വിപണിക്ക് നഷ്ടമുണ്ടായ വാരം
കൊച്ചി: തിങ്കളാഴ്ച ഓഹരി വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം, മിക്ക ബാങ്കുകളും പലിശ നിരക്ക് കൂട്ടിയത്, ഏഷ്യ-യൂറോപ്യന്‍ ഓഹരി വിപണികളുടെ ഇറക്കം എന്നിവയാണ് ഓഹരി വിപണിയെ ദോഷകരമായി ബാധിച്ചത്.
ബി.എസ്.ഇ. സൂചിക 341 പോയിന്റ് കുറവോടെ 13462 പോയിന്റിലും, എന്‍.എസ്.ഇ. നിഫ്റ്റി സൂചിക 96പോയിന്റ് കുറവോടെ 4041പോയിന്റിലുമാണ് അന്നേദിവസം വ്യാപാരം അവസാനിപ്പിച്ചത്.ബി.എസ്.ഇ.യിലെ മധ്യനിര-ചെറുകിട ഓഹരി സൂചികകളും ഗണ്യമായി നഷ്ടമുണ്ടാക്കിയതായി കാണാം.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികളില്‍ വന്‍ വില്‍പന സമ്മര്‍ദ്ദം നിലനിന്നു. ബി.എസ്.ഇ.യില്‍ വ്യാപാരം നടന്ന 2692 ഓഹരികളില്‍ 2107 എണ്ണം നഷ്ടത്തിലായി. 542 എണ്ണം ലാഭമുണ്ടാക്കി.ക്രൂഡ് ഓയില്‍ വിലക്കയറ്റം, നാണയപ്പെരുപ്പം, ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധനവ് മൂലം ചൊവ്വാഴ്ച ഓഹരി വിപണിയില്‍ തകര്‍ച്ച അനുഭവപ്പെട്ടു. ബി.എസ്.ഇ. സൂചിക 500പോയിന്റ് കുറവോടെ 12962 പോയിന്റിലും, എന്‍.എസ്.ഇ. നിഫ്റ്റി സൂചിക 144 പോയിന്റ് കുറവോടെ 3897 പോയിന്റിലുമാണ് അന്നേ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, മെറ്റല്‍ വിഭാഗം ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.ഓട്ടോ വിഭാഗം ഓഹരികളുടെ വിലയും ഗണ്യമായി കുറഞ്ഞു.റിലയന്‍സ് കമ്യൂണിക്കേഷന്‍സ്,റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓഹരികള്‍ക്കാണ് ബി.എസ്.ഇ.യില്‍ ഏറ്റവം കൂടുതല്‍ നഷ്ടമുണ്ടായത്.നേട്ടമുണ്ടായ ഏക ഓഹരിയായി എന്‍.ടി.പി.സി. മാറി.ബി.എസ്.ഇ.യില്‍ വ്യാപാരം നടന്ന 2724 ഓഹരികളില്‍ 2272 എണ്ണം നഷ്ടത്തിലാവുകയും 406 ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും തിരിച്ചുവരവിന്റെ പാതയിലെത്തി. ശക്തമായ മുന്നേറ്റമാണ് അന്നേദിവസം വിപണിയില്‍ ദൃശ്യമായത്.
ബി.എസ്.ഇ. സൂചിക 703 പോയിന്റ് ഉയര്‍ച്ചയോടെ 13665 പോയിന്റിലും, എന്‍.എസ്.ഇ. നിഫ്റ്റി സൂചിക 197പോയിന്റ് നേട്ടത്തില്‍ 4093 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്ന വിദേശ ഫണ്ടുകള്‍ ബുധനാഴ്ച ഗണ്യമായ നിക്ഷേപം നടത്തി.ഷോര്‍ട്ട് കവറിംഗും വിപണിയുടെ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്നു.റിയല്‍ എസ്റ്റേറ്റ് വിഭാഗം ഓഹരികള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ഓഹരികളായി മാറി.ബാങ്കിംഗ്, ഉപഭോഗവസ്തുക്കള്‍, ക്യാപിറ്റല്‍ ഗുഡ്സ്,മെറ്റല്‍, പവര്‍, ഐ.ടി. തുടങ്ങിയ വിഭാഗം ഓഹരികളുടെ വിലയും ഗണ്യമായി ഉയര്‍ന്നു.
ചെറുകിട മേഖലയിലെ ഓഹരികള്‍ 2.18ശതമാനവും,മധ്യനിരയിലെ ഓഹരികള്‍ 3.67 ശതമാനവും മുന്നേറി. ബി.എസ്.ഇ.യില്‍ വ്യാപാരം നടന്ന 2737 ഓഹരികളില്‍ 1586 ഓഹരികള്‍ നേട്ടത്തിലും 1094 ഓഹരികള്‍ നഷ്ടത്തിലും, 57 ഓഹരികള്‍ മാറ്റമില്ലാതെയും തുടര്‍ന്നു.പഞ്ചാബ് നാഷണല്‍ ബാങ്ക്, സീമന്‍സ്, റിലയന്‍സ് ഇന്‍ഫ്ര, ടാറ്റാ പവര്‍, സത്യം കമ്പ്യൂട്ടേഴ്സ്, ഐഡിയ, എല്‍ ആന്‍ഡ് ടി, എച്ച്.ഡി.എഫ്.സി, ഒ.എന്‍.ജി.സി തുടങ്ങിയ ഓഹരികളുടെ വില ഉയര്‍ന്നു. എച്ച്.സി.എല്‍. ടെക്നോളജീസ്, എ.സി.ഐ.ടി.സി, ഹീറോ ഹോണ്ട, നാഷണല്‍ അലൂമിനിയം, ഡോ.റെഡ്ഡീസ് തുടങ്ങിയ മുന്‍നിര ഓഹരികളുടെ വിലകള്‍ ഇടിഞ്ഞു.
എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വില്‍പന സമ്മര്‍ദ്ദം വ്യാഴാഴ്ച ഓഹരി വിപണിയില്‍ വന്‍ ഇടിവിന് വഴി തെളിച്ചു.ബി.എസ്.ഇ.സൂചിക 571പോയിന്റ് കുറവോടെ 13094 പോയിന്റിലും, എന്‍.എസ്.ഇ.നിഫ്റ്റി സൂചിക 168പോയിന്റ് ഇടിവോടെ 3926പോയിന്റിലുമാണ് അന്നേ ദിവസം വ്യാപാരം പൂര്‍ത്തിയാക്കിയത്.ബി.എസ്.ഇ.യില്‍ 5643കോടി രൂപയുടെ വ്യാപാരം രേഖപ്പെടുത്തി.വ്യാപാരം നടന്ന ഓഹരികളില്‍ 1871എണ്ണം നഷ്ടത്തിലായി.754എണ്ണം ലാഭമുണ്ടാക്കുകയും,58ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു.ഐ.സി.ഐ.സി.ഐ.ബാങ്ക്, ഡി.എല്‍.എഫ്, ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ, ജന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ മുന്‍നിര ഓഹരി വിലകള്‍ ഇടിഞ്ഞു.
വാരാന്ത്യ ഓഹരി വ്യാപാര ദിനമായ വെള്ളിയാഴ്ച ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയുണ്ടായി. ബ്ലൂ ചിപ്പ് ഓഹരികളിലുണ്ടായ വാങ്ങലാണ് പ്രധാനമായും വിപണിയുടെ കയറ്റത്തിന് കാരണമായിത്തീര്‍ന്നത്. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന വാര്‍ത്തയും വിപണിക്ക് ഉത്തേജനം നല്‍കിയതായി വിലയിരുത്താം.ബി.എസ്.ഇ. സൂചിക 360 പോയിന്റ് ഉയര്‍ച്ചയോടെ 13454 പോയിന്റിലും നിഫ്റ്റി സൂചിക 91 പോയിന്റ് നേട്ടത്തോടെ 4016 പോയിന്റിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ ഗണ്യമായി മുന്നേറി. മെറ്റല്‍സ് വിഭാഗം ഓഹരികള്‍ക്ക് വില്‍പന സമ്മര്‍ദ്ദമുണ്ടായി.ബി.എസ്.ഇ.യില്‍ വ്യാപാരം നടന്ന 2677 ഓഹരികളില്‍ 1696 എണ്ണം നേട്ടമുണ്ടാക്കുകയും,898 ഓഹരികള്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു. 83 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.ഓഹരി വിപണിക്ക് നഷ്ടമുണ്ടായ വാരമായി പോയ വാരത്തെ വിലയിരുത്താവുന്നതാണ്.



del.icio.us
Digg