Home | അന്താരാഷ്‌ട്രം | മാങ്കുളവും സൈന്യം പിടിച്ചു; പുലികള്‍ക്ക്‌ കനത്ത നഷ്ടം

മാങ്കുളവും സൈന്യം പിടിച്ചു; പുലികള്‍ക്ക്‌ കനത്ത നഷ്ടം

Font size: Decrease font Enlarge font
image മാങ്കുളത്ത്‌ പുലികളെ തുരത്തി മുന്നേറുന്ന ശ്രീലങ്കന്‍ സൈനികര്‍

കൊളംബോ: തമിഴ്‌ പുലികള്‍ക്ക്‌ കനത്തനാശനഷ്ടമേകി ശ്രീലങ്കന്‍ സേന മാങ്കുളവും പിടിച്ചെടുത്തു. വര്‍ഷങ്ങളായി എല്‍ ടി ടി ഇയുടെ ശക്തിദുര്‍ഗമായി അറിയപ്പെടുന്ന മാങ്കുളത്ത്‌ മൂന്ന്‌ ദിവസം നീണ്ട രൂക്ഷപോരാട്ടത്തിനൊടുവിലാണ്‌ സേന നിയന്ത്രണത്തിലാക്കിയത്‌. പോരാട്ടത്തില്‍ നിരവധി പുലികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ലങ്കയുടെ വടക്കന്‍ മുനമ്പിലുള്ള ജാഫ്നയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ്‌ മാങ്കുളം സ്ഥിതി ചെയ്യുന്നത്‌. പട്ടണം പിടികൂടിയതോടെ സേനയുടെ മുന്നേറ്റത്തിന്‌ സഹായകമായെന്ന്‌ സേനാ മേധാവികള്‍ ലഫ്റ്റ്‌ ജനറല്‍ ശരത്‌ ഫൊന്‍സെക ചൂണ്ടിക്കാട്ടി. മാങ്കുളം കീഴടക്കിയതിന്‌ ശേഷം പത്തുകിലോമീറ്ററോളം വടക്കോട്ട്‌ മുന്നേറിയ സേന പാനി കാങ്കുളം എന്ന പട്ടണം കൂടി പിടിച്ചെടുത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.

പത്തുവര്‍ഷം മുമ്പ്‌ പുലികളില്‍ നിന്ന്‌ ഈ പ്രദേശങ്ങള്‍ സൈന്യം പിടികൂടിയിരുന്നെങ്കിലും നിയന്ത്രണം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ നിരവധി എല്‍ ടി ടി ഇ പ്രവര്‍ത്തകരെ വധിക്കുകയും മറ്റ്‌ കുറെപ്പേരെ തുരത്തുകയും ചെയ്തശേഷം സേന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി മേധാവി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പൂനേറില്‍ പട്ടണവും സേന പിടിച്ചെടുത്തിരുന്നു. തമിഴ്‌ പുലികള്‍ക്കെതിരെ സൈന്യം നേടിയ വിജയം ആഘോഷിച്ച്‌ ശ്രീലങ്കയില്‍ ഒരാഴ്ച നിലനിന്ന ആഘോഷം നടക്കുന്നതിനിടെയാണ്‌ പുതിയ മുന്നേറ്റം. ഈ മാസം മൂന്നാം വാരത്തില്‍ മരിച്ച കേഡറുകളെ അനുസ്മരിക്കാന്‍ എല്‍ ടി ടി ഇയും പരിപാടികള്‍ നടത്തുന്നുണ്ട്‌. പുലിനേതാവ്‌ പ്രഭാകരണ്റ്റെ ജന്‍മദിനമായ നവംബര്‍ 27-ന്‌ ഇയാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നും അറിയുന്നു. ഇതിനിടെ എല്‍ ടി ടി ഇ അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റ്‌ സൈന്യത്തിണ്റ്റെ അവകാശവാദങ്ങള്‍ നിഷേധിച്ചു. ജാഫ്നാ മുനമ്പിലെ മുഹാമലയില്‍ സൈന്യം നടത്തിയ സുപ്രധാന നീക്കം തകര്‍ത്തതായി വെബ്സൈറ്റ്‌ അവകാശപ്പെട്ടു. 20 ശ്രീലങ്കന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന്‌ വെബ്സൈറ്റ്‌ ചൂണ്ടിക്കാട്ടി.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0