അമേരിക്കയില്‍ മന്ത്രി കോടിയേരിക്കെതിരെ കരിങ്കൊടി പ്രകടനവും പ്രതിഷേധവും
കോടിയേരിയുടെ അവകാശവാദം പച്ചക്കള്ളം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. കരിങ്കൊടി പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളുമാണ് അമേരിക്കയില്‍ മന്ത്രിയെ കാത്തിരുന്നത്.നിരന്തരമായി അമേരിക്കന്‍ വിരുദ്ധനയങ്ങള്‍ കൈക്കൊള്ളുകയും, അമേരിക്കന്‍ പതാകയും പ്രസിഡന്റിന്റെ കോലവും കത്തിക്കുകയും, ബന്ദുകളും ഹര്‍ത്താലുകളും സ്ഥിരമായി നടത്തുകയും ചെയ്യുന്ന സി.പി.എമ്മിനും മന്ത്രിമാര്‍ക്കുമെനതിരെ ശക്തമായ സമരമാണ് അമേരിക്കന്‍ മലയാളികള്‍ നടത്തിയത്.
ഇന്ത്യയുടെ ഭാവിക്ക് ഏറ്റവും പ്രയോചനകരമായ ആണവകരാര്‍ സംഭാവന നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തെയും, ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ഹൈജാക്ക് ചെയ്യുവാന്‍ സി.പി.എം നടത്തിയ കോലാഹലങ്ങള്‍ അമേരിക്കന്‍ മലയാളികല്‍ ഈര്‍ഷ്യയോടെയാണ് നോക്കിക്കണ്ടതെന്ന് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയെ ഇത്രയധികം വെറുക്കുന്ന നേതാക്കളും, ഭരണാധികാരികളും അമേരിക്കയിലെ പ്രവാസിമലയാളികളുടെയും നാട്ടുകാരുടെയും സമ്പത്ത് സ്വപ്നം കാണുകയും, ഇവിടെയെത്തി കുടുംബസമേതം ഉല്ലസിക്കുന്നതിന് സംസ്ഥാന ഖജനാവിനെ ഉപയോഗിക്കുന്നതും ഔചിത്യമാണോ എന്ന് അമേരിക്കന്‍ മലയാളികള്‍ ചോദിച്ചു.
കേരളം അക്രമികളുടെയും തീവ്രവാദികളുടെയും പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന പ്രത്യേകസാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ സാന്നിദ്ധ്യം കേരളത്തിന് അത്യന്താപേക്ഷിതമായിരിക്കെ മന്ത്രിയുടെ അമേരിക്കന്‍ ഉല്ലാസയാത്രയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ മലയാളികള്‍ സംഘടിത റാലി സംഘടിപ്പിക്കുകയും കരിങ്കൊടി പ്രകടനം നടത്തുകയും ചെയ്തു.വികസനം കണ്ടുപഠിക്കുവാന്‍ സിങ്കപ്പൂരിലും, അമേരിക്കയിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പോകേണ്ട ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൂട്ടിച്ചു കെട്ടിയ കൊക്കക്കോളായും, ബി.എം.ഡബ്ലിയുവും സ്ഥിതിചെയ്യുന്ന നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ പോയി കണ്ടുപഠിച്ചാല്‍ പോരേയെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയുണ്ടായില്ല. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ മത്സരിച്ച് വികസനത്തില്‍ മുന്നേറുമ്പോള്‍, വിദേശകമ്പനികളെ ആകര്‍ഷിക്കുമ്പോള്‍, ഇക്കൂട്ടര്‍ കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് കമ്പനികളെയും, മറ്റ് ബിസിനസുകാരെയും തുരത്തിയോടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അമേരിക്കന്‍ മലയാളികള്‍ കുറ്റപ്പെടുത്തി.
അമേരിക്കന്‍ തെരെഞ്ഞെടുപ്പ് രീതികള്‍ വരെ കണ്ടു മനസിലാക്കുവാന്‍ അവസരം ലഭിച്ച ആഭ്യന്തരമന്ത്രിയടക്കമുള്ള കേരളനേതാക്കള്‍ ഇനിയെങ്കിലും അമേരിക്കയില്‍ അധിവസിക്കുന്ന, ജന്മനാടിന്റെ ഉയര്‍ച്ചയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഭാരതീയരെ ഓര്‍ത്തെങ്കിലും അമേരിക്കയോടുള്ള അന്ധമായ വിരോധം അവസാനിപ്പിക്കേണ്ടത് ഈ നൂറ്റാണ്ടിന്റെ ആവശ്യമാണെന്ന് അമേരിക്കന്‍ മലയാളികള്‍ ചൂണ്ടിക്കാട്ടി.
Rate this article



del.icio.us
Digg