര്‍ണത്തില്‍ ചാഞ്ചാട്ടം വെളിച്ചെണ്ണ ഉയര്‍ന്ന തലത്തില്‍

സ്വര്‍ണത്തില്‍ ചാഞ്ചാട്ടം വെളിച്ചെണ്ണ ഉയര്‍ന്ന തലത്തില്‍

Font size: Decrease font Enlarge font
image

കൊച്ചി:സ്വര്‍ണത്തില്‍ ഹെഡ്ജിങ്‌ ഡിമാണ്ട്‌ കുറയുമെന്ന്‌ ആശങ്ക.വന്‍ കുതിപ്പുകള്‍ക്ക്‌ ശേഷം നാളികേരോല്‍പ്പന്നങ്ങളില്‍ ലാഭമെടുപ്പിന്‌ സാധ്യത.കുരുമുളകിന്‌ കരുത്ത്‌ വീണ്ടെടുക്കാനാവുന്നില്ല. ലോറി സമരം റബര്‍ നീക്കത്തിന്‌ തടസമായി.ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന ഭീതിയില്‍ മാസത്തിന്റെ തുടക്കത്തില്‍ കരുത്തു കാണിച്ച സ്വര്‍ണം തളര്‍ച്ചയിലേയ്ക്ക്‌.ക്രുഡ്‌ ഓയില്‍ വിപണിയില്‍ ദൃശ്യമായ ചെറിയ ഇടിവാണ്‌ സ്വര്‍ണത്തിലെ ഹെഡ്ജിങ്‌ താല്‍പര്യത്തിന്‌ മങ്ങലേല്‍പ്പിച്ചത്‌.വാരത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ്‌ ഔണ്‍സിന്‌ 926 ഡോളര്‍ നിലനിന്ന സ്വര്‍ണം വര്‍ധിച്ച നിക്ഷേപക താല്‍പര്യത്തില്‍ 947 നു മുകളില്‍ എത്തിയെങ്കിലും കുതിപ്പു നിലനിര്‍ത്താനായില്ല.

വാരാന്ത്യ ക്ലോസിങ്‌ വേളയില്‍ നിരക്ക്‌ 934 ഡോളറിലായിരുന്നു. വിദേശ വിപണിയിലെ ഇടിവിന്റെ ചുവടു പിടിച്ചു കേരളത്തില്‍ പവന്റെ നിരക്ക്‌ 9560ല്‍ നിന്ന്‌ 9520ആയി താഴ്‌ന്നു. കൊപ്രക്ഷാമത്തെ തുടര്‍ന്നു കുതിച്ചു കയറിയ വെളിച്ചെണ്ണ വിപണിയില്‍ തിരുത്തലുകള്‍ക്ക്‌ സാധ്യത ശക്തം. ക്വിന്റലിന്‌ 6540 രൂപയില്‍ വില്‍പ്പന ആരംഭിച്ച വെളിച്ചെണ്ണ 6690 ലാണ്‌ ശനിയാഴ്ച വിപണനം അവസാനിച്ചത്‌. പാം ഓയിലുമായി താരതമ്യം ചെയ്യുമ്പോള്‍ വെളിച്ചെണ്ണയ്ക്ക്‌ ക്വിന്റലിന്‌ 800 രൂപ ഉയര്‍ന്നു നില്‍ക്കുകയാണ്‌. ഇത്‌ പ്രാദേശിക തലത്തില്‍ എണ്ണയുടെ പ്രിയം കുറയ്ക്കുമെന്ന ആശങ്ക ഇടപാടുകാര്‍ക്കിടയിലുണ്ട്‌. ലോറി സമരത്തെ തുടര്‍ന്ന്‌ കഴിഞ്ഞ വാരത്തില്‍ തമിഴ്‌നാട്‌ കൊപ്ര കേരളത്തില്‍ എത്തിയില്ല.

അതുകൊണ്ടു തന്നെ ഈ വാരത്തില്‍ അവിടെ നിന്ന്‌ ഉയര്‍ന്ന അളവില്‍ ചരക്ക്‌ പ്രതീക്ഷിക്കുന്നുണ്ട്‌. ഇതും വിപണിയുടെ കരുത്ത്‌ ചോര്‍ത്താം. മുന്‍ വാരത്തില്‍ 4340-4450 രൂപയില്‍ നിന്ന്‌ 4435-4550 വരെ കയറിയ കൊപ്ര ഈ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ തിരുത്തലുകള്‍ക്ക്‌ വിധേയമാകാം. വെളിച്ചെണ്ണ 6540 രൂപയില്‍ നിന്ന്‌ 6690 ആയി. ആഗോള തലത്തില്‍ കുരുമുളകിന്‌ ദൗര്‍ലഭ്യം നിലനിന്നിട്ടും ഉല്‍പ്പന്നത്തിന്‌ കരുത്ത്‌ വീണ്ടെടുക്കാന്‍ കഴിയുന്നില്ല. അവധി വ്യാപാരത്തിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ്‌ ഉല്‍പ്പന്നത്തെ തളര്‍ത്തുന്നത്‌.എക്സ്ചേഞ്ചുകളില്‍ നിന്ന്‌ സ്റ്റോക്ക്‌ ഡെലിവറി എടുക്കുന്നവര്‍ കുറഞ്ഞ നിരക്കില്‍ ഇത്‌ വില്‍പ്പനയ്ക്ക്‌ ഇറക്കുന്നതാണ്‌ വിപണിയുടെ മുന്നേറ്റത്തിന്‌ തടസം. രണ്ടും മൂന്നും വര്‍ഷം പഴക്കമുള്ള ഗുണനിലവാരം കുറഞ്ഞ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ നിരക്കിലും കിലോവിനു 5 രൂപവരെ താഴ്ത്തിയാണ്‌ വില്‍പ്പന നടക്കുന്നത്‌.

ഉല്‍പ്പാദന മേഖലയില്‍ വില്‍പ്പന സമ്മര്‍ദ്ദം തെല്ലുമില്ലെങ്കിലും വിപണിയില്‍ എത്തുന്ന പഴയ സ്റ്റോക്ക്‌ കുരുമുളകിന്റെ മുന്നേറ്റത്തിന്‌ ഭീഷണിയാകുന്നു. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ്‌ കുരുമുളക്‌ 13500 രൂപയിലും ഗാര്‍ബിള്‍ഡ്‌ 14100രൂപയിലും വില്‍പ്പന അവസാനിച്ചു.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കില്‍ ബ്രസീല്‍ കുരുമുളക്‌ ഓഫര്‍ ചെയ്യുന്നതിനാല്‍ ഇന്ത്യക്ക്‌ പുതിയ ഓര്‍ഡറുകള്‍ സമാഹരിക്കാനാവുന്നില്ല.കാലടി വിപണിയില്‍ ജാതിക്കയുടെ വിലയിടിവ്‌ തുടരുകയാണ്‌. വിളവെടുപ്പ്‌ വേളയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ്‌ വിലയിടിവിന്‌ കാരണം. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന അളവില്‍ ജാതിക്ക ശേഖരിക്കുന്നു. ജാതിക്ക തൊണ്ടന്‍ 110-120 രൂപ, തൊണ്ടില്ലാത്തത്‌ 200-210, ജാതിപത്രി 340-360 എന്നീ നിരക്കുകളില്‍ വിപണനം നടന്നു.

കയറ്റുമതിക്കാര്‍ ഗുണനിലവാരം ഉയര്‍ന്ന ചരക്കില്‍ താല്‍പര്യം കാണിച്ചു.മഴ കുറഞ്ഞതോടെ ജാതിക്കയുടെ ഗുണമേന്മ ഉയര്‍ന്നിട്ടുണ്ട്‌.അന്തര്‍ സംസ്ഥാന ലോറി സമരം റബര്‍ ഉല്‍പ്പാദന വിപണന മേഖലകളില്‍ അനിശ്ചിതത്വം ഉളവാക്കി.സമരം മുന്‍ നിര്‍ത്തി വാരത്തിന്റെ തുടക്കത്തില്‍ തന്നെ വ്യവസായികള്‍ വിപണിയില്‍ നിന്ന്‌ അകന്നു മാറി.ഈ അവസരത്തില്‍ വിദേശ വിപണികളില്‍ നിലനിന്ന ഉണര്‍വ്‌ ആഭ്യന്തര ഉല്‍പ്പന്നത്തിന്‌ കരുത്തായി.ലോറി സമരത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ഏകദേശം 1000 ടണ്‍ റബ്ബറിന്റെ നീക്കം തടസപ്പെട്ടു.കാലാവസ്ഥ അനുകൂലമായതോടെ റബര്‍ വെട്ട്‌ ഊര്‍ജിതമായിട്ടുണ്ട്‌. തിങ്കളാഴ്‌ മുതല്‍ ചരക്ക്‌ നീക്കം പുനരാരംഭിക്കും.ഈ അവസരത്തില്‍ വിദേശ വിപണികളിലെ ചലനങ്ങള്‍ ആഭ്യന്തര വ്യാപാരത്തെ വന്‍ തോതില്‍ സ്വാധീനിക്കാനിടയുണ്ട്. രാജ്യാന്തര നിരക്കുകള്‍ മെച്ചപ്പെട്ടാല്‍ അതിനൊപ്പം ആഭ്യന്തര വിലകളും ഉയരും.

അവിടെ വില കുറഞ്ഞാല്‍ കേരളത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രതീക്ഷിക്കാം.കഴിഞ്ഞ ആഴ്ചത്തെ ചരക്ക്‌ ഒറ്റയടിക്ക്‌ വിപണിയിലേയ്ക്ക്‌ ചാടാന്‍ ഇത്‌ വഴിയൊരുക്കാം. ആഭ്യന്തര നിരക്ക്‌ കുറഞ്ഞു നില്‍ക്കുന്നതിനാല്‍ കയറ്റുമതിക്കാര്‍ റബറില്‍ തല്‍പ്പരരാണ്‌. കൊച്ചിയില്‍ ആര്‍ എസ്‌ എസ്‌ നാലാം ഗ്രേഡ്‌ റബര്‍ ക്വിന്റലിന്‌ 13200 രൂപയിലാണ്‌ വില്‍പ്പന അവസാനിച്ചത്‌. തരംതിരിക്കാത്ത റബര്‍ 11400-12600 രൂപയില്‍ നിന്ന്‌ 12600-12800 ലേയ്ക്ക്‌ കയറി. ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ്‌ 14244 രൂപയിലൂം കോലാലമ്പൂരില്‍ 14050 രൂപയിലുമാണ്‌ വില്‍പ്പന ക്ലോസ്‌ ചെയ്തത്‌.കൊച്ചി തേയില ലേലത്തില്‍ ലീഫ്‌ ലേലത്തില്‍ ലീഫ്‌ സി റ്റി സി യുടെ നിരക്ക്‌ കിലോ രണ്ട്‌ മുതല്‍ മൂന്ന്‌ രൂപ കുറഞ്ഞു.

ഡസ്റ്റ്‌ ലേലത്തില്‍ വിവിധ ഇനങ്ങള്‍ക്ക്‌ കിലോ ഒന്ന്‌ മുതല്‍ രണ്ട്‌ രൂപ വരെ വര്‍ധിച്ചു.ലീഫ്‌ ഓര്‍ത്തഡോക്സ്‌: 2,01,000 കിലോ. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 142-164 , മീഡിയം ബ്രോക്കണ്‍ 121-130, മീഡിയം ഫാനിങ്ങ്സ്‌ 69-75, ഹൈഗ്രോണ്‍ ഫാനിങ്ങ്സ്‌ 65-70.ലീഫ്‌ സി റ്റി സി:11,1000 കിലോ. ബെസ്റ്റ്‌ ബ്രോക്കണ്‍ 74-79, മീഡിയം ബ്രോക്കണ്‍ 73-78, മീഡിയം ഫാനിങ്ങ്സ്‌ 65-71, ഫാനിങ്ങ്സ്‌ 65-70.ഡസ്റ്റ്‌ ഓര്‍ത്തഡോക്സ്‌ : 11,000 കിലോ. മീഡിയം ബി ഒ പി 93-100, ബെസ്റ്റ്‌ ബി ഒ പി 54-59, മീഡിയം ഫാനിങ്ങ്സ്‌ 50-54. ഫാനിങ്ങ്സ്‌ :ഇല്ല.ഡസ്റ്റ്‌ സി റ്റി സി : 8,40,000 കിലോ. സൂപ്പര്‍ ഫൈന്‍ 69-74, ബെസ്റ്റ്‌ റെഡ്‌ 67-72, മീഡിയം കടുപ്പം കുടിയത്‌ 65-70, മീഡിയം കടുപ്പം കുറഞ്ഞത്‌ 63-67, ലോ ക്വാളിറ്റി 55-60.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0